കൊല്ലം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിൽ ആർത്തിപണ്ടാരങ്ങളായ ജീവനക്കാർ അഴിമതി നടത്തുകയാണെന്ന് മുഖ്യമന്ത്രിക്ക് പരസ്യമായി സമ്മതിക്കേണ്ടി വന്നു. ജോലിയെടുത്ത് സ്വസ്ഥമായി കഴിയുന്നതിന് പകരം എന്തിനും ഏതിനും കൈക്കൂലി ചോദിക്കുന്ന ആർത്തിപണ്ടാരങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ചില പരമാർത്ഥങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സ്റ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷനും, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ആൻഡ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതി തങ്ങളുടെ അവകാശമാണെന്ന് ചില ഉദ്യോഗസ്ഥന്മാർ കരുതുന്നു. കൈക്കൂലി നേരിട്ട് ചോദിക്കുന്ന ചില വിദ്വാന്മാരുണ്ട്. അത്തരം ആളുകൾക്ക് സാധാരണ ഗതിയിൽ കഴിയേണ്ടത് എവിടെയാണെന്ന് എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കൊടികുത്തി വാഴുകയാണെന്ന മുഖ്യമന്ത്രിയുടെ പരസ്യമായ ഏറ്റുപറച്ചിലിനിടയിൽ ചില സത്യങ്ങളും കാണാതെ പോകരുത്. പഞ്ചായത്ത്- തദ്ദേശ ജീവനക്കാരിൽ 75 ശതമാനവും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എൻജിഒ യൂണിയനിൽപ്പെട്ടവരാണ്. സമീപ കാലത്ത് കൈക്കൂലി കേസുകളിൽ പിടിച്ചവരിൽ ബഹുഭൂരിപക്ഷവും എൻജിഒ യൂണിയനിൽപ്പെട്ട ജീവനക്കാരാണ്. ഭരണസ്വാധീനം ഉപയോഗിച്ച് കൈക്കൂലി കേസിൽപ്പെടുന്നവരെ രക്ഷിക്കുകയാണ് പാർട്ടിയും സർക്കാരും ചെയ്യുന്നത്.

സംസ്ഥാനത്തെ ആകെയുള്ള 15,962 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 7262 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് എൽഡിഎഫിന്റെ അംഗങ്ങളാണ്. ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് 1266, ജില്ലാ പഞ്ചായത്തിൽ 212, മുൻസിപ്പാലിറ്റിയിൽ 1167,കോർപ്പറേഷനിൽ 207 എന്നിങ്ങനെയാണ് ഇടതുമുന്നണിക്ക് അംഗബലമുള്ളത്.

സിപിഎമ്മിന് മാത്രം 5947 ഗ്രാമപഞ്ചായത്ത് അംഗങ്ങളും, 960 ബ്ലോക്ക്, 141 ജില്ലാ പഞ്ചായത്ത്, 972 മുൻസിപ്പാലിറ്റി, 170 കോർപ്പറേഷൻ അംഗങ്ങളുണ്ട്. ഇത്തരത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ മൃഗീയമായ ഭൂരിപക്ഷമുള്ള സിപിഎം പാർട്ടി ഭരിക്കുമ്പോഴാണ് അവരുടെ ജീവനക്കാർ ഇത്രവലിയ അഴിമതി നടത്തുന്നത്. ഭരണമുന്നണി അറിയാതെ പഞ്ചായത്തുകളിൽ ഇത്തരത്തിൽ അഴിമതി നടത്താൻ ജീവനക്കാർക്ക് സാധ്യമല്ല.

കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിൽ നടന്ന ലൈഫ് ഭവന തട്ടിപ്പിൽ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരോടൊപ്പം ചേർന്നാണ് അഴിമതി നടത്തിയതെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നു. അതുപോലെ തന്നെ തൊട്ടടുത്ത ഭരണങ്ങാനം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി നടത്തിപ്പിൽ പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്‌സ്റ്റെൻഷൻ ഓഫീസർ പണം അനുവദിക്കുന്നതിന് ഗുണഭോക്താക്കളിൽ നിന്നും പതിനായിരം രൂപ വീതം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു.

കൈക്കൂലി കൊടുത്താലേ പദ്ധതിയുടെ രണ്ടാംഗഡു അനുവദിക്കൂവെന്നും മുകൾ തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് വേണ്ടിയാണിതെന്നും വിവരം പഞ്ചായത്ത് അംഗങ്ങൾ അറിയരുതെന്നും വിഇഒ പറഞ്ഞതായി ഗുണഭോക്താക്കൾ മൊഴിനൽകിയിട്ടുണ്ട്. മൂന്നിലവ് ലൈഫ് ഭവന പദ്ധതി നടത്തിപ്പിൽ 68 ലക്ഷം രൂപയുടെ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെയാണ് ഭരണങ്ങാനം പഞ്ചായത്തിലെ കൈക്കൂലി ആരോപണം.

തദ്ദേശ-സ്വയം ഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കിടയിലെ അഴിമതി, നിരുത്തരവാദപരമായ കാര്യനിർവ്വഹണം, എന്നിവയ്‌ക്കെതിരായി പൊതുജനങ്ങൾക്ക് സമീപിക്കാവുന്ന നീതിന്യായ സംവിധാനമാണ് ഓംബുഡ്‌സ്മാൻ. ഒരു റിട്ട. ഹൈക്കോടതി ജഡ്ജിയാണ് ഓംബുഡ്‌സ്മാനായി നിയമിക്കപ്പെടുന്നത്. എന്നാൽ, ജീവനക്കാരുടെ അഴിമതി തടയുന്നതിൽ ഓംബുഡ്‌സ്മാൻ എത്രകണ്ട് വിജയിച്ചുവെന്ന് കൃത്യമായ കണക്കുകളൊന്നുമില്ല. സംഘടിത ശക്തിയെന്ന നിലയിൽ ജീവനക്കാർ അഴിമതി നടത്തുന്നത് നിർബാധം തുടരുകയാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ സർവ്വീസ് സംഘടനയെന്ന നിലയിൽ ജീവനക്കാരുടെ അഴിമതി തടയാൻ എൻജിഒ യൂണിയൻ കാര്യമായ പ്രവർത്തനമൊന്നും നടത്തുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ അഴിമതിക്കാർക്കെതിരെയുള്ള പ്രസ്താവനയിൽ നിന്നും മനസിലാക്കേണ്ടത്. ഏത് അഴിമതി കേസിൽ പിടിച്ചാലും മൂന്നോ നാലോ മാസത്തെ സസ്‌പെൻഷന് ശേഷം അഴിമതിക്കാർ വീണ്ടും അതേ കസേരയിൽ തന്നെ തുടരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ആർത്തിപണ്ടാരങ്ങൾക്ക് സർവ്വീസ് സംഘടനയുടെ പിൻബലമുള്ള കാലത്തോളം അഴിമതി തുടരുമെന്ന് ഉറപ്പാണ്.