- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജന്റേയും അമ്പിളിയുടേയും മൃതദേഹം താമസിക്കുന്ന വീട്ടുവളപ്പിൽ തന്നെ സംസ്‌കരിക്കാൻ കുഴിയെടുത്ത ഇളയമകൻ രാഹുലിന്റെ ദൃശ്യങ്ങൾ കേരളത്തിന്റെ നൊമ്പരമായി; ഓടിയെത്തി പറ്റിക്കാൻ ശ്രമിച്ചവരെ എല്ലാം ആ കുട്ടികൾ ഓടിച്ചു വിട്ടു; ബോബി ചെമ്മണ്ണൂരും അങ്ങനെ ആ വഴിക്ക് പോയി; ഒടുവിൽ നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് വീടായി
നെയ്യാറ്റിൻകര: ബോബി ചെമ്മണ്ണൂരിന്റെ ആ ചെക്കു നൽകൽ കൊണ്ട് ഒരു ഫലമുവുണ്ടായില്ല. കാര്യകാരണങ്ങൾ സഹിതം കുട്ടികൾ ഇടപെടൽ നടത്തിയപ്പോൾ ബോബി ചെമ്മണ്ണൂർ അപ്രത്യക്ഷനായി. എന്നിട്ടും ആ കുരുന്നുകൾ വഴിയാധാരമായില്ല. സുമനസ്സുകൾ സഹായവുമായി നിലകൊണ്ടു. കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിലെ രാജൻ അമ്പിളി ദമ്പതികളുടെ മക്കൾക്ക് ഒടുവിൽ കിടപ്പാടമാകുമ്പോൾ നിറയുന്നത് ചാലക്കുടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 'ഫിലോകാലിയ' എന്ന സന്നദ്ധ സംഘടനയുടെ സ്‌നേഹ വായ്‌പ്പാണ്.
രാഹുലിനും രഞ്ജിത്തിനും വേണ്ടി നിർമ്മിച്ചു നൽകുന്ന വീടിന്റെ പാലുകാച്ച് നാളെ രാവിലെ 10ന് നടത്തും. മാർച്ച് 22ന് ആണ് വീടിനു തറക്കല്ലിട്ടത്. മൂന്നു സെന്റിൽ 600 ചതുരശ്ര അടിയിലാണ് വീട്. 2020 ഡിസംബർ 22ന് ആണ്, നെയ്യാറ്റിൻകര വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ രാജനും ഭാര്യ അമ്പിളിയും കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ചത്.
ദമ്പതികളുടെ മരണത്തെ തുടർന്ന് ഇവർ താമസിക്കുന്ന ഭൂമി ഏറ്റെടുത്ത് അവിടെ വീടു നിർമ്മിച്ചു നൽകുമെന്നു സർക്കാർ വാഗ്ദാനം നൽകിയിരുന്നു. വീടു നിർമ്മിക്കാനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം മൂലം നിർമ്മാണം നടത്താനായില്ല. ഇതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരും വീട് നിർമ്മിച്ചു നൽകാമെന്ന് അറിയിച്ചിരുന്നു.
ഒരു വർഷത്തിനു ശേഷവും സർക്കാർ വാഗ്ദാനം നടപ്പായില്ല. ഇതെല്ലാം ചർച്ചയായെങ്കിലും പിന്നീട് ബോബി ചെമ്മണ്ണൂർ ആ വഴിക്ക് വന്നില്ല. തുടർന്നാണ്'ഫിലോകാലിയ' എന്ന സന്നദ്ധ സംഘടന എത്തിയത്. കുട്ടികളുടെ ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞെത്തിയ അവർ കുട്ടികൾക്കു വീട് നിർമ്മിച്ചു നൽകുകയായിരുന്നു. സംഘടനയുടെ 'കൂട്' എന്ന പദ്ധതി പ്രകാരം നിർമ്മിക്കുന്ന 31ാമത്തെ വീടാണിതെന്നും ഫിലോകാലിയ മാനേജിങ് ഡയറക്ടർ ജിജി മാരിയോ, ജനറൽ മാനേജർ സന്തോഷ് ജോർജ് തുടങ്ങിയവർ അറിയിച്ചു.
രാജൻ അമ്പിളി ദമ്പതികളുടെ മൂത്ത മകൻ ആർ. രാഹുൽ രാജിന് മാർച്ചിൽ നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് ജോലി നൽകിയിരുന്നു. ഇത് സിപിഎം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ജപ്തിക്കിടെ ആത്മഹത്യ ഭീണണി മുഴക്കിയ ദമ്പതികൾ തീ ആളി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സഹായം വാഗ്ദാനം ചെയ്ത് നിരവധി പേർ എത്തി. കുട്ടികൾക്ക് വീട് വച്ച് നൽകുമെന്നും വിദ്യാഭ്യാസം ഉൾപ്പെടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സർക്കാർ അറിയിച്ചു. അഞ്ച് ലക്ഷം രൂപ യൂത്ത് കോൺഗ്രസ് സംഭാവന നൽകി. എന്നാൽ രാഹുലും രഞ്ജിത്തും ഒന്നേ ആവശ്യപ്പെട്ടുള്ളൂ; അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ നിന്ന് തങ്ങളെ ഇറക്കി വിടരുത്. ആ മക്കളുടെ കണ്ണീർ കണ്ട് ചെമ്മണ്ണൂർ ജൂവലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂർ രംഗത്തെത്തി.
തർക്കഭൂമിയും വീടും നിൽക്കുന്ന സ്ഥലം ഉടമസ്ഥ വസന്തയിൽ നിന്ന് ബോബി ചെമ്മണ്ണൂർ വില കൊടുത്ത് വാങ്ങിയെന്ന് പോലും വാർത്തകളെത്തി. എന്നാൽ ഇതിലെ നിയമസാധുത ചർച്ചയായി. ഇതോടെ വിവാദഭൂമി സർക്കാർ നൽകിയാലേ സ്വീകരിക്കൂവെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും പറഞ്ഞു. നിയമപരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണതെന്നും ഈ സ്ഥലമെങ്ങനെയാണ് വസന്തയ്ക്കു വിൽക്കാൻ കഴിയുകയെന്നും കുട്ടികൾ ചോദിച്ചു. ബോബി ചെമ്മണ്ണൂരിനെ വസന്ത തെറ്റിദ്ധരിപ്പിച്ചാണു വസ്തു കച്ചവടം ചെയ്തിരിക്കുന്നതെന്നും കുട്ടികൾ പറഞ്ഞു.
വസന്ത എന്ന സ്ത്രീയുടെ പേരിലല്ല പട്ടയമെന്നും സുകുമാരൻ നായർ, വിമല, കമലാക്ഷി എന്നീ മൂന്നു പേരുടെ പേരിലാണു പട്ടയമെന്നാണു വിവരാവകാശ രേഖയിൽ പറയുന്നതെന്നും കുട്ടികൾ പറഞ്ഞു. കോളനിയിലെ സ്ഥലം വിൽക്കാനാവില്ലെന്നും പാരമ്പര്യമായി കൈമാറ്റം ചെയ്യാനേ വ്യവസ്ഥയുള്ളൂവെന്നും കുട്ടികൾ പറയുന്നു. ബോബി ചെമ്മണ്ണൂർ കാണിച്ച മനസിന് നന്ദിയുണ്ടെന്നും രാഹുലും രഞ്ജിത്തും പറഞ്ഞിരുന്നു. വസന്ത തന്നെ പറ്റിച്ചതാണെങ്കിൽ അവർക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും കുട്ടികൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും താൻ ഒപ്പമുണ്ടാകുമെന്നും ബോബി പറഞ്ഞു മടങ്ങി. എന്നാൽ വസന്തയ്‌ക്കെതിരെ കേസും കൊടുത്തില്ല. പിന്നീട് ബോബി കുട്ടികളെ കുറിച്ച് ഓർത്തതുമില്ല.
നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജൻ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയൽവാസിയായ വസന്ത നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജൻ ഭാര്യ അമ്പിളിയെ ചേർത്തുപിടിച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിയവെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് രാജനും ഭാര്യ അമ്പിളിയും മരണത്തിനു കീഴടങ്ങിയത്.
രാജന്റേയും അമ്പിളിയുടേയും മൃതദേഹം താമസിക്കുന്ന വീട്ടുവളപ്പിൽ തന്നെ സംസ്‌കരിക്കാൻ കുഴിയെടുത്ത ഇളയമകൻ രാഹുലിന്റെ ദൃശ്യങ്ങൾ കേരളത്തിന്റെ നൊമ്പരമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ