തിരുവനതപുരം: നെയ്യാർ-പേപ്പാറ വന്യജീവി സംരക്ഷണകേന്ദ്രത്തിനു ചുറ്റും പരിസ്ഥിതി സംവേദക മേഖല(പരിസ്ഥിതി ലോല പ്രദേശം) നിശ്ചയിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു മുന്നോടിയായി കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ മാർച്ച് 23ന് പുറപ്പെടുവിച്ചിരുന്നു. ഇതിനെ എതിർത്തു അഭിപ്രായം രേഖപെടുത്താനുള്ള സമയം ഈ മാസം ഇരുപത്തിയഞ്ചു വരെയായിരുന്നു. ഇതാണ് കോടതി ഇടപടെലിൽ നീട്ടുന്നത്. നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിച്ച ശേഷമേ തുടർനടപടി സ്വീകരിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അമ്പൂരി, കള്ളിക്കാട്, കാട്ടാക്കട, വിതുര എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളെയും കാർഷികവൃത്തിയെയും ഗുരുതരമായ പ്രതിസന്ധിയിൽ ആഴ്‌ത്തുന്ന ഒരു നടപടി ആയിരിക്കും ഭാവിയിൽ ഉണ്ടാകുക എന്ന വിലയിരുത്തലിലാണ് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ) ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതപരമായ വിവിധ കാരണങ്ങൾ കൊണ്ടാണ് ഇതിനെ എതിർക്കുന്നതെന്ന് കിഫ പറുന്നു. മുൻപ് പരിസ്ഥിതി സംവേദക മേഖല ആയ മേഖലകളിൽ കൃഷിഭൂമി ഉപയോഗശൂന്യമാകുന്നതു കൊണ്ടു അഭയാർത്ഥികളെ പോലെ അവിടെ നിന്നും പലായനം ചെയ്യേണ്ടി വരുന്നത് കിഫ വളരെ ഗൗരവമായി ആണ് കാണുന്നത്.

ഗൂഡല്ലൂർ-നീലഗിരി മേഖല ഇതിനു നല്ലൊരുദാഹരണം ആണ്. സാധാരണ ജനങ്ങൾക്ക് ഇതിന്റെ അപകടം മനസിലാകാതെയിരിക്കാൻ കരട് മലയാളത്തിൽ പ്രസിദ്ധീകരിക്കാതെ മനഃപൂർവ്വം ഒഴിഞ്ഞു മാറുകയായിരുന്നു അധികൃതർ. ഇക്കാരണത്താൽ ഈ നോട്ടിഫിക്കേഷൻ മലയാളത്തിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ച ശേഷം ജനങ്ങൾക്ക് അവരുടെ എതിർപ്പ് അറിയിക്കാൻ 60 ദിവസം കൂടി നൽകിയ ശേഷമേ തുടർനടപടികൾ ആകാവൂ എന്ന നിർദ്ദേശം നൽകാൻ ആവശ്യപ്പെട്ടു കിഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇത് പരിഗണിച്ചാണ് കോടതിയുടെ താൽക്കാലിക ഉത്തരവ്. ഇതു പ്രകാരം താത്കാലിക ഉത്തരവിൽ നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിച്ച ശേഷമേ തുടർനടപടി സ്വീകരിക്കാവൂ എന്ന് കോടതി ഉത്തരവ് നൽകി. ഈ ഉത്തരവിന്റെ ആനുകൂല്യം ഉപയോഗിച്ചുകൊണ്ട് പരമാവധി ആളുകൾ പ്രസ്തുത വിജ്ഞാപനത്തിനെതിരെ നെതിരെ പരാതികൾ അയക്കണം എന്ന് കിഫ സംസ്ഥാന സമിതി ആഹ്വാനം ചെയ്തു നെയ്യാർ, പേപ്പാറ വന്യ ജീവി സങ്കേതങ്ങളുടെ ചുറ്റളവിൽ 2.72 കിലോമീറ്റർ വരെയുള്ള പ്രദേശം സംരക്ഷിത വനമേഖലയായി നിർദ്ദേശിച്ചാണ് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം.

നാല് പഞ്ചായത്തുകളിലെ ജനവാസപ്രദേശങ്ങളും നിർദ്ദിഷ്ട സംരക്ഷിത വനമേഖലയിൽ ഉൾപ്പെടും. ജനവാസപ്രദേശങ്ങളെ ഒഴിവാക്കണമെന്നാണ് പഞ്ചായത്തുകളുടെ ആവശ്യം. ജൈവവൈവിധ്യം, വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ സാന്നിധ്യം, മേഖലയുടെ ഭൂമിശാസ്തരപരമായ പ്രത്യേകത തുടങ്ങി വിവിധ കാരണങ്ങൾ പരിഗണിച്ചാണ് പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കുന്നത്. സങ്കേതങ്ങളുടെ പടിഞ്ഞാറ് ഭാഗത്തേക്ക് 2.72 കിലോമീറ്റർ, വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് 2.39 കിലോമീറ്റർ, തെക്ക്-പടിഞ്ഞാറ് ഭാഗത്തേക്ക് 1.16 കിലോമീറ്റർ, തെക്ക് ഭാഗത്ത് 0.22 കിലോമീറ്റർ. ഇങ്ങനെയാണ് നിർദ്ദിഷ്ട സംരക്ഷിത മേഖല. സംരക്ഷിത മേഖലയിൽ ഖനനവും പാറമകളും വൻകിട വ്യവസായങ്ങളും അനുവദിക്കില്ല.

ജലവൈദ്യുതി പദ്ധതികൾ, വൻകിട ഫാമുകൾ, തടിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, ചൂളകൾ, വിറകിന്റെ വ്യാവസായിക ഉപയോഗം, സ്ഫോടക വസ്തുക്കളുടെ സംഭരണം, എന്നിവയും അനുവദിക്കില്ല. അനുവാദമില്ലാതെ മരം മുറിക്കാനാകില്ല. ഒരു കിലോമീറ്റർ ചുറ്റളവിൽ പുതിയ ഹോട്ടലുകളോ റിസോർട്ടുകളോ അനുവദിക്കില്ല. വീട് നിർമ്മാണവും റോഡ് വികസനവും അനുവദിക്കും. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടാകും.

കരട് വിജ്ഞാപനം അനുസരിച്ച് അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളുടെ പ്രദേശങ്ങൾ സംരക്ഷിത മേഖലയിൽ ഉൾപ്പെടും. അമ്പൂരി പഞ്ചായത്തിന്റെ ഒൻപത് വാർഡുകളാണ് സംരക്ഷിത മേഖലയിലുൾപ്പെടുക. 2019ൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് നിർദ്ദേശങ്ങൾ തേടിയിരുന്നു. ജനവാസമേഖലകൾ പൂർണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാനം അന്ന് കേന്ദ്രത്തെ അറിയിച്ചത്. പേപ്പാറ, നെയ്യാർ സങ്കേതകളുടെ അതിർത്തിയും നിശ്ചയിച്ച് അറിയിച്ചിരുന്നില്ല.

കരട് വിജ്ഞാപനത്തിൽ അറുപത് ദിവസത്തിനുള്ളിൽ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും അഭിപ്രായം അറിയിക്കാമെന്നായിരുന്നു നിലപാട്. ഇതിന് ശേഷമായിരിക്കും അന്തിമ വിജ്ഞാപനവും, സംരക്ഷിത മേഖലയ്ക്കായുള്ള മാസ്റ്റർ പ്ലാനും വരിക. എന്നാൽ വിജ്ഞാപനം മലയാളത്തിലായിരുന്നില്ല. ഇതുയർത്തിയാണ് കിഫ കോടതിയെ സമീപിച്ചത്.