ആലപ്പുഴ: ജലഗതാഗത വകുപ്പിലെ സ്‌പെഷ്യൽ റൂൾ ഭേദഗതി വൈകിപ്പിച്ച് ജീവനക്കാരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനമാണ് ഇടതുസർക്കാർ കാണിക്കുന്നതെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രകാശ് പറഞ്ഞു. 2018 ലെ പ്രളയത്തിൽ നിരവധി ജീവനുകൾ രക്ഷിച്ച ജലഗതാഗത വകുപ്പിലെ ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാർക്ക് നിലവിൽ ഒരു പ്രമോഷൻ പോലും തങ്ങളുടെ സർവ്വീസ് കാലത്ത് ലഭിക്കാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. ഓരോ ഫയലും ഒരു ജീവിതമാണന്ന് ഭരണത്തിലേറിയപ്പോൾ പറഞ്ഞ മുഖ്യമന്ത്രി രണ്ടാം തവണ കേരളം ഭരിക്കുമ്പോഴും 18 വർഷമായി ജീവനക്കാർ സ്‌പെഷ്യൽ റൂൾ ഭേദഗതിക്കായി കാത്തൊരിക്കുകയാണ്. ട്രാഫിക് സൂപ്രണ്ട്, മെക്കാനിക്കൽ എഞ്ചിനീയർ ഉൾപ്പെടെയുള്ള നിരവധി തസ്തികകൾ വകുപ്പിൽ ഒഴിഞ്ഞു കിടക്കുമ്പോൾ യോഗ്യത ഇല്ലാത്ത ഇഷ്ടക്കാർക്ക് മാത്രമായി അഡീഷനൽ ചാർജ് കൊടുക്കുകയാണ് ഇപ്പോൾ ചെയ്തു വരുന്നത്.

24 മണിക്കൂർ തുടർച്ചയായി ജോലിചെയ്യേണ്ടി വരുന്ന ബോട്ടിലെ ജീവനക്കാർക്ക് ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാകാത്ത വകുപ്പ് കോടികളാണ് ഓരോ വർഷവും നിലവാരമില്ലാത്ത ബോട്ടും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ മുടക്കുന്നത്. കോടികൾ മുടക്കി വാങ്ങുന്ന ബോട്ടുകൾ ഒരു വർഷം തികയുന്നതിന് മുൻപേ നിർമ്മാണ തകരാറുമൂലം സർവ്വീസ് യോഗ്യമല്ലാതാകുന്ന അവസ്ഥയാണുള്ളത്. ഈ കഴിഞ്ഞ മാസം 395 ജീവനക്കാരെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും സ്ഥലംമായി ദ്രോഹിച്ചത്. ക്ലാസ് 4 ജീവനക്കാരുടെ വകുപ്പ്തല പ്രമോഷൻ നടപ്പാക്കുന്നതിലും തികഞ്ഞ അനാസ്തയാണ് കാണിക്കുന്നത്. പോർട്ട് വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് പ്രമോഷന് അംഗീകരിക്കാൻ തായ്യാറാകുന്നില്ല. കഷ്ടപ്പെട്ട് പഠിച്ച് സർവ്വീസിൽ കയറിയ ജീവനക്കാരോട് 'മൃഗതുല്യമായ' പരിഗണനയാണ് വകുപ്പും സർക്കാരും കാണിക്കുന്നതെന്നും പൊതുസ്ഥലംമാറ്റം, പ്രമോഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും ആണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജലഗതാഗത വകുപ്പിലെ സ്‌പെഷ്യൽ റൂൾ ഭേദഗതി വൈകിപ്പിക്കുന്നതിലും, മാനദണ്ഡങ്ങൾ പാലിക്കാതെ രാഷ്ട്രീയ പ്രേരിതമായി പൊതുസ്ഥലംമാറ്റം നടത്തിയതിലും, ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിലും പ്രതിഷേധിച്ച് ജലഗതാഗത വകുപ്പ് ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാർ നേരിടുന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി. ധർണ്ണയിൽ സംസ്ഥാന ജോ:സെക്രട്ടറി ജെ.മഹാദേവൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ്, FETO ജില്ലാ പ്രസിഡന്റ് കെ.ജി.ഉദയകുമാർ, NGO ഘ്ജില്ലാ പ്രസിഡന്റ് കെ.രാമനാഥ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി, സംസ്ഥാന സമിതി അംഗം കെ.ആർ വേണു എന്നിവർ സംസാരിച്ചു.