കാസര്‍കോട്: കാസര്‍കോട് ചെമ്മനാട് മാവില റോഡില്‍ അനിയന്‍ ചേട്ടനെ കുത്തിക്കൊലപ്പെടുത്തി. മാവില റോഡിലെ ചന്ദ്രന്‍ ആണ് മരിച്ചത്. അനുജന്‍ ഗംഗാധരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍വാസികളുടെ മുന്‍പില്‍ വെച്ചായിരുന്നു ആക്രമണം.

ഇവര്‍ തമ്മിലുള്ള പ്രശ്‌നം തടയാന്‍ എത്തിയ രണ്ട് അയല്‍വാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജ്യേഷ്ഠനും അനിയനും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. മദ്യലഹരിയിലായിരുന്നു പ്രതി എന്നും പൊലീസ് പറയുന്നു. കുത്തേറ്റ ഉടനെ തന്നെ ചന്ദ്രനെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് ഗംഗാധരനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്.