ആലപ്പുഴ: കുടുബനാഥൻ അപകടത്തിൽ മരിക്കുന്ന അവസരത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും അടിയന്തര ധനസഹായം ലഭിക്കുമെന്ന് നാളുകളായി പ്രഖ്യാപനമുണ്ടെങ്കിലും അതെല്ലാം പാഴ് വാക്കായി തന്നെ നിലിൽക്കുന്നുവെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ദേശീയ കുടുംബക്ഷേമ പദ്ധതിയിലേക്ക് (എൻ.എഫ് ബി.എസ്) പതിനായിരക്കണക്കിന് ആളുകളാണ് അപേക്ഷയയച്ചത്. എന്നാൽ ഇവരിൽ ഒരു കുടുംബത്തിന് പോലും സഹായം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വർഷത്തിനിടെയുള്ള കണക്ക് നോക്കിയാൽ 61,968 പേരാണ് സംസ്ഥാനത്ത് ഈ വിഭാഗത്തിലുള്ള ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത്. ഒന്നും രണ്ടുമല്ല 123.93 കോടി രൂപയാണ് ഈയിനത്തിൽ കുടിശ്ശിക കിടക്കുന്നതെന്നും ഓർക്കണം.

കേരളത്തിനായി കേന്ദ്ര ഫണ്ടിന്റെ അപര്യാപ്തത്തതയാണ് പ്രതിസന്ധിക്കു കാരണമെന്നാണ് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് വ്യക്തമാക്കുന്നത്. കുടുംബത്തിലെ അന്നദാതാവ് അപകടത്തിൽ മരിച്ചാൽ ആ കുടുംബത്തിന് അടിയന്തരസഹായമായി 20,000 രൂപ നൽകുന്നതായിരുന്നു പദ്ധതി. കേന്ദ്ര സർക്കാരാണ് ഇതിനായി തുക അനുവദിച്ചിരുന്നത്. വാർഷിക വരുമാനം 11,000 രൂപയിലധികമില്ലാത്ത കുടുംബങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന്റെ മേൽനോട്ടത്തിലാണ് സഹായധന വിതരണം നടത്തിയിരുന്നത്.

കാസർകോട് ജില്ലയിൽ 2016 ഒക്ടോബർ വരെയുള്ള അപേക്ഷകളിൽ നടപടിയുണ്ടായപ്പോൾ എറണാകുളത്ത് 2011 ഡിസംബർ വരെ ലഭിച്ച അപേക്ഷകൾക്കുമാത്രമാണ് തുക നൽകിയിരിക്കുന്നത്. മറ്റു ജില്ലകളിലും ഇതേ സ്ഥിതിയാണ്. ദേശീയ കുടുംബക്ഷേമ പദ്ധതിക്കായി കേന്ദ്രസർക്കാർ 4.18 കോടി രൂപ അനുവദിച്ചതായി അറിയിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ അനുമതി കിട്ടിയാലുടൻ തുക വിതരണം ചെയ്യും. ഇപ്പോൾ കിട്ടിയ തുക അപര്യാപ്തമായതിനാൽ ഏറ്റവുമധികം മുൻഗണന അർഹിക്കുന്ന ഗുണഭോക്താക്കൾക്ക് മാത്രമേ തുക നൽകാനാകൂ എന്നും സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

ഓരോ ജില്ലയിലേയും അപേക്ഷയുടെ എണ്ണം തന്നെ ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരം-7572. കൊല്ലം-7166. പത്തനംതിട്ട-1892. ആലപ്പുഴ-5771.
കോട്ടയം-3325.ഇടുക്കി-1109. എറണാകുളം-6802. തൃശ്ശൂർ-4723. പാലക്കാട്-6060. മലപ്പുറം-6059. കോഴിക്കോട്-4266. വയനാട്-1180. കണ്ണൂർ-3425.
കാസർകോട്-2618.