ആലപ്പുഴ: ഇടതുപക്ഷം അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രകടന പത്രികയിലൂടെ നൽകിയ വാഗ്ദാനം പാഴ്‌വാക്കായെന്ന് എൻ.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി ആരോപിച്ചു. എൻ.ജി.ഒ. സംഘ് ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന കേരളത്തിലെ ഇടതു സർക്കാർ ഈ വിഷയത്തിൽ പാലിക്കുന്ന മൗനം പ്രതിഷേധകരമാണ്.

പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് പറഞ്ഞ ഇടതുപക്ഷം ആ വാക്ക് പാലിച്ചില്ലായെന്ന് മാത്രമല്ല കണ്ണൂർ യൂണിവേഴ്‌സിറ്റി, ഗുരുവായൂർ ദേവസ്വം ബോർഡ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തുടങ്ങി ഒട്ടേറെ സ്ഥാപന ങ്ങളിൽ പുതുതായി പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുകയും ചെയ്തു. 2013 ഏപ്രിൽ 1 മുതൽ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക്, 2020 ജൂൺ 4 ന് പുറത്തിറക്കിയ അസാധാരണ ഗസറ്റിലൂടെ നിയമ പ്രാപല്യം ഉറപ്പാക്കിയത് പിണറായി സർക്കാർ ആണെന്നുള്ളത് ഇക്കാര്യത്തിൽ ഇടത് സർക്കാർ സ്വീകരിച്ചിരിക്കുന്ന ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ്. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ NPS പിൻവലിക്കും എന്ന് അഞ്ചു വർഷം മുൻപ് വരെ ഓഫീസുകളിൽ പറഞ്ഞു നടന്നിരുന്ന ഇടതു സർവ്വീസ് സംഘടനകൾ ഇന്ന് ആ വിഷയം മിണ്ടാതെയായി. കേന്ദ്രത്തിൽ ഇടതുപക്ഷത്തിന്റെ പിൻതുണയോടെ ഭരിച്ച ഒന്നാം മന്മോഹൻ സിങ് സർക്കാർ പാസാക്കിയ നിയമം മോദി സർക്കാർ പിൻവലിക്കട്ടെ എന്ന വിചിത്ര വാദമാണ് ഇന്ന് ഇടതുപക്ഷം പറയുന്നത്. കേന്ദ്ര സർക്കാർ ആണ് ഇത് പിൻവലിക്കേണ്ടതെങ്കിൽ പുനഃപരിശോധന കമ്മീഷനെ നിയമിച്ചതും, അവരുടെ കാലാവധി നാലു തവണ നീട്ടിനൽകിയതും, പങ്കാളിത്ത പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇടതു സംഘടനകൾ കത്ത് നൽകിയത് എന്തിനാണന്നും ആ സംഘടനകൾ വിശദീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ ജോ: സെക്രട്ടറി ആർ.അഭിലാഷ്, ബ്രാഞ്ച് പ്രസിഡന്റ് മിഷ രഞ്ജിത്ത്, ബ്രാഞ്ച് സെക്രട്ടറി പി.എം.മിഥുൻ ദാസ്, വൈസ് പ്രസിഡന്റ് പി.ജെ.ജോസഫ്, ജോ:സെക്രട്ടറി ബി.വിനീഷ് എന്നിവർ പ്രസംഗിച്ചു.