- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എൻജിഒ യൂണിയന്റെ പ്രകടനം നടത്തിയത് തപാൽ വോട്ടുകൾ അട്ടിമറിക്കാനെന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണമാരംഭിച്ചു; അന്വേഷിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷക പത്മിനി സിൻഹ
കോഴിക്കോട്: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കോഴിക്കോട് സഹകരണ ഭവന് മുന്നിൽ എൻ.ജിയ.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും യു.ഡി.എഫ് അനുകൂല തപാൽവോട്ടുകൾ അട്ടിമറിക്കാനുള്ള നീക്കമാണെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷക പത്മിനി സിൻഹ അന്വേഷണം ആരംഭിച്ചു.
നാദാപുരം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺകുമാറിന്റെ ചീഫ് തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വ. എ സഞ്ജീവ് നൽകിയ പരാതിയിലാണ് നടപടി. മൈക്രോ ഒബ്‌സർവറോടും നാദാപുരം നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
നാദാപുരം റിട്ടേണിങ് ഓഫീസറായ കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിന്് മുന്നിലാണ് കഴിഞ്ഞ ദിവസം എൻ.ജിയു യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്. എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. ഷൗക്കത്തും വി .ബിനീഷ്‌കുമാറും എൻ.ജി.ഒ യൂണിയൻ മുൻ ഏരിയാ കമ്മിറ്റി അംഗവും സജീവപ്രവർത്തകനുമായ സഹകരണ ഇൻസ്‌പെക്ടർ അഭിലാഷിനെ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ എത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നും പരാതി ഉയർന്നിരുന്നു.
യൂണിയൻ നേതൃത്വത്തെ അഭിലാഷ് പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടർന്ന് കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നേതൃത്വം ഇടപെട്ടിട്ടും അഭിലാഷ് പരാതി പിൻവലിക്കാൻ തയ്യാറാവാഞ്ഞതോടെയാണ് എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി സമ്മർദ്ദം ചെലുത്തുന്നത്.
അതേസമയം യു.ഡി.എഫ് അനുകൂല തപാൽവോട്ടുകൾ അട്ടിമറിക്കുന്നത് സംബന്ധിച്ച ജീവനക്കാർ തമ്മിലുള്ള തർക്കമാണ് പ്രതിഷേധ പ്രകടനത്തിനുകാരണമെന്നാണ് യു.ഡി.എഫിന്റെ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രകടനവും പൊതുയോഗവും നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടനത്തിന്റെയും യോഗത്തിന്റെയും ഫോട്ടോയും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.