പത്തനംതിട്ട: തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരില്‍ സിഐടിയു യൂണിയന്‍ നേതാവ് പിരിച്ച തുകയുടെ രസീത് ചോദിച്ചതിന് എന്‍എച്ച്എം ഡോക്ടര്‍ക്കെതിരേ പ്രതികാര നടപടി. ആരോഗ്യമന്ത്രി ഉള്‍പ്പെടുന്ന ഇടതു മുന്നണിയുടെ ഘടക കക്ഷിയുടെ സംസ്ഥാന നേതാവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകള്‍ കൂടിയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥലം മാറ്റിയത്. ഐ.എന്‍.എല്‍ സംസ്ഥാന വര്‍ക്കിങ് കമ്മറ്റിയംഗം എ.എസ്.എം ഹനീഫയാണ് ആക്ഷേപം ഉന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്.

ദേശീയ ആരോഗ്യ മിഷനില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും തെരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചു കൊണ്ട് യൂണിയന്‍ നേതാവ് ബന്ധപ്പെട്ടിരുന്നു. ഏറെ നാളായി വേതനം ലഭിക്കാത്തതിനാല്‍ ഇവര്‍ നല്‍കാന്‍ മടിച്ചു. എന്നാല്‍, വനിതാ ഡോക്ടര്‍ ഫണ്ട് നേതാവിന് ഗൂഗിള്‍ പേ ചെയ്തു കൊടുത്തു. ഇതു കണ്ട് മറ്റ് ജീവനക്കാരും നല്‍കി. നല്‍കിയ തുകയ്ക്കുള്ള രസീത് ഡോക്ടര്‍ ചോദിച്ചതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ഇദ്ദേഹം ഉടന്‍ തന്നെ സി.ഐ.ടി.യു നേതാക്കളെ ബന്ധപ്പെട്ട് ഡോക്ടറെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ ആരോഗ്യമന്ത്രി സ്ഥലം മാറ്റം റദ്ദാക്കാന്‍ ശ്രമിച്ചെങ്കിലും സി.ഐ.ടി.യു നേതാക്കള്‍ കടുംപിടുത്തം പിടിക്കുകയായിരുന്നുവെന്ന് പറയുന്നു.

ജനറല്‍ ആശുപത്രിയില്‍ കാഷ്വാലിറ്റി വിഭാഗത്തിലും ഓ.പി.യിലും ഡോക്ടര്‍മാരില്ലാതെ വലയുമ്പോഴാണ് നിലവില്‍ പ്രവൃത്തി പരിചയമേറെയുള്ള വനിതാ ഡോക്ടറെ കൂടി സ്ഥലം മാറ്റിയത്. ഡോക്ടര്‍മാരുള്‍പ്പെടെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി നിയമിതരായ എല്ലാ ജീവനക്കാര്‍ക്കും കഴിഞ്ഞ ആറുമാസമായി കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. സമരപരിപാടികള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് യൂണിയന്‍ നേതാവിന്റെ അറിയിപ്പ് വന്നത്. ജീവനക്കാര്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത യൂണിയനു വേണ്ടി ഇനിയും പിരിവു നല്‍കാന്‍ പലരും വിസമ്മതം പ്രകടിപ്പിച്ചു.

മുമ്പ് മെമ്പര്‍ഷിപ്പ് ഫീസ് ഉള്‍പ്പെടെ പണം പിരിക്കുന്നതിനൊന്നും യൂണിയന്‍ നേതാവ് രസീത് കൊടുക്കാറില്ല. തെരഞ്ഞെടുപ്പു ഫണ്ട് കൊടുത്തവര്‍ക്കും രസീത് കിട്ടാതെ വന്നപ്പോള്‍ വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ ചോദ്യം ചെയ്തതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ചില ജീവനക്കാരോട് ജോലി നഷ്ടപ്പെടുമെന്നുവരെ ഇയാള്‍ ഭീഷണി മുഴക്കിയത്രെ.

ജീവനക്കാരുടെ സംരക്ഷണത്തിനെന്ന് പറഞ്ഞാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാ എന്‍.എച്ച്.എം ജീവനക്കാരെയും ഉള്‍പ്പെടുത്തി സംഘടന രൂപീകരിച്ചത്. ഇതിന്റെ തലപ്പത്തുള്ളത് ഭരണകക്ഷി അനുഭാവിയായ ജീവനക്കാരനാണ്. പാര്‍ട്ടിയിലുള്ള സ്വാധീനവും യൂണിയന്റെ പേരും പറഞ്ഞ് ഇയാള്‍ സ്വന്തം ജോലി പോലും കൃത്യമായി ചെയ്യാറില്ല. ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള സംഘടനയുടെ പ്രവര്‍ത്തന രീതിയില്‍ അംഗങ്ങളും നിരാശരാണ്. യൂണിയന്‍ നേതാവിന്റെ ഇച്ഛയ്ക്കനുസരിച്ച് നിന്നില്ലെങ്കില്‍ സ്ഥലംമാറ്റവും പിരിച്ചുവിടലും ഉറപ്പാണെന്നും ഹനീഫയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.