- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് ലൈഫ് പദ്ധതിയിൽ വീട്; നിർമ്മാണം നടത്തുക പത്ത് ലക്ഷം രൂപ മുടക്കി; തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെുവിച്ചു; മാതാപിതാക്കളെ അടക്കിയ ഭൂമിയിൽ തന്നെയാകുമോ നിർമ്മാണം എന്ന കാര്യത്തിൽ അവ്യക്തത; കുട്ടികൾക്ക് മനംമാറ്റം വന്നാൽ ബോബി ചെമ്മണ്ണൂരിനെ കൊണ്ട് ഭൂമി വാങ്ങി നൽകാനുള്ള ശ്രമങ്ങളും തുടർന്നു നാട്ടുകാർ
തിരുവനന്തപുരം: തർക്ക ഭൂമിയിലെ വീട് ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ ജീവൻ നഷ്ടമായ നെയ്യാറ്റിൻകര അതിയന്നൂരിലെ രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് സർക്കാർ വീടുവെച്ചു നൽകുന്നത് ലൈഫ് പദ്ധതിയുടെ ഭാഗമായി. മാതാപിതാക്കളെ അടക്കിയ ഭൂമി തന്നെ തങ്ങൾക്ക് സർക്കാർ ഇടപെട്ട് നൽകണമെന്ന് മക്കളായ രാഹുലും രഞ്ജിത്തും തുടർച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ് സ്വന്തമായി വീട് വെക്കാൻ ശേഷിയില്ലാത്തവർക്ക് വീട് വെച്ച് നൽകുന്ന ലൈഫ് പദ്ധതിയിൽ മുൻഗണന ക്രമത്തിൽ വീട് നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഇവർക്ക് വീടു വെച്ചു നൽകുന്നതിനായി ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് വെച്ച് നൽകുന്നത്. എന്നാൽ വീട് വെക്കുന്നത് നിലവിൽ രാഹുലും രഞ്ജിത്തും താമസിക്കുന്ന തർക്ക ഭൂമിയിലാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇവിടെ തന്നെ വീടു വേണമെന്ന് കുട്ടികൽ വാശി പിടിച്ചാൽ സർക്കാർ എന്തു തീരുമാനം കൈക്കൊള്ളുമെന്ന കാര്യത്തിൽ വ്യക്തയില്ല.
മറ്റെവിടെയെങ്കിലും വീടു വെച്ചു നൽകാനും സർക്കാർ തയ്യാറായേക്കും. ഡിസംബർ 31ന് ചേർന്ന മന്ത്രിസഭായോഗം അനാഥരായ രാഹുലിനും രഞ്ജിത്തിനും സ്ഥലവും വീടും ധനസഹായവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ തീരുമാനിച്ചിരുന്നു. അതേസമയം, തർക്കവസ്തു പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് തഹസിൽദാർ കലക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. ഭൂമി വസന്തയുടേതാണെന്ന് അതിയന്നൂർ വില്ലേജ് ഓഫിസും സ്ഥിരീകരിച്ചു.
വസന്തയിൽനിന്ന് ഭൂമി വാങ്ങി കൈമാറാൻ ബോബി ചെമ്മണ്ണൂർ ശ്രമിച്ചെങ്കിലും സർക്കാർ ഭൂമി നൽകിയാൽ മതിയെന്ന് പറഞ്ഞ് രാജന്റെയും അമ്പിളിയുടെയും മക്കൾ നിഷേധിച്ചിരുന്നു. അതേസമയം ബോബിയെ കൊണ്ടു തന്നെ ഭൂമി വിലയ്ക്കു വാങ്ങി കുട്ടികൾക്ക് നൽകാനുള്ള ശ്രമങ്ങളും ചിലർ ഇടപെട്ട നടത്തുന്നുണ്ട്. അതേസമയം ഈ വിഷയത്തിൽ ഇനി ബോബി ഇടപെടുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ചില സാമൂഹ്യ പ്രവർത്തകർ ഈ ഭൂമി വില കൊടുത്ത വാങ്ങി നൽകണമെന്ന് ബോബിയോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി ഇവിടെ ലഭിച്ചാൽ നിയമ സാധുത പരിശോധിച്ച് ഇവിടെ വീടു വെച്ചു നൽകാൻ സർക്കാർ തയ്യാറായേക്കും.
വസന്തയുടെ പരാതിയിലുണ്ടായ കോടതി വിധിയിൽ വീടൊഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു രാജൻ ഭാര്യയെ ചേർത്ത് പിടിച്ച് തീകൊളുത്തി മരിച്ചത്. വസന്ത ഭൂമി അന്യായമായി കൈവശം വച്ചതാണെന്നായിരുന്നു രാജന്റെ മക്കളും സമീപവാസികളും വാദിച്ചിരുന്നത്. സുഗന്ധ എന്നായാളിൽ നിന്നാണ് വസന്ത ഭൂമി വിലകൊടുത്ത് വാങ്ങിയത്. വസന്തയുടെ പക്കൽ ഭൂമിക്ക് കരമടച്ച രസീതടക്കമുണ്ടെന്നും തഹസീൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. വസന്തയിൽ നിന്ന് ഭൂമി വാങ്ങി ബോബി ചെമ്മണ്ണൂർ രാജന്റെ മക്കൾക്ക് നൽകാൻ തയ്യാറായിരുന്നെങ്കിലും അവർ സ്വീകരിച്ചിരുന്നില്ല.
വസന്ത അന്യായമായി കൈവശം വച്ചതാണ് ഈ ഭൂമിയെന്നും നിയമപരമായി ഇത് വാങ്ങാനോ വിൽക്കാനോ സാധിക്കില്ലെന്നുമായിരുന്നു അവരുടെ വാദം.
മറുനാടന് മലയാളി ബ്യൂറോ