- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലരാമപുരം - കളിയിക്കാവിള റോഡിൽ 20 വർഷമായി റീ ടാറിങ് ഇല്ല; ശശി തരൂർ എംപിയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ; കോലം റോഡിലെ കുഴിയിൽ ഇട്ട് കത്തിച്ചു
തിരുവനന്തപുരം: ബാലരാമപുരം മുതൽ കളിയിക്കവിള വരെയുള്ള റോഡ് 20 വർഷമായി റീടാറിങ് നടത്താത്തതിൽ പ്രതിഷേധം. ശശി തരൂർ എംപിയുടെ കോലം റോഡിലെ കുഴിയിലിട്ട് കത്തിച്ച് നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലർമാർ.
നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിലെ റോഡിലെ കുഴിയിൽ ഇട്ടാണ് ബിജെപി കൗൺസിലർമാർ ശശി തരൂരിന്റെ കോലം കത്തിച്ചത്. തരൂരിന്റെ കാലത്ത് ബാലരാമപുരം - കളിയിക്കാവിള റോഡ് ജനങ്ങളുടെ നടുവൊടിക്കുന്ന കുണ്ടും കുഴിയും നിറഞ്ഞ അപകടം പിടിച്ച റോഡ് ആയി മാറിയെന്ന് അവർ ആരോപിച്ചു. ജനങ്ങളുടെ ദുരിതയാത്ര കാണാത്ത എംപിക്കെതിരായ പ്രതിഷേധമാണ് ഇതെന്നും അവർ പറഞ്ഞു.
കരമന - കളിയിക്കാവിള ദേശീയപാതയുടെ ഭാഗമാണ് ഈ റോഡ്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പാതിവഴിയിൽ നിലച്ചപ്പോൾ ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള റോഡ് നരകപാതയായി. ഇരുപത് വർഷമായി റീടാറിങും നിലച്ചതോടെ ഇതിലൂടെയുള്ള യാത്ര ദുർഘടം പിടിച്ചതാകുകയായിരുന്നു.
ആലുംമൂട് വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജകൃഷ്ണ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ അഡ്വ : സ്വപ്നജിത്ത്, വേണുഗോപാൽ, മരങ്ങലി ബിനു, യുവമോർച്ച നേതാക്കളായ രാമേശ്വരം ഹരി, ചന്ദ്രകിരൺ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ