- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ കറണ്ടിന് അപേക്ഷിച്ചു.. കിട്ടിയില്ല.. വെള്ളത്തിന് അപേക്ഷിച്ചു... കിട്ടിയില്ല... ഒടുവിൽ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണർ വെട്ടി, വെള്ളം കണ്ടത്; മരിക്കാൻ സമയമായപ്പോൾ അച്ഛൻ പറഞ്ഞു 'മോനെ അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, ഞാനില്ലെങ്കിലും നീ പാവങ്ങൾക്കുള്ള ഭക്ഷണം മുടക്കരുത്'; നെഞ്ചു നീറ്റി രാജന്റെ മകന്റെ വാക്കുകൾ
തിരുവനന്തപുരം: എന്തിലും ഏതിലും നമ്പർവൺ കേരളം എന്നു മേനി നടക്കുന്നവരാണ് കേരളം. ഈ നമ്പർ വൺ കേരളത്തിലാണ് ഒരു ദിവസം കൊണ്ട് ഒരു കുടുംബത്തിലെ രണ്ട് പേർ പൊള്ളലേറ്റ് മരിക്കുകയും രണ്ട് കുട്ടികൾ അനാഥരാകുകയും ചെയ്തത്. രാജന്റെ മകൻ രഞ്ജിത്ത് മാധ്യമങ്ങളോട് തങ്ങളുടെ കഷ്ടപ്പാടുകൾ തുറന്നു പറയുമ്പോൾ അത് ആരുടെയും ഉള്ളു പൊള്ളിക്കുന്നതായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ ജീവിച്ച കുടുംബമായിരുന്നു ഇവരുടേത്. എന്നാൽ, സഹജീവികളോടുള്ള കരുതൽ രാജനുണ്ടായിരുന്നു. മകകൻ രഞ്ജിത്തിന്റെ വാക്കുകളിൽ ഇത് വ്യക്തമാകും.
സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിലും പാവങ്ങൾക്ക് അന്നമേകിയിരുന്ന വ്യക്തിയായിരുന്നു നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജൻ. ഇക്കാര്യം രഞ്ജിത്ത് മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു. രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: 'ഞങ്ങളിവിടെ താമസിക്കാൻ തുടങ്ങിയിട്ട്, എന്റെ അച്ഛന് കറണ്ടിന് അപേക്ഷിച്ചു..കിട്ടിയില്ല..വെള്ളത്തിന് അപേക്ഷിച്ചു...കിട്ടിയില്ല...ഒടുവിൽ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണർ വെട്ടി, വെള്ളം കണ്ടത്.
എന്റെ അച്ഛൻ എന്നും രാവിലെ റോഡ് സൈഡിൽ വയ്യാതെ കിടക്കുന്നവർക്ക് ഭക്ഷണം കൊണ്ടുപോകുമായിരുന്നു. ഈ സംഭവം നടക്കുന്നതിന് തലേദവിസമാണ് ഭക്ഷണം കൊണ്ടുപോകാൻ പുതിയ ഫ്ളാസ്കും, ചായയിടാൻ പാത്രവുമായി വരുന്നത്. മരിക്കാൻ സമയമായപ്പോൾ എന്നോട് പറഞ്ഞു മോനെ, അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല...അഥവാ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കൊടുക്കുന്നത് പോലെ നീയും എല്ലാവർക്കും കൊടുക്കണം..'
പൊലീസുകാരൻ കൈ തട്ടി അച്ഛനും അമ്മയും തീ പിടിച്ചു. ഞാൻ അവരെ പിടിക്കാൻ ഓടിയതാണ്. ചേട്ടനാണ് എന്നെ പിടിച്ച് മാറ്റിയത്. ഇല്ലായിരുന്നെങ്കിൽ ഞാനും അവരുടെ കൂടെ പോയേനെ. അതിലെനിക്ക് സന്തോഷേ ഉള്ളൂ. അവരുടെ ശവസംസ്കാരം ഈ കോളനിയിൽ തന്നെ നടത്തണമെന്ന് നാട്ടുകാര് പറഞ്ഞു. അപ്പോ പൊലീസ് പറഞ്ഞു. ഇത് കേസ് നടക്കുന്ന സ്ഥലമാണ് ഇവിടെ നടത്താൻ പറ്റില്ലെന്ന്. പിന്നെ ഞാനും, എന്റെ കുഞ്ഞമ്മേടെ മോനും കൂടി വന്ന് ഇവിടുത്തെ പുല്ലെല്ലാം കളഞ്ഞ് എന്റെ അച്ഛന്റെ കുഴി വെട്ടി.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. തുടർന്ന് രാജൻ മരണപ്പെട്ടു. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ ജൂണിൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് രാജൻ തടസപ്പെടുത്തി. തുടർന്ന് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാൻ എത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്. പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനെതിരേയും അയൽവാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ ആവശ്യപ്പെട്ടിരുന്നു.
'പൊലീസുകാർ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവർക്ക ഭക്ഷണം നൽകുമായിരുന്നു'. അവർക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നും മറ്റൊരു മകൻ രാഹുൽ പറഞ്ഞു. താൻ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരൻ കൈകൊണ്ട് ലൈറ്റർ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.