- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിത്ത് വിവാഹിതനായിരുന്നു; ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു; ആ കുടുംബ ജീവിതം തകർത്താണ് നസിയയുമായി ബന്ധം സ്ഥാപിച്ചത്; പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു; മൂത്ത മകളുടെ വിവാഹത്തിന് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന് അറിഞ്ഞത്; സൈബർ സഖാക്കളുടെ ആരോപണം ശരിവച്ച് ജയചന്ദ്രനും; നെയ്യാർമെഡിസിറ്റിൽ അച്ഛന്റെ പേരു മാറിയത് എങ്ങനെ?
കോഴിക്കോട്: അനുപമയുടെ ചോരകുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി അനുപമയുടെ പിതാവും പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. ജയചന്ദ്രൻ എത്തുമ്പോൾ ആരോപിക്കുന്നത് സൈബർ സഖാക്കൾ നടത്തുന്ന അതേ ആക്രമണം. അനുപമയുടെ ഭർത്താവ് അജിത്തിന്റെ കുടുംബ കഥകളാണ് ജയചന്ദ്രൻ ചർച്ചയാക്കുന്നത്. മകളെ പിന്തുണച്ചെന്നോണം നടത്തിയ പ്രതികരണങ്ങൾ അജിത്തിനെതിരായ ആരോപണങ്ങളാണ്. എന്തുകൊണ്ട് താൻ അങ്ങനെ ചെയ്തുവെന്നതിന് ന്യായീകരണം.
കുട്ടിയെ ദത്ത് നൽകിയത് മകളുടെ ഇഷ്ടപ്രകാരമാണെന്ന് പറയുന്ന ജയചന്ദ്രൻ പങ്കജകസ്തൂരിയുടെ ആശുപത്രിയിൽ കുട്ടിയുടെ അച്ഛൻ പേരു മാറിയതിനെ കുറിച്ച് മിണ്ടുന്നില്ല. ബോധപൂർവ്വമായ ഗൂഢാലോചനയിൽ ആരോപിക്കപ്പെട്ടവയ്ക്ക് മറുപടി പറയുന്നുമില്ല. ശിശുക്ഷേമ സമിതിയിൽ ദത്തുകൊടുത്തതാണോ അമ്മത്തൊട്ടിലിൽ കൈമാറിയതാണോ എന്നതിനും വ്യക്തമായ ഉത്തരമില്ല. . താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തിൽ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജയചന്ദ്രൻ പറഞ്ഞു. കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ സമ്മതത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കുമ്പോഴും അജിത്തിനെതിരായ കടന്നാക്രമണമാണ് നടത്തുന്നത്. തന്നെ പോലെ ഇതേ പ്രതിസന്ധിയിലാകുന്ന എല്ലാ മാതാപിതാക്കളും ചെയ്യണമെന്നാണ് ജയചന്ദ്രൻ ഉപദേശം.
'നിങ്ങൾക്ക് രണ്ട് പെൺകുട്ടികളുണ്ടെന്നും ഇതിൽ ഇളയകുട്ടി ഒരാളുമായി പ്രണയത്തിലാണെന്നും സങ്കൽപ്പിക്കുക. കരുതലും സ്നേഹവുമുള്ള ഒരച്ഛൻ മകൾ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങൾ അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എല്ലാ അച്ഛന്മാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക'-ഇതാണ് ജയചന്ദ്രന് പറയുന്ന വാദം. നേരത്തെ ഏഷ്യാനെറ്റഅ ന്യൂസിലെ ചർച്ചയ്ക്കിടെ എല്ലാം പാർട്ടി അറിവോടെയാണെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ ആ വിഷയത്തിൽ ഇപ്പോൾ മറുപടിയില്ല. ഈ കേസിൽ സർക്കാരിന്റെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പരസ്യ പ്രതികരണത്തിലൂടെ അജിത്തിനേയും അനുപമയേയും ജയചന്ദ്രൻ കടന്നാക്രമിക്കുന്നത്.
മകളുടെ കുട്ടിയെ ദത്തുകൊടുക്കണമെന്ന് തനിക്ക് ആഗ്രഹമില്ലായിരുന്നു എന്നാണ് ജയചന്ദ്രൻ പറഞ്ഞു വയ്ക്കുന്നത്. എന്നാൽ പങ്കജകസ്തൂരി ആശുപത്രിയായ നെയ്യാർമെഡി സിറ്റിയിൽ കുട്ടിയുടെ അച്ഛൻ പേരും മേൽവിലാസവും ആരാണ് മറ്റ് നൽകിയതെന്ന ചോദ്യത്തിന് ഉത്തരമില്ല. മലപ്പുറത്തെ ആശുപത്രിയിൽ അനുപമയെ പ്രസവത്തിനായി കൊണ്ടു പോയതിന് പിന്നിലെ ഗൂഢാലോചനയും വിശദീകരിക്കുന്നില്ല. മറിച്ച് കുട്ടിയെ കൈമാറിയത് മകളുടെ താൽപ്പര്യ പ്രകാരമാണെന്ന് പറഞ്ഞു വയ്ക്കുകയാണ് അച്ഛൻ. തന്റെ മകൾ നെയ്യാർമെഡിസിറ്റിയിൽ പ്രസവിച്ചിട്ടില്ലെന്ന് വരുത്താനാണ് അഡ്രസ് മാറ്റിയതെന്നാണ് സൂചന.
'അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകിയിരുന്നു. ഏറെ സ്നേഹവും ലാളനയും പിന്തുണയും നൽകിയാണ് മകളെ വളർത്തിയത്. ഡിഗ്രി അവസാന വർഷ വേളയിലാണ് മകൾ അജിത്തുമായി പ്രണയത്തിലാകുന്നത്. ഏതു വെല്ലുവിളികളെയും നേരിടാൻ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളർത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. അവൾ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു'-മാതൃഭൂമിയോട് ജയചന്ദ്രൻ പറഞ്ഞത് ഇങ്ങനെയാണ്. ദത്ത് കേസിൽ കോടതിയിൽ ജയചന്ദ്രനും ഭാര്യയും മകളും മരുമകനും രണ്ട് സുഹൃത്തുക്കളും ജാമ്യ ഹർജി നൽകിയിട്ടുണ്ട്.
'അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകർത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാൽ അവൾ അതൊന്നും കേൾക്കാൻ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്'-ജയചന്ദ്രൻ പറയുന്നു.
'ഈ സാഹചര്യത്തിൽ ഒരച്ഛനും കുടുംബനാഥനുമെന്ന നിലയിൽ നിങ്ങൾ പൂർണമായും തകർന്നുപോകില്ലേ? എല്ലാ ധൈര്യവും സംഭരിച്ച് ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് താൻ ശ്രമിച്ചത്. കാര്യങ്ങളെല്ലാം ഞങ്ങൾ അറിയുമ്പോൾ അനുപമ എട്ടുമാസം ഗർഭിണിയായിരുന്നു. അന്നവളെ പരിചരിക്കാൻ ആരുമുണ്ടായിരുന്നില്ല. ആസമയത്ത് ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു? ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കിൽ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലല്ലായിരുന്നു അനുപമ. മുന്നിൽ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിൽ ഏൽപ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ ഞങ്ങൾ കൂട്ടായി തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു'. 'പ്രസവിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. ഇതിനുശേഷം എല്ലാം ശാന്തമായി. കയ്പേറിയ ഭൂതകാലം മറന്ന് എല്ലാവരും സന്തോഷിച്ചു. ഇതിനിടെ മൂത്ത മകളുടെ കല്യാണവും കഴിഞ്ഞു'.
'പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കിൽ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് മകളോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യവും അറിഞ്ഞത്. ആ സമയത്താണ് അജിത്ത് നസിയയുമായി വിവാഹ മോചനം നേടിയത്. മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. കുട്ടിയെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിർത്തിട്ടില്ല. കുഞ്ഞിനെ തിരികെ കൊടുക്കരുതെന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞോ? കുഞ്ഞിനെ നൽകാനുള്ള അവളുടെ തീരുമാനത്തെ ഞാൻ പിന്തുണച്ചു. ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെങ്കിൽ അത് തടയാൻ ഞാൻ ആരാണ്? ഇത് നിയമപരവും വകുപ്പുതലത്തിലുമുള്ള പ്രശ്നമാണ്. ഇതിൽ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ല. അനുപമ തന്റെ മകളാണ്. എല്ലാത്തിനുപരിയായ ഞങ്ങൾ അവളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. എന്റെ കഷ്ടപ്പാടുകൾ നിങ്ങൾ അനുഭവിക്കുമ്പോൾ മാത്രമേ മനസിലാകു' - അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ