തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസിൽ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച്. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയിൽ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ലോക്കൽ പൊലീസ് നേരത്തെ കൊലപാതകം കുറ്റം മാത്രം ചുമത്തിയ കേസിൽ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചാർത്തി.

നിലവിലെ സാഹചര്യത്തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. കൊലക്കുറ്റം നിലനിൽക്കുന്നതിനാൽ തന്നെ ഹരികുമാറിന് മുൻകൂർ ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.

അതേസമയം ഡിവൈഎസ്‌പി ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷ തേടിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. നാളെയാണ് ഡിവൈഎസ്‌പി ഹരികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.

ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ടിൽ കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമതത്തിയതായും വ്യക്തമാക്കുന്നുണ്ട്. പ്രതികളെ സഹായിച്ചവരും തെളിവു നശിപ്പിച്ചവരും അടക്കം കേസിൽ കൂടുതൽ പ്രതികൾ ഉള്ളതിനാൽ തന്നെ പൊലീസിനെ കബളിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, സംഘംചേരൽ, മർദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ കൊലപാതക കേസ് മാത്രമായിരുന്നു ലോക്കൽ പൊലീസ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.

ഇതിനിടെ ഒളിവിൽ കഴിയുന്ന ഹരികുമാർ കേരളത്തിൽ തിരിച്ചെത്തിയതായി സൂചനയുണ്ട്. വൈകാതെ അദ്ദേഹം കീഴടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് സനലിന്റെ ഭാര്യ ഇന്ന് രാവിലെ എട്ടു മണിമുതൽ ഉപവാസ സമരം നടത്തും. കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിൻകരയിൽ സനലിനെ ഡിെൈവഎസ്‌പി ഹരികുമാർ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായിട്ടില്ല. അതിനിടെയാണ് ഹരികുമാറിന്റെ മുൻകൂര് ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കുന്നത്.