ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിച്ചതിന് പിന്നാലെ കാബിനെറ്റ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് നിരാശയെന്ന വാർത്ത പുറത്തുവരുന്നതിനിടെ പ്രതികരണവുമായി താരം. മന്ത്രിസഭയിൽനിന്ന് രാജിവെക്കുന്നത് അജണ്ടയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജിവെക്കാൻ നീക്കംനടത്തുന്നതായുള്ള റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. സിനിമകൾ പൂർത്തീകരിക്കാനുള്ള ചില ധാരണകൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കി കേന്ദ്രസർക്കാരിന് നൽകും. സിനിമ തന്റെ പാഷനാണന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയാം. സിനിമകൾ ചെയ്തുതീർക്കാനുള്ള പദ്ധതികൾ തന്റെ കൈവശമുണ്ട്. അവ തീർക്കുന്നത് സംബന്ധിച്ച് ചില ധാരണകൾ ഉണ്ടാക്കേണ്ടതുണ്ട് എന്നതല്ലാതെ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചനയും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നില്ലെന്നും സഹമന്ത്രിസ്ഥാനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം. സിനിമകൾ പൂർത്തിയാക്കുന്നതിനുവേണ്ടി മന്ത്രിപദത്തിൽനിന്ന് മാറാൻ സുരേഷ് ഗോപി നീക്കംനടത്തുന്നതായി ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെ തള്ളുകയാണ് ഇപ്പോൾ സുരേഷ് ഗോപി.

ഇന്ന് രാവിലെ സുരേഷ് ഗോപി നടത്തിയ പ്രതികരണവും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മാധ്യമങ്ങളെ കണ്ടപ്പോഴാണ് സുരേഷ് ഗോപി തനിക്ക് സിനിമ ചെയ്യണം എന്ന് ആവർത്തിച്ചു പറഞ്ഞത്. "എനിക്ക് ഇതൊന്നും വേണ്ട എന്നു തന്നെയാണ് പറഞ്ഞിരുന്നത്. എനിക്കു തോന്നുന്നത് എന്നെ താമസിയാതെ റിലീവ് ചെയ്യുമെന്നാണ്. എനിക്ക് സിനിമ ചെയ്‌തേ മതിയാകൂ"- കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിറ്റേന്ന് മാധ്യമങ്ങളോട് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ.

റിലീവ് ചെയ്യുമെന്ന് എങ്ങനെ അറിയാമെന്ന ചോദ്യത്തോട്, എനിക്ക് അറിയാം. അതൊക്കെ അവര് തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി. സിനിമ തിരക്കു കൊണ്ടാണോ സഹമന്ത്രി സ്ഥാനം ലഭിച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഒന്നും ആവശ്യപ്പെട്ടതല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂർകാർക്ക് എന്നെ അറിയാം. ഒരു എംപി എന്ന നിലയ്ക്ക് തൃശൂർകാർക്ക് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

വകുപ്പ് അതാണെന്നൊന്നും അറിയില്ല. അതറിഞാലല്ലേ ഏതൊക്കെ എങ്ങനെയൊക്കെയുള്ള കാര്യങ്ങളിലാണ് ഇടപെടാൻ കഴിയുക എന്നറിയാനാകൂ. കേരളത്തിലേക്ക് എയിംസ് കൊണ്ടു വരിക എന്നതാണ് പ്രധാനം. അതിനായി ഒരു എംപി എന്ന നിലയ്ക്കു തന്നെ പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു എംപി എങ്ങനെ മറ്റു മന്ത്രിമാരുടെ അടുത്ത് നടക്കുമോ അതുപോലെ നടക്കണമെന്നാണ് വിചാരിക്കുന്നത്.

സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരുമായുള്ള തർക്കത്തിൽ ഇടപെടാനില്ല. ഒരു വെല്ലുവിളിയുമില്ല. ഫ്രഷ് ആയിട്ട് പുസ്തകം തുറന്ന് കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാകേണ്ടതിനെക്കുറിച്ച് മനസ്സിൽ എനിക്കൊരു രൂപമുണ്ട്. അതിന് ശ്രമിക്കും. തടസ്സപ്പെടുത്തിയാൽ തടസ്സപ്പെടുത്തട്ടെ. ജനങ്ങൾ അതു മനസ്സിലാക്കട്ടെ അത്രയേയൂള്ളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ നിന്നും മികച്ച വിജയത്തോടെ പാർലമെന്റിൽ എത്തിയിട്ടും കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ
സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ടുകളുണ്ട്. നാലു സിനിമകൾ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു.