- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുസിലാൻഡിനെ പോലെ കോവിഡിനെ പേടിക്കുന്ന ഒരു രാജ്യം ലോകത്ത് വേറെയുണ്ടോ? കോവിഡ് വന്നാൽ 24 ദിവസം നിർബന്ധിത ക്വാറന്റൈൻ ആക്കി മാറ്റി ജസിന്ത; കോവിഡിനെ ഭയന്ന് ഒരു രാജ്യം ഇല്ലം ചുടുന്ന കഥ
വെല്ലിങ്ടൺ: ഭയമരുത്, കരുതലാണ് വേണ്ടതെന്നാണ് ലോകാരോഗ്യ സംഘടനയുടെ ജനറൽ സെക്രട്ടറി മുതൽ ഇങ്ങ് നാട്ടിൻപുറത്തെ വാർഡ് മെമ്പർമാർ വരെയുള്ളവർ ജനങ്ങളോട് പറയുന്നത്. മാത്രമല്ല, കോവിഡ് രഹിത ലോകം എന്നത് ഒരു നടക്കാത്ത സ്വപ്നം മാത്രമാണെന്നും, വ്യാപനം ചെറുക്കുന്നതിനേക്കാൾ പ്രായോഗികം കോവിഡിനൊപ്പം ജീവിക്കാൻ പരിശീലിക്കുക എന്നതാണെന്നും ഈ മേഖലയിലെ പല പ്രമുഖരും പറയുന്നുമുണ്ട്. ബ്രിട്ടൻ പോലുള്ള പല രാജ്യങ്ങളും, കോവിഡിനൊപ്പം ജീവിക്കാൻ ആരംഭിച്ചു കഴിഞ്ഞു.
ഈ പശ്ചാത്തലത്തിൽ വേണം ഇപ്പോൾ ന്യുസിലാൻഡിൽ നടപ്പാക്കുന്ന പുതിയ കോവിഡ് നിയന്ത്രണങ്ങളെ കാണുവാൻ. എലിയെ പേടിച്ച് ഇല്ലം ചുടാൻ ഒരുങ്ങുകയാണ് ന്യുസിലാൻഡ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. പുതിയ നിയമമനുസരിച്ച് കോവിഡ് ബാധിച്ചവർ 24 ദിവസത്തെ സെൽഫ് ഐസൊലേഷന് നിർബന്ധമായും വിധേയരാകണം. ന്യുസിലാൻഡിനെ കോവിഡ് രഹിത രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ ഈ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, ഇത്രയും ദീർഘമായ ക്വാറന്റൈൻ തികച്ചും അപ്രായോഗികമാണെന്നാണ് വിമർശകർ പറയുന്നത്. ഇത് ആളുകളെ രോഗപരിശോധന നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും അവർ പറയുന്നു. നിലവിൽ കോവിഡ് ബാധിച്ചവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈ ആണ് ഉള്ളത്. മാത്രമല്ല, ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന കുടുംബാംഗങ്ങളും ക്വാറന്റൈന് വിധേയരാകണം. ഇതാണ് ഇപ്പോൾ മൂന്നാഴ്ച്ചയിലധികം സമയത്തേക്ക് നീട്ടിയിരിക്കുന്നത്.
ശനിയാഴ്ച്ച പുതിയ 84 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഈ കർശന നിയമം പ്രഖ്യാപിച്ചത്. അതിൽ 43 എണ്ണം സമൂഹ വ്യാപനത്തിലൂടെ ഉണ്ടായ കോവിഡ് കേസുകളാണ്. 41 പേർക്ക് വിദേശത്തുനിന്നുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതിൽ ഒരാൾ ഓക്ക്ലാൻഡ് വിമാനത്താവളത്തിലെ ജീവനക്കാരനാണ്. ഇതോടെ രോഗവ്യാപനം കടുത്തേക്കാമെന്നും പ്രതിദിനം 1500 പേർ വരെ രോഗബാധിതരായേക്കാം എന്നുള്ള ആശങ്കയും ഉയർന്നിട്ടുണ്ട്.
അടുത്തയിടെ ജപ്പാനിൽ നടത്തിയ ഒരു പഠനത്തിൽ രോഗവ്യാപന ശേഷി അധികമുള്ള വൈറസുകൾക്ക് ഇൻകുബേഷൻ പിരീഡ് (വൈറസ് ശരീരത്തിൽ ബാധിച്ചതിനു ശേഷം ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ എടുക്കുന്ന സമയം) കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ കൊടി അടിസ്ഥാനത്തിലാണ് ഇപ്പോൾ ന്യുസിലാൻഡിൽ ക്വാറന്റൈൻ കാലാവധി വർദ്ധിപ്പിക്കുന്നത്. മാത്രമല്ല, രോഗവ്യാപന ശേഷി അധികമുള്ള വൈറസുകൾ ബാധിച്ചവർ അത് കൂടുതൽ കാലത്തേക്ക് പരത്തിക്കൊണ്ടിരിക്കും എന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.
എന്നാൽ, ജസിന്തയുടെ പുതിയ നിയമം രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുവാനേ സഹായിക്കൂ എന്നാണ് അവരുടെ വിമർശകർ പറയുന്നത്. പൊസിറ്റീവ് ആണെന്ന് തെളിഞ്ഞാൽ കൂടുതൽ ദിവസങ്ങൾ ക്വാറന്റൈനിൽ കഴിയേണ്ടതിനാൽ ആളുകൾ പരിശോധനക്ക് മടിക്കുമെന്നാണ് ഇവർ പറയുന്നത്. അതോടെ രോഗബാധിതർ സമൂഹത്തിൽ സ്വതന്ത്രമായി ഇടപെടുന്ന ഒരു സാഹചര്യം ഉടലെടുക്കുകയും അത് രോഗവ്യാപനം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തേയും വിതരണ ശൃംഖലയേയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മറുനാടന് ഡെസ്ക്