- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നേനു ചാല ഡെയ്ഞ്ചറസ്'; ഇത് ആരാധകർക്കായുള്ള ലാലേട്ടേന്റെ അഴിഞ്ഞാട്ടം! സംവിധായകൻ അവകാശപ്പെട്ടതു പോലെ പക്കാ മാസ് മസാല; ബോട്ടോക്സ് ഇഞ്ചക്ഷൻ മൂലം ഭാവാഭിനയം അസാധ്യമായി എന്ന് സംശയിച്ചവർക്കുള്ള മഹാനടന്റെ മറുപടി; തിളച്ചു മറിയുന്ന ലാലിസം കാണേണ്ടവർക്ക് ആറാട്ടിന് ടിക്കറ്റ് എടുക്കാം!
ഒരു സിനിമയുടെ ആസ്വാദനം പലപ്പോഴും, അത് ഉയർത്തുന്ന പ്രതീക്ഷകളും, കിട്ടിയ റിസൾട്ടും തമ്മിലുള്ള അംശബന്ധമാണ്. സ്പിൽബർഗിനോട് കിടപിടിക്കുന്ന സിനിമയെന്നും, മലയാളത്തിന്റെ ലോക ക്ലാസിക്ക് എന്നൊക്കെയുള്ള തള്ളുകൾ കേട്ട്, എന്തോ മഹത്തായ ചിത്രം കാണാമെന്ന പ്രതീക്ഷയോടെ കയറിയതുകൊണ്ടാവണം, ആദ്യദിനത്തിൽ ഫാൻസുകാർ പോലും, 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിനെതിരെ പോസ്റ്റിട്ടത്. പക്ഷേ മോഹൻലാലിന്റെ പുതിയ ചിത്രം ആറാട്ടിനെക്കുറിച്ച് അതിന്റെ അണിയറ ശിൽപ്പികൾ ആരും തന്നെ ഇത്തരത്തിലുള്ള ഒരു അവകാശവാദം ഉന്നയിച്ചിട്ടില്ല.
സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ പറയുന്നത് ഇതൊരു അൺറിയലിസ്റ്റിക്ക് എന്റർടെയ്നറാണെന്നാണ്. ലോജിക്കോ കഥയോ പൊളിറ്റിക്കൽ കറക്ട്നസ്സോ ഒന്നും നോക്കാതെ തീയേറ്ററിൽ പോയി കണ്ടിരിക്കാവുന്ന പക്കാ മാസ് മസാല. വലിയ ചിന്തയൊന്നുമില്ലാതെ ഏവർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രം ഉണ്ടാക്കാൻ കഴിയുമോ, എന്ന മോഹൻലാലിന്റെ ചോദ്യത്തിൽനിന്നാണ് ആറാട്ട് ഉണ്ടായതെന്നും ബി ഉണ്ണിക്കൃഷ്ണൻ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ആറാട്ട് അതിന്റെ ലക്ഷ്യം നിർവഹിക്കുന്നുണ്ട്. നർമ്മവും, പാട്ടും, ഡാൻസും, ആക്ഷനും, പഞ്ച്ഡയലോഗുകളുമൊക്കെയായി ശരിക്കും ലാലേട്ടന്റെ ഒരു അഴിഞ്ഞാട്ടമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
ആനയെയും കടലിനെയും മോഹൻലാലിനെയും മലയാളികൾക്ക് എത്രകണ്ടാലും കൊതിതീരില്ലല്ലോ. ശരിക്കും ലാലിസത്തിന്റെ ആറാട്ടാണ് ഈ ചിത്രം. മോഹൻലാലിന്റെ മൂൻകാല ഹിറ്റുകളായ രാജാവിന്റെ മകൻ, മണിച്ചിത്രത്താഴ്്, ചന്ദ്രലേഖ, നരസിംഹം, ആറാം തമ്പുരാൻ, ബാലേട്ടൻ, തുടങ്ങി ലൂസിഫർവരെയുള്ള ഒരുപാട് ചിത്രങ്ങളിലെ ഡയലോഗുകളുടെയും റഫറൻസുകളിലൂടെയും ചിത്രം കടന്നുപോകുന്നു. ഒരു ലാൽ ആരാധകനെ സംബന്ധിച്ച് ഒരു പൂക്കാലം തന്നെയാണിത്.
അവിടെയാണ് പ്രശ്നവും. ഒരു ലാൽ ആരാധകനല്ലാത്ത പ്രേക്ഷനോട് ചോദിച്ചാൽ ചിത്രം ആവറേജ് മാത്രമാണ്. ഹിറ്റ്മേക്കർ ഉദയകൃഷ്ണക്ക് തന്റെ പഴയ മാജിക്ക് ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രാൻഡ് മാസ്റ്റർ പോലെ ലോക നിലവാരത്തോട് അടുത്തുനിൽക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ എടുത്ത, ബി ഉണ്ണികൃഷ്ണന്റെ ബ്രില്ല്യൻസും, ചിത്രത്തെ കലാപരമായി വിലയിരുത്തുമ്പോൾ കാണാൻ കഴിയില്ല. പക്ഷേ കലയേക്കാൾ കച്ചവടം മുന്നിൽനിൽക്കുന്ന സിനിമയാണിത്. അതിൽ അവർ നന്നായി വിജയിച്ചിട്ടുമുണ്ട്.
പക്ഷേ മറ്റൊർഥത്തിൽ നാം ഈ ചിത്രത്തിന് നന്ദി പറയണം. ആർപ്പുവിളികളും കയ്യടികളും അതിനിടയിലുള്ള കൂക്കിവിളികളും, കമന്റടികളുമൊക്കെയായി പഴയ ആ 'മോഹൻലാൽകാലത്തിന്റെ' തീയേറ്റർ എക്സ്പീരിയൻസ് തിരിച്ചുതന്നതിന്. കോവിഡ്കാലത്തിന്റെ നീണ്ട മരവിപ്പിനു ശേഷം തീയേറ്ററുകളെ ഉണർത്തിയ ചിത്രമാണിതെന്ന് നിസ്സംശയം പറയാം.
മുതലക്കോട്ടയിലെ ഗാനഭൂഷണം
പുതുമയും പ്രത്യേകതകളുമൊക്കെ അന്വേഷിക്കുന്നവർ നിരാശരാവുന്ന ചിത്രമാണിതെന്ന് ആദ്യമേ പറഞ്ഞുവല്ലോ. തന്റെ പതിവ് ശൈലിയിൽ, ഒരു നന്മ നിറഞ്ഞ നാട്ടിൻ പുറത്തെയാണ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ ഇവിടെയും അവതരിപ്പിക്കുന്നത്. മുതലക്കോട്ട എന്ന, കൃഷിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു പാലക്കാടൻ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമത്തിലെ തരിശു ഭൂമികൾ കൃഷിയോഗ്യമാക്കുക എന്ന പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് പഞ്ചായത്ത്. അതിന് നേതൃത്വം നൽകുന്നത് പഞ്ചായത്തും കൃഷി വകുപ്പും അതിന്റെ അമരക്കാരി രുഗ്മിണിയും, ( ചിത്രത്തിൽ രചനാ നാരായണൻകുട്ടി), പ്രളയകാലത്ത് ഗ്രാമത്തിന് കൈത്താങ്ങായി എത്തി, ഇവിടെ സ്ഥിരതാമസമാക്കിയ ബറ്റാലിയൻ എന്ന നാൽവർ സംഘവുമാണ്.
എന്നാൽ മത്തായിച്ചൻ എന്ന സ്ഥലത്തെ പ്രമാണിയുടെ ( വിജയരാഘാവൻ) 18 ഏക്കർ ഭൂമി വർഷങ്ങളായി കൃഷിയിറക്കാതെ തരിശായി കിടക്കയാണ്. ഒരു ടൗൺ ഷിപ്പ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് വേണ്ടി ആ നിലം നികത്തേണ്ടതുണ്ട്. മന്ത്രിമാരുടെ ഓഫീസ് കയറിയിറങ്ങിയിട്ടും മത്തായിച്ചന്, അത് തരംമാറ്റിയെടുക്കാനുള്ള അനുമതി കിട്ടിയിട്ടില്ല. പഞ്ചായത്തിന്റെ നടപടി ഒഴിവാക്കാനും നിലം നികത്താനും മത്തായിച്ചൻ കൊണ്ടു വരുന്നത് 'ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ' എന്ന തരികിടകളിൽ തിരികിടയെ ആണ്. ഈ സ്ഥലം പാട്ടത്തിനെടുത്ത് നിലംനികത്താനായി ഗോപൻ എത്തുന്നതും, അത് തടയാൻ ഗ്രാമീണരും പഞ്ചായത്തും ശ്രമിക്കുന്നതിലൂടെയാണ് ആറാട്ടിന്റെ കഥ വികസിക്കുന്നത്.
കഥയങ്ങോട്ട് പുരോഗമിക്കുമ്പോൾ തന്നെ നമുക്കറിയാം, ഇപ്പോൾ കണ്ട ആളല്ല ഈ ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ എന്ന്. അയാൾ ആരാണ് എന്നും എന്തിന് മുതലക്കോട്ടയിൽ വന്നുമെന്നൊക്കെ പറയുന്ന രണ്ടാംപകുതിയുടെ പകുതിക്ക്വെച്ച് ചിത്രം ഒരു സസ്പെൻസ് ത്രില്ലർ മോദിലേക്ക് ഉയരുന്നുണ്ട്. ആ ഒരു ട്രാക്ക് തുടക്കത്തിലേ പിടിച്ചിരുന്നെങ്കിൽ ഇത് ഒരു ഗംഭീര കൊമേർഷ്യൽ സിനിമയാകുമായിരുന്നെന്നാണ്് ഈ ലേഖകനൊക്കെ തോനുന്നത്. അവസാനം ലൂസിഫർ മോഡലിൽ നെയ്യാറ്റിൻകര ഗോപന്റെ വിശ്വരൂപം കാണിച്ചുകൊണ്ട് 'നേനു ചാല ഡെയ്ഞ്ചറസ്' എന്ന തെലുങ്ക് ഡയലോഗിൽ അവസാനിക്കുമ്പോൾ ആരാധകർ തുള്ളിച്ചാടുകയാണ്. അത്രയേ ഈ ചിത്രത്തിന്റെ അണിയറ ശിൽപ്പികളും ഉദ്ദേശിച്ചിട്ടുള്ളൂ. ( ശീതയുദ്ധാന്തരം ശത്രുക്കളില്ലാതായിപ്പോയതോടെ ഹോളിവുഡ് റാംമ്പോ സിനിമകൾ അന്യഗ്രഹ ജീവികളിലേക്ക് തിരിഞ്ഞിരുന്നു. ഈ ലോകത്ത് ഇനി യു.എസിന് ശത്രുക്കൾ ഇല്ലെന്ന മട്ടിൽ. അതുപോലെ വളർന്ന് വളർന്ന് എബ്രം ഖുറൈശി എബ്രത്തെപ്പോലെ, രാജ്യാന്തര തലത്തിലാണ് ഇനി മോഹൻലാലിന്റെ കളിയെന്ന് തോനുന്നു! ലോക്കലായ ശത്രുക്കളെയൊന്നും എടുക്കുന്നില്ല)
സ്പൂഫോ അതോ ലൈവ് കോമഡിയോ
അങ്ങനെയാണെങ്കിലും ഈ ചിത്രത്തോടുള്ള ഗുരുതരമായ വിയോജിപ്പുകളും എഴുതാതിരിക്കാൻ കഴിയില്ല. സെൽഫ് സ്പൂഫ് എന്ന പേരിൽ മോഹൻലാലിനെവെച്ച് ഒരുപാട് കോമാളിത്തരങ്ങൾ, ഇത്രയും എക്സ്പീരിയൻസുള്ള ഉദയകൃഷ്ണ എഴുതിപ്പിടിപ്പിക്കുമെന്ന് കരുതിയില്ല. ചന്ദ്രലേഖയിലെ പാട്ടുവെച്ച് തളർന്നുകിടക്കുന്ന ഇന്ദ്രൻസിനെ എണീപ്പിക്കുന്ന സ്പൂഫൊക്കെ ആരുടെ തലയിൽ വിരിഞ്ഞതാണോവോ. കോമഡിയുടെ പേരിലുള്ള ഭീകരക്രമണം ആദ്യപകുതിയിൽ പലയിടത്തുമുണ്ട്. നടൻ സിദ്ദീഖിന്റെ പൊലീസ് ഓഫീസർ കാണിക്കുന്ന മണ്ടത്തരങ്ങളും ഓവറാണ്. ഇയാൾ നെയ്യാറ്റിൻകര ഗോപന്റെ രേഖാചിത്രം ഉണ്ടാക്കുന്ന സീനുകളൊക്കെ ദയനീയമാണ്.
പൊളിറ്റക്കൽ കറക്ടനെസ്സിനെക്കുറിച്ച് പറയുന്ന ചിത്രമാണിത്. ജാതിവാൽ മറിച്ച കഥയും നെയ്യാറ്റിൻകര ഗോപൻ പറയുന്നുണ്ട്. പെൺകുട്ടികൾക്ക് വിവാഹമല്ല വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷേ അങ്ങനെ സ്ത്രീ സൗഹൃദമാവുന്ന ഗോപൻ തന്നെ, ആധുനിക കാലത്തിന് ഒട്ടും യോജിപ്പില്ലാത്ത ഡബിൾ മീനിങ്ങുള്ള സംസാരവും നോട്ടവുമൊക്കെയായി ഇടക്കിടെ സ്ത്രീ വിരുദ്ധനും ആവുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും കോമഡിയുടെ നർമ്മം ലോജിക്കുതന്നെയാണ്. മരണവീട്ടിൽ കോമഡി പറയുന്നവനെ വട്ടൻ എന്നാണ് പറയുക. ഈ ചിത്രത്തിൽ പലയിടത്തും കോമഡി യുക്തിരഹിതമാണ്. നടുറോഡിൽ ട്രാഫിക്ക് പരിശോധനക്കിടെ കാമുകിയെ വീഡിയോകോളിൽ വിളിച്ച് സെക്സ് കാണുന്ന ശ്രീജിത്ത് രവിയുടെ പൊലീസുകാരനൊക്കെ ഈ ടൈപ്പിൽ പെടുന്നതാണ്.
മലയാളത്തിലെ ഏറ്റവും വിലപിടിച്ച തിരക്കഥാകൃത്താണ് ഉദയകൃഷ്ണ. പുലിമുരുകൻ എന്ന മെഗാഹിറ്റിനുശേഷം ആദ്ദേഹം മോഹൻലാലിന് വേണ്ടി എഴുതിയ ചിത്രം പക്ഷേ, ഒരു കോമേർഷ്യൽ സിനിമയുടെ ആംഗിളിൽനിന്ന് നോക്കിയാലും വൃത്തിയായിട്ടില്ല. ഒരു നല്ല തുടക്കം, ഒരു ഗംഭീര ഇന്റർവെൽ പഞ്ച്, ഒരു അടിപൊളി ക്ലൈമാക്സ് എന്ന തായിരുന്നു, സിബി കെ തോമസിനൊപ്പം ഉദയകൃഷ്ണ എഴുതിയ തിരക്കഥകളുടെ ഫോർമാറ്റ്. ഒരു പ്ലോട്ടിലേക്ക് കൃത്യമായി കഥാപാത്രങ്ങളെ പ്ലേസ് ചെയ്തുകൊണ്ടുള്ള ആ പതിവ് കളി ഇവിടെ എത്രമാത്രം വിജയിച്ചുവെന്ന് പ്രേക്ഷകർ പരിശോധിക്കട്ടെ. അതുപോലെ കെജിഎഫ് മോഡൽ ഫൈറ്റ് എന്ന് ചില ആരാധകർ എഴുതുന്നതിലും സത്യമില്ല. നായകൻ ഏകപക്ഷീയമായ ഗുണ്ടകളെ അടിച്ചു പറപ്പിക്കുന്ന രംഗങ്ങൾ തന്നെയാണ് ഈ പടത്തിലും ഏറെയും. ചില വ്യത്യസ്തകൾ ഉണ്ടെങ്കിലും.
വിശദമായി പരിശോധിച്ചാൽ കുറ്റവുംകുറവും ഏറെയുള്ള ചിത്രം തന്നെയാണ് ആറാട്ട്. പക്ഷേ ഒരു മാസ് കൊമേർഷ്യൽ മൂവി എന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യം വെച്ചുനോക്കുമ്പോൾ നമുക്ക് അംഗീകരിക്കാമെന്നതേയുള്ളൂ. അതുപോലെ സാധാരണ സിനിമകൾ പുറത്തിറങ്ങും മുമ്പ് അതിന്റെ ബജറ്റിനെക്കുറിച്ച് ചില തള്ളലുകൾ പതിവാണ്. എത്രകോടി ചെലവിട്ട് എടുത്ത ചിത്രം എന്നതാണ് തള്ളലിലെ മുഖ്യ ഐറ്റം. എന്നാൽ ആറാട്ടിനെ സംബന്ധിച്ച് അങ്ങനെയൊന്ന് ഉണ്ടായിട്ടേയില്ല. അതും ഈ പടത്തിന്റെ പ്രത്യേകത തന്നെയാണ്.
തിളച്ചു മറിയുന്ന ലാലിസം
സംവിധായകൻ മോഹൻലാലിനെ അങ്ങോട്ട് കയറൂരി വിട്ടിരിക്കയാണ്. നടൻ എന്നതിലുപരി ലാലിലെ സൂപ്പർ താര പ്രഭാവത്തെയാണ് ചിത്രം ചൂഷണം ചെയ്തിരിക്കുന്നത്. ഊർജ്ജസ്വലതയോടെ നൃത്തം ചെയ്യുന്ന, മെയ് വഴക്കത്തോടെ സംഘട്ടനരംഗങ്ങൾ ചെയ്യുന്ന താരത്തെ ചിത്രത്തിൽ കാണാം. മരയ്ക്കാറിൽ അമിതവണ്ണംമൂലം കപ്പലിൽനിന്ന് താഴേക്ക് വീണ് പോകുമെന്ന് തോനുന്ന ലാലിനെയാണ് നാം കണ്ടതെങ്കിൽ, ഇവിടെ അദ്ദേഹം ഹൈ എനർജി പാക്കഡ് ആണ്. ഇത്രയും പ്രസരിപ്പോടെയും സുന്ദരനായും അടുത്തകാലത്ത് മോഹൻലാലിനെ കണ്ടിട്ടില്ല. മേക്കപ്പമാനും അഭിനന്ദനം അർഹിക്കുന്നു. സ്ഫ്ടികത്തിലെ മുണ്ടുരിഞ്ഞ് അടിപോലെ ആറാട്ടിലെ കാലുപിടിച്ചുള്ള മറച്ചിടലും ശ്രദ്ധയാകർഷിക്കുന്നുണ്ട്.
ഇടക്ക് രാജമാണിക്യം മോഡലിൽ നെയ്യാറ്റിൻ കര സ്ള്ാങ്ങിലും, ഇടക്ക് തെലുങ്കിലുമൊക്കെയായി ലാലിന്റെ പഞ്ച് ഡയലോഗുകൾ തീയേറ്ററിൽ കരഘോഷം ഉയർത്തുന്നുണ്ട്. വിന്റേജ് മോഹൻലാൽ എന്ന് മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട 'നൊസ്റ്റുവിൽ' പിടിച്ചാണ്, ഈ ചിത്രത്തിന്റെയും കളി. അത് വിജയിച്ചിട്ടുണ്ടെന്ന് തീയേറ്റർ റെസ്പോൺസിൽ വ്യക്തമാവുന്നു.
മോഹൻലാൽ കഴിഞ്ഞാൽ ഈ ചിത്രത്തിൽ മികച്ച്് നിൽക്കുന്നത് ജോണി ആന്റണിയാണ്. ബോറടിയിലേക്ക് വീണുപോകാവുന്ന പല സീനുകളും ചിരിപ്പിക്കുന്നത്, ജോണിയുടെ പ്രത്യേക മോദിലുള്ള ഡയലോഗ് ഡെലിവറിയാണ്. പൊലീസ് വേഷത്തിലുടെ സിദ്ദീഖ് ഒരു ഇടവേളക്കുശേഷം കോമഡി ട്രാക്കിലേക്ക് തിരിച്ചുവരികയാണ്. പക്ഷേ പൂർണ്ണമായും ചിരിപ്പിച്ചു എന്ന് പറയാനാവില്ല. ലാലേട്ടന്റെ വൺ മാൻ ഷോയ്ക്ക് ഇടയിൽ നായിക ശ്രദ്ധ ശ്രീനാഥിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പക്ഷേ ഉള്ളത് മോശമാക്കിയിട്ടുമില്ല.
വിജയരാഘവൻ, രവികുമാർ, അശ്വിൻ, ലുക്മാൻ, രചന നാരായണൻകുട്ടി, ഡോ. റോണി, നന്ദുപൊതുവാൾ തുടങ്ങി എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ഇതിൽ രചനയുടെ അഭിനയത്തിൽ ഇപ്പോഴും മറിമായം സീരിയലിലെ ചില മിന്നലാട്ടങ്ങൾ മാറുന്നില്ല. നെടുമുടി വേണു, കോട്ടയം പ്രദീപ് എന്നിവരുടെ അവസാന ചിത്രമെന്ന നിലയിലും ആറാട്ട് ഓർമിക്കപ്പെടും. ഇടയ്ക്ക് അതിഥിയായെത്തുന്നത് സാക്ഷാൽ എ.ആർ. റഹ്മാനാണ്. റഹ്മാൻ 'മുക്കാല മുക്കാബലാ' പാടുമ്പോൾ തീയേറ്റർ ഇളകി മറിയുകയാണ്. വിജയ് ഉലകനാഥിന്റെ ചടുലമായ ഛായാഗ്രഹണവും രാഹുൽരാജിന്റെ സംഗീതവും ആറാട്ടിന് മുതൽക്കൂട്ടാണ്. സീൻ റിച്ചാക്കാൻ ചില പാട്ടുകളിൽ കാണിക്കുന്ന പെടാപ്പാടുകൾ ഓവർ ആയിട്ടുണ്ടെങ്കിലും.
ചുരുക്കിപ്പറഞ്ഞാൽ, ചിത്രത്തിന്റെ അണിയറ ശിൽപ്പികൾ പറഞ്ഞപോലെ, മൂൻവിധികൾ ഇല്ലാതെ വരുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിത്. തിളച്ചു മറിയുന്ന ലാലിസം കാണാണ്ടേവർക്ക് ആറാട്ടിന് ടിക്കറ്റ് എടുക്കാം!
വാൽക്കഷ്ണം: പ്രായം കുറഞ്ഞതായി തോന്നാനും ചർമ്മം ചുളിയാതിരിക്കാനുമായി, ഒടിയൻ സിനിമക്കുവേണ്ടി എടുത്ത ബോട്ടോക്സ് എന്ന ഇഞ്ചക്ഷന്റെ പാർശ്വഫലമായി മോഹൻലാലിന്റെ മുഖപേശികൾ കടുത്തുപോയെന്നും, മരക്കാറിലെ നിർവികാര മുഖം അതാണ് സൂചിപ്പിക്കുന്നതെന്നും നേരത്തെ ഇൻഡസ്ട്രയിൽ തന്നെ ഒരു പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് ആറാട്ട് തെളിയിക്കുന്നു. കുറുമ്പും, കുസൃതിയും, നർമ്മവും, ക്രോധവും, ചമ്മലുമൊക്കെയായി ആ പഴയ കൊതിപ്പിക്കുന്ന ഭാവങ്ങൾ ലാലിന്റെ മുഖത്ത് ഈ ചിത്രത്തിൽ പൊട്ടിവിടരുന്നുണ്ട്! ഏത് ലാൽ ആരാധകനും കൊതിക്കുന്ന നിമിഷങ്ങൾ. അതിലും നാം ബി ഉണ്ണികൃഷ്ണനോട് കടപ്പെട്ടിരിക്കുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ