- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലര പതിറ്റാണ്ട് മുമ്പത്തെ വിപ്ലവകരമായ മിശ്ര- പ്രണയ വിവാഹം; കാലമേറെ ചെന്നിട്ടും പ്രണയം വറ്റാത്ത ദാമ്പത്യ മാതൃക; പത്ത് വർഷം മുമ്പ് പ്രിയതമൻ തളർന്നു വീണപ്പോൾ ഷോക്കായത് സുമതിക്ക്; അയാളെ കൊന്ന് ഞാനും ചാകുമെന്ന് സുമതി പറഞ്ഞപ്പോൾ മകൻ തമാശയായി കരുതി; ഒടുവിൽ പ്രിയപ്പെട്ടവനെ നരക ജീവിതത്തിൽ നിന്നും മോചിപ്പിച്ച് സുമതി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃദ്ധ, ഭർത്താവിനെ കഴുത്തറുത്തുകൊന്നെന്ന വാർത്ത ആരെയും ഞെട്ടിക്കുന്നതായിരുന്നു. ആദ്യമായി ആ വാർത്ത കേൾക്കുന്ന ഏതൊരാൾക്കും എന്ത് ക്രൂരതയാണ് സ്വന്തം ഭർത്താവിനോട് ആ സ്ത്രീ ചെയ്തതെന്ന് മാത്രമേ തോന്നുകയുള്ളു. എന്നാൽ മരിച്ച ഗോപി എന്ന ജ്ഞാനദാസിനേയും ഭാര്യ സുമതിയേയും അടുത്തറിയുന്നവർ പ്രണയത്തിന്റെ അവസ്ഥാന്തരങ്ങളെ കുറിച്ചോർത്ത് നെടുവീർപ്പിടും. രോഗപീഡകളാൽ കഷ്ടതയനുഭവിക്കുന്ന ഗോപിയെ നരകജീവിതത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്നാണ് സുമതി പൊലീസിനോട് പറഞ്ഞത്.
നാലര പതിറ്റാണ്ട് കാലത്തിന് മുമ്പെയുള്ള വിപ്ലവകരമായ പ്രണയകഥയായിരുന്നു സുമതിയുടെയും ഗോപിയുടെയും. ഇരു മതങ്ങളിലുള്ളവർ, സാമ്പത്തികമായി ഇരുധ്രുവങ്ങളിലുള്ളവർ. എല്ലാ വേലിക്കെട്ടുകളെയും തകർത്ത് അവർ ഒന്നായപ്പോൾ ആ നാടിന് തന്നെ അവരൊരു പ്രണയപ്രതീകമായി. കാലത്തിന് അവരുടെ പ്രണയത്തെ തളർത്താനായില്ല. വിവാഹശേഷവും അവരുടെ പ്രണയം ഒരിഞ്ചുപോലും കുറഞ്ഞില്ല.
കടുത്ത അധ്വാനിയായിരുന്നു ഗോപി. കൂലിപ്പണിക്കാരനായിരുന്ന അദ്ദേഹം എല്ലുമുറിയെ പണിയെടുത്ത് തന്റെ കുടുംബത്തെ സാമ്പത്തികമായി ഭദ്രതയിലെത്തിച്ചിരുന്നു, തങ്ങായി സുമതിയും ഒപ്പമുണ്ടായിരുന്നു. പത്ത് വർഷം മുമ്പ് സ്ട്രോക്ക് വന്ന് ഗോപി വീഴുമ്പോൾ ശരിക്കും തളർന്നുപോയത് അദ്ദേഹത്തിന്റെ നല്ലപാതിയായ സുമതിയായിരുന്നു. തലേന്ന് വരെ ഊർജ്ജ്വസലനായി ഓടിനടന്ന ഗോപി പെട്ടെന്നൊരു ദിവസം പൂർണമായും കട്ടിലിൽ ആയത് സുമതിക്ക് ഒരിക്കലും സഹിക്കാനാകുമായിരുന്നില്ല. കുറച്ചുകാലത്തെ ചികിൽസയ്ക്ക് ശേഷം ഗോപി വീണ്ടും പഴയനിലയിലാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും നാളുകളേറെ ചെന്നിട്ടും ഗോപിയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല.
ഗോപിയുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് സുമതി തന്നെയായിരുന്നു. ആരെങ്കിലും എടുത്തിരുത്തുകയോ പിടിച്ചു കിടത്തുകയോ ചെയ്യണമെന്ന അവസ്ഥയിലാണ് ഗോപി. സ്വന്തമായി ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥ. ഇടയ്ക്കിടെ അവർ ഗോപിക്കരികിലിരുന്ന് കണ്ണീർ വാർക്കാറുണ്ടായിരുന്നെന്ന് വീട്ടുകാരും ഓർക്കുന്നു. ഇന്ന് രാവിലെ 'അയാളെ കൊന്ന് ഞാനും ചാവും' എന്ന് മകനോട് സുമതി പറഞ്ഞിരുന്നു. അമ്മ അത് സീരിയസായി പറഞ്ഞതാകുമെന്ന് മകനും കരുതിയില്ല. അങ്ങനെ പറയരുതെന്ന് പറഞ്ഞ് അമ്മയെ വഴക്കുപറഞ്ഞ ശേഷമാണ് ടൗണിൽ മാരേജ് ബ്യൂറോ നടത്തുന്ന മകൻ ബ്യൂറോ തുറക്കുന്നതിനായി വീട്ടിൽ നിന്നും പോയത്. പക്ഷെ സുമതി പറഞ്ഞത് പോലെ തന്നെ ചെയ്തു.
തന്റെ പ്രിയതമനെ നരകിക്കാൻ വിട്ടുകൊടുക്കാതെ അവസാനിപ്പിക്കുക എന്ന ഉദ്ദേശം സുമതി നിറവേറ്റി. എന്നാൽ അതിന് ശേഷം സ്വയം ജീവനൊടുക്കാൻ സുമതിക്ക് സാധിച്ചില്ല. ഗോപിയുടെ കഴുത്തറുത്തപ്പോഴേയ്ക്കും സുമതി ബോധംകെട്ടുവീണിരുന്നു. അല്ലാതിരുന്നെങ്കിൽ പൊലീസുകാർക്ക് അറസ്റ്റ് ചെയ്യാൻ സുമതി ഉണ്ടാകുമായിരുന്നില്ല. തന്റെ പ്രീയപ്പെട്ടവനെ ഇങ്ങനെ കഷ്ടപ്പെടാൻ അനുവദിക്കാതെ മരിക്കാൻ സഹായിക്കുകയാണ് തനിക്ക് ചെയ്യാവുന്ന സഹായമെന്ന തോന്നലാണ് ഇന്ന് ഈ കടുംകൈ ചെയ്യാൻ സുമതിയെ പ്രേരിപ്പിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിലാരും ഇല്ലാത്ത സമയത്താണ് സുമതി ഗോപിയുടെ കഴുത്തറുത്തത്. അബോധാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സുമതി ഇപ്പോൾ ചികിൽസയിലാണ്.