പുതുവർഷം പിറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആഘോഷങ്ങൾക്കായി പദ്ധതി തയ്യാറാക്കുന്നവർ അല്പം കരുതലെടുത്താൻ നന്ന്. കുവൈറ്റിലെ പുതുവത്സരാഘോഷങ്ങളിൽ ഗവർന്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്.

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികളെടുക്കാനൊരുങ്ങുകയാണ് കുവൈറ്റ് ഗവർന്മെന്റ്. ഇതിനായിപൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു സുരക്ഷാസമിതി കുവൈറ്റ് ആഭ്യന്തരമാന്ത്രാലയം രൂപീകരിച്ചു

ടെന്റുകൾ, ഫാം ഹൗസുകൾ, ഹോട്ടലുകൾ തുടങ്ങി ന്യൂ ഇയർ ആഘോഷങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പ്രത്യേക നിരീക്ഷകരെ നിയോഗിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. രാജ്യത്തിന്റെ പൈതൃകത്തിനും സംസ്‌കാരത്തിനും നിരക്കാത്ത പരിപാടികൾ പുതു വർഷത്തിന്റെ പേരിൽ നടത്താൻ അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. സ്ത്രീ പുരുഷന്മാർ ഇടകലർന്ന് നടത്തപ്പെടുന്ന പാതിരാ പാർട്ടികൾ, മദ്യസൽക്കാരങ്ങൾ എന്നിവ പിടിക്കപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകും.

സമാധാനപൂർണമായ സാമൂഹ്യാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വച്ച് പൊറുപ്പിക്കില്ല. ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും നിയമ ലംഘനമാണ്. നിർദേശങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്തും സ്വദേശികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം ക്രിസ്മസ് സമാധാനപൂർവ്വം കൊണ്ടാടാൻ ക്രിസ്തുമത വിശ്വാസികൾക്ക് എല്ലാവിധ സഹായവും നൽകുമെന്ന് തന്നെ സന്ദർശിച്ച ക്രിസ്ത്യൻ സഭാ പ്രതിനിധികൾക്ക് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ് ജെനറൽ സുലൈമാൻ ഫഹദ് ഉറപ്പു നൽകി. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ് മുഹമ്മദ് ഖാലിദ് അൽ സബാഹിന്റെ ആശംസകൾ അദ്ദേഹം സഭാ മേധാവികളെ അറിയിക്കുകയും ചെയ്തു.