- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരഭിമാനഹത്യകളുടെ കാലത്തെ സാംസ്കാരിക വൈദ്യുതാഘാതം! അനുഷ്‌ക ഇന്ത്യൻ സിനിമയുടെ അഭിമാനം; ഇത് ലിംഗ അനീതിക്കും ജാതിഭ്രാന്തിനുമെതിരായ താക്കീത്; 'പീകെ'ക്കു ശേഷം പേരെടുത്ത് വീണ്ടും ഹിന്ദി സിനിമ
പണ്ടൊക്കെ ഒരു ഹിന്ദി സിനിമ കാണുന്നതിലും നല്ലത് നൂറുരൂപ ഭിക്ഷ കൊടുക്കയായിരുന്നെന്ന് കരുതിയവരായിരുന്നു നമ്മൾ മലയാളികൾ. തല്ലും പിടിയും, അടിയും വെടിയും, കന്നിമാസ നായ്പടപോലെ നായകനും കുറെ നായികമാരുമായി ആട്ടവും പാട്ടുമായി നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് യാതൊരു ബോധവും ബാധ്യതയുമില്ലാത്ത എന്തൊക്കെയൊ കാട്ടിക്കുട്ടലായിരുന്നു അവ (ഒറ
പണ്ടൊക്കെ ഒരു ഹിന്ദി സിനിമ കാണുന്നതിലും നല്ലത് നൂറുരൂപ ഭിക്ഷ കൊടുക്കയായിരുന്നെന്ന് കരുതിയവരായിരുന്നു നമ്മൾ മലയാളികൾ. തല്ലും പിടിയും, അടിയും വെടിയും, കന്നിമാസ നായ്പടപോലെ നായകനും കുറെ നായികമാരുമായി ആട്ടവും പാട്ടുമായി നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് യാതൊരു ബോധവും ബാധ്യതയുമില്ലാത്ത എന്തൊക്കെയൊ കാട്ടിക്കുട്ടലായിരുന്നു അവ (ഒറ്റപ്പെട്ട പരീക്ഷണങ്ങളെ മറക്കുന്നില്ല). എന്നാൽ അടുത്തകാലത്തായി, ലോകത്തിലെ ഏറ്റവും യാഥാസ്തികമെന്ന് കരുതാവുന്ന നമ്മുടെ ബോളിവുഡും പ്രമേയപരമായും ആഖ്യാനപരമായും ഒരുപാട് മാറിക്കഴിഞ്ഞു.
ആമിർ ഖാന്റെ 'പീകെയിൽ' പറയുന്ന ആശയം പ്രബുദ്ധരെന്ന് മേനി നടിക്കുന്ന മലയാളത്തിൽപോലും സിനിമയാക്കാൻ ആരും മടിക്കുമെന്നതിൽ രണ്ടുപക്ഷമില്ല. അതുപോലൊരു സാംസ്കാരിക വൈദ്യുതാഘാതമാണ്, സുധീപ് ശർമ എഴുതി, മുമ്പ് ഒറ്റ സിനിമ മാത്രം എടുത്ത അത്രയൊന്നും പ്രശസ്തനല്ലാത്ത നവ്ദീപ്‌സിങ്ങിന്റെ സംവിധാനത്തിൽ, പ്രശസ്ത നടി അനുഷ്‌ക ശർമ്മയെ നായികയാക്കി ഒരുക്കിയ എൻഎച്ച് 10. ഇഷ്ടപ്പെട്ട പങ്കാളിയെ ജാതിമാറി വിവാഹംചെയ്തു എന്ന കുറ്റത്തിന് തല്ലിക്കൊന്ന് മരക്കൊമ്പുകളിൽ തൂക്കപ്പെട്ട നിരവധി കമിതാക്കളുടെ ആത്മാവിനുമുന്നിൽ സമർപ്പിക്കപ്പെടേണ്ടതാണ് ഈ സിനിമ. മാത്രമല്ല നായക കേന്ദ്രീകൃതമായ ഹിന്ദി മസാല ലോകത്ത് നായികയെ കേന്ദ്രകഥാപാത്രമാക്കുന്നു എന്ന അപൂർവതയും ഈ ചിത്രത്തിനുണ്ട്.
ദേശീയപാതയിലൂടെ ഒരു ഞെട്ടിപ്പിക്കുന്ന യാത്ര
നമ്മുടെ നവതരംഗ സനിമകളിൽ പതിവായതുപോലെ, ഒറ്റ ദിവസത്തെ കഥമാത്രമാണ് ഈ ത്രില്ലർ പറയുന്നത്. (പക്ഷേ നമ്മുടെ ന്യൂജൻകാരെപ്പോലെ മൾട്ടിസ്റ്റോറി കഥയും സ്ലോമോഷനുമായി വെറുപ്പിക്കുന്നില്ല). ഡൽഹിയിൽനിന്ന് ഹരിയാനയിലെ ഹിസാർ, റോത്തക്ക് വഴി പഞ്ചാബിലെ ഇന്തോപാക് അതിർത്തിയിൽ അവസാനിക്കുന്ന പാതയാണ് നാഷണൽ ഹൈവേ 10. ഇതിലൂടെ ഒരു വിനോദയാത്രയ്ക്ക് പുറപ്പെട്ട അർജുൻ മീര(അനുഷ്‌ക ശർമ്മ) ദമ്പതികൾക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കേന്ദ്ര പ്രമേയം. യാത്രക്കിടെ ഒരിടത്ത് ഭക്ഷണം കഴിക്കാൻ കയറിയ അവർ, ഒരു യുവതിയെയും യുവാവിനെയും ഒരു സംഘം ആളുകൾ തല്ലിച്ചതക്കുന്നതാണ് കാണുന്നത്. ഡൽഹിയിൽ ജീവിക്കുന്ന, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരു മെട്രോയുവാവിനേയുംപോലെ അർജുൻ വിഷയത്തിൽ ഇടപെടുന്നു. എല്ലാവരും കാൺകേ മുഖമടച്ചുള്ള ഒരടിയായിരുന്നു, എന്താണ് പ്രശ്‌നമെന്ന് തിരക്കിയതിന് അയാൾക്ക് കിട്ടിയ മറുപടി.
അപമാനിതരായി കാറെടുത്ത് വീണ്ടും യാത്രതുടരുമ്പോൾ അവർ ആ സംഘത്തിന്റെ വാഹനം വഴിതിരിഞ്ഞുപോകുന്നത് കാണുന്നു. ഇതോടെ വീണ്ടും അർജുനിലെ ആ 'ആഗ്രി യങ്ങ്മാൻ' ഉണർന്നിരിക്കണം. മീരയുടെ നിരന്തരമായ എതിർപ്പുകൾക്കിടയിലും അയാൾ ആ സംഘത്തെ പിന്തുടരുന്നു. ഭാര്യയെ വണ്ടിയിലിരുത്തി, കൈയിലെ പിസ്റ്റളിന്റെ ബലത്തിൽ സംഘത്തെ പിന്തുടർന്ന് വിജനമായ വനാതിർത്തിയിലേക്ക് കയറിപ്പോയ അയാൾ കാണുന്നത് കരൾ പിളർന്നുപോവുന്ന ഭീകര മർദന ദൃശ്യങ്ങളാണ്. അമ്പരന്നുപോയ അയാൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇതിനിടെ അർജുനെ കാണാഞ്ഞ് മീരയും കാറിൽനിന്നറങ്ങി ഇവിടെയത്തെുന്നു. ആകെ ഭയന്നുപോയ അവർ സ്വന്തം തടി രക്ഷിക്കാനായി ഓടുന്നതിനിടയിൽ സംഘത്തിന്റെ കൈയിൽപെടുന്നു. തുടർന്നുള്ള രക്തച്ചൊരിച്ചിലിനും കൂട്ടപ്പൊരിച്ചിലിനുമിടയിൽ അർജുന് സാരമായി പരിക്കേൽക്കുന്നു. തുടർന്നങ്ങോട്ടാണ് അനുഷ്‌കയെന്ന നടിയുടെ ഒറ്റയാൻ പ്രകടനം കാണുന്നത്. ഒരു വനമേഖലയോടുചേർന്ന ഗ്രാമത്തിൽ രാത്രി ഒറ്റപ്പെട്ടുപോയ ഒരു യുവതി. അവൾ തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്. അതും തന്നെ നാലുപാടും അന്വേഷിച്ചു നടക്കുന്ന ഈ കാപാലിക സംഘത്തിന്റെ ഇടയിലുടെ. അത് കണ്ടുതന്നെ തീർക്കേണ്ട ഒരു അപൂർവ കാഴ്ചയാണ്. ഒരു മിനിട്ടുപോലും ബോറടിപ്പിക്കാതെ ഒരു മികച്ച ത്രില്ലറായി ചിത്രം മുന്നേറുന്നു.
ജാതി ശ്വസിച്ച്, ജാതി തിന്ന്, ജാതിയിൽ തീരുന്ന ഗ്രാമങ്ങളിലൂടെ
നഗരങ്ങൾ അപകടങ്ങളും ചതിക്കുഴികളും നിറഞ്ഞതാണെന്നും ഗ്രാമങ്ങൾ ശാന്തവും സുന്ദരവുമാണെന്നുമുള്ള, വാണിജ്യ സിനിമകളുടെ വാർപ്പുമാതൃകളെ പൊളിച്ചടുക്കുന്നുണ്ട് ഈ പടം. സ്ത്രീകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നും ജീൻസ് ധരിക്കുന്നതുമൊക്കെ വിലക്കുകയും, ബലാത്സംഗം ചെയ്തയാളെ ഇര വിവാഹം കഴിക്കണമെന്ന് വിധി പറയുകയും ചെയ്യുന്ന ഖാപ് പഞ്ചായത്ത് സംവിധാനങ്ങൾ നിലവിലുള്ള അപരിഷ്‌കൃത അവസ്ഥയിലാണ് ഇന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങളെന്ന് നമ്മുടെ മുഖ്യധാരാ സംവിധായകർ ബോധപൂർവം മറക്കാറുള്ളതാണ്.
ദലിത് പെൺകുട്ടികളെ ബലാത്സംഗംചെയ്തുകൊന്ന് മരത്തിൽ കെട്ടിത്തൂക്കിയിട്ടതും, ജാതിമാറി വിവാഹം കഴിച്ചതിന് ദമ്പതികളെ നഗ്നരാക്കി നടത്തി തല്ലിക്കൊന്നതും, ഈ മഹത്തായ ആർഷഭാരത സംസ്‌ക്കാര ഭൂമികയിലാണ്. ജാതി, സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങളിൽ തൊടാൻ ബോളിവുഡിന് ഇന്നും പേടിയാണെന്നാണ് വസ്തുത. പക്ഷേ നവ്ദീപ് സിങ്ങിനെപ്പോലുള്ളവർ ആ പരിമിതി മറികടക്കാൻ ശ്രമിക്കുന്നത് ആശ്വാസമാണ്. കയറട്ടെ, പുതിയ തലമുറയുടെയും തലയിലെങ്കിലും വെളിച്ചും! അതുകൊണ്ടുതന്നെ ജാതിഭ്രാന്തന്മാരും മനുവാദികളുമൊക്കെ ഇന്ത്യൻ ഗ്രാമങ്ങളെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ഈ ചിത്രത്തിനുനേരെ തിരിയാനും സാധ്യതയുണ്ട്.
ഡൽഹിപോലൊരു നഗരത്തിൽ രാത്രി ഒറ്റക്ക് യാത്രചെയ്യേണ്ടിവരുന്ന ഒരു സ്ത്രീ എത്രമാത്രം അരക്ഷിതയാണെന്ന് കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. സ്ഥിരമായി രാത്രി യാത്ര ചെയ്യേണ്ടവരാണെങ്കിൽ ഈ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ സ്വന്തമായി ലൈസൻസുള്ള തോക്ക് കൈവശം വെയ്ക്കുകയാണ് വേണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥൻപോലും മീരയെ ഉപദേശിക്കുന്നു. മീരയും ഭർത്താവും തങ്ങളുടെ കാറിൽ എൻ.എച്ച് 10ലുടെയുള്ള യാത്രയിലും, ഇന്ത്യൻ ഗ്രാമങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന വയലൻസിനെ കുറിച്ച് കൃത്യമായി സംവിധായകൻ സൂചന നൽകുന്നുണ്ട്.
ഹൈവേയിൽ ഒരിടത്ത് പരസ്യമായി മദ്യപിച്ച് ചീട്ടുകളിച്ചിരിക്കുന്ന ഒരു സംഘത്തിന്റെ ഒറ്റ ഷോട്ടുമതി ആ ഫീൽ കിട്ടാൻ. വഴിചോദിച്ചുവരുന്ന ഒരാളെപ്പോലും പരിഹസിക്കയാണവർ. പെണ്ണുടലിലേക്ക് ഭീതി ഉയർത്തുന്ന രീതിയിൽ നോക്കുന്ന ഒരു ഗ്രാമീണന്റെ ഒരു ഷോട്ടിലൂടെ ആ പ്രദേശത്തിന്റെ പൊതു ചിത്രം സംവിധായകൻ വളരെ പെട്ടന്ന് പ്രേക്ഷകരിൽ എത്തിക്കുന്നു. (നമ്മൊളൊക്കെ നാഴികക്ക് നാൽപ്പതുവട്ടം കുറ്റം പറയുന്ന ഈ മലയാളനാട് എത്ര ഭേദമാണെന്ന് മനസ്സിലാക്കണമെങ്കിൽ വല്ലപ്പോഴുമൊക്കെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ ഒന്ന് കറങ്ങണം. എത്രയൊക്കെ അധപ്പതിച്ചാലും അപകടത്തിൽ പെട്ടവന്റെ കീശ തപ്പുന്ന പരിപാടിയൊന്നും ഇവിടെയില്ലല്ലോ?).
പെറ്റമ്മ മകൾക്ക് മരണം വിധിക്കുമ്പോൾ
ദുരഭിമാനക്കൊല ('ഹോണർ കില്ലിംങ്ങ്' എന്ന ഇംഗ്ലീഷ് വാക്കിന് അഭിമാനഹത്യയെന്ന തർജ്ജമ അപക്വമാണ്. ഇത് ദുരഭിമാനഹത്യതന്നെയാണ്). പതിവായിട്ടും അതുപരാമർശിക്കപ്പെടുന്ന എതാനും സിനിമകൾ മാത്രമാണ് ബോളിവുഡ്ഡിൽ ഉണ്ടായത്. ജാതിയുടെയും, ദുരഭിമാനത്തിന്റെയും, ഘർവാപ്പസിയുടെയുമൊക്കെകാലത്ത് ഈ സിനിമ ഉയർത്തുന്ന രാഷ്ട്രീയവും വ്യക്തമാണ്.
സ്വന്തം സഹോദരനും ബന്ധുക്കളും സഹോദരിയെയും ഭർത്താവിനെയും പട്ടിയെപ്പോലെ തല്ലിക്കൊല്ലുകയാണ്. ജാതിയുടെ രക്തശുദ്ധി സംരക്ഷിക്കാൻ. ജീവൻ പോകുന്നതിന് മുമ്പുതന്നെ അവരെ അടക്കാനുള്ള കൂഴി മറ്റുള്ളവർ കുഴിച്ചുവെക്കുന്നുമുണ്ട്. പൊലീസും അധികൃതരുമെല്ലാം ഈ കൊലപാതകത്തിന് കൂട്ടാണ്. സംഭവം ഇതാണെന്ന് അറിഞ്ഞതോടെ പൊലീസുകാർതന്നെ, മീരയെ പ്രതികൾക്ക് എത്തിച്ചുകൊടുക്കയാണ്. എന്തിന് പെറ്റമ്മപോലും ഈ പിശാചക്കൾക്ക് ഒപ്പമാണ് എന്നറിയുമ്പോഴാണ് വർണ്ണാശ്രമം ഇന്ത്യയിലുണ്ടാക്കിയ അന്ധതയുടെ ആഴം ബോധ്യപ്പെടുക. ജാതിയോട് കളിച്ചാൽ അമ്മപോലും നിങ്ങളെ കൈവിടും. മകളുടെ ഫോട്ടോയും അവൾ ഉപയോഗിച്ച വസ്തുക്കളുമെല്ലാം കൊട്ടയിലെറിയുന്ന അമ്മയ്ക്ക്, അവളുടെ മരണത്തിൽ യാതൊരു വിഷമവുമില്ല. (തീവ്രവാദത്തിൽ പെട്ടുപോയ മകന്റെ മയ്യത്ത് കാണേണ്ട എന്നു പറഞ്ഞ ഉമ്മമാരുടെ കഥയേ നമുക്ക് പരിചയമുള്ളൂ!). ഇതേ അമ്മതന്നെയാണ് അഭയം ചോദിച്ചത്തെുന്ന മീരയെ വീണ്ടും കൊലപാതകികൾക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുന്നതും.
സ്ത്രീകൾക്കുനേരെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന കൊടിയ അനീതിയും ചിത്രം എടുത്തുകാട്ടുന്നുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുള്ള ഗ്രാമമുഖ്യയുടെ വീട്ടിൽ മരുമകൾ വേലക്കാരിക്ക് സമമാണ്. ഏത് നിമിഷം വേണമെങ്കിലും അമ്മായിയമ്മക്ക് അകാരണമായി അവളുടെ മുഖത്തടിക്കാം. തലപിടച്ച് ചുമരിന് കുത്താം. എന്നാൽ തന്റെ മകനെക്കുറിച്ചും കൊച്ചുമകനെക്കുറിച്ചും അവർ അങ്ങേയറ്റം ആശങ്കാകുലയാണുതാനും.
അതേസമയം നഗരത്തിലെ മാറുന്ന സ്ത്രീ പുരുഷ ബന്ധങ്ങളം സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു. മീരയും ഭർത്താവ് അർജുനനും സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറുന്നത്. ഒന്നിച്ച് പാർട്ടിയിൽ പങ്കെടുക്കയും പുകവലിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
ഈ ചിത്ത്രിലെ ക്ലൈമാക്‌സ് അടുപ്പിച്ചുള്ള ചില സീനുകൾ മാത്രമേ ഈ ലേഖകന് വിയോജിപ്പുള്ളൂ. വാണിജ്യ ഹിന്ദി സിനിമയുടെ പതിവുമോഡലിൽ, ധർമ്മം ജയിക്കണം അധർമ്മം തോൽക്കണം എന്ന ജനഗണമന ഫോർമാറ്റിനുവേണ്ടിയുള്ളതെന്ന് തോന്നുന്ന രീതിയിലാണ് മീരയുടെ പ്രതികാരം. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന വാദം പറയാതെ പറയുന്ന ഈ രംഗങ്ങൾ ഒരുപക്ഷേ സംവിധായകൻ പറയാൻ ആഗ്രഹിക്കുന്ന കൃത്യമായ രാഷ്ട്രീയം തന്നെയായിരിക്കണം ഉയർത്തിപ്പിടിക്കുന്നത്.
തകർത്താടി അനുഷ്‌ക
അമ്പതാം വയസിലെത്തിയ പുരുഷകേസരിയും കോളജ് കുമാരനായി വേഷമിടത്തക്കവിധം താരാധിപത്യം ശക്തമായ ഹിന്ദി സിനിമയിലാണ് നായികയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ഈ ചിത്രമിറങ്ങിയതെന്ന് ഓർക്കണം. അനുഷ്‌കയുടെ കഥാപാത്രം ഒന്ന് പാളിപ്പോയാൽ മൊത്തം പണി പാളും. എന്നാൽ തകർത്ത് അഭിനയിച്ച് സിനിമയെ ലിഫ്റ്റ്‌ചെയ്ത്‌കൊണ്ടുപോവുകയാണ് ഈ നടി. ചിലപ്പോഴൊക്കെ നമ്മുടെ മഞ്ജുവാര്യരുടെ കൊതിപ്പിക്കുന്ന ഭാവങ്ങൾ എവിടെയൊക്കെയോ അനുഷ്‌കയിലും കാണാം. ദേശീയ തലത്തിലടക്കമുള്ള നിരവധി പുരസ്‌ക്കാരങ്ങളും ഈ യുവ നടിയെ കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തം.
വാൽക്കഷ്ണം: അവസാനമായി നന്ദി പറയോണ്ടത് നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ്താരം വിരാട് കോഹ് ലിയോടാണ്. ചിത്രം കണ്ട് 'എന്റെ പ്രണയത്തെക്കുറിച്ച് അഭിമാനംതോന്നുന്നുവെന്ന' കോഹ് ലിയുടെ ട്വീറ്റാണല്ലോ ഈ സിനിമയെ മാദ്ധ്യമ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത്. അനുഷ്‌കയെന്ന് പേര് ആദ്യമായി കേട്ടതും, ഈ ക്രിക്കറ്റ് താരത്തിന്റെ കാമുകി എന്ന ടാഗിലാണ്. ഒന്നുരണ്ട് ചിത്രങ്ങളിൽ അഭിനയിക്കയും പിന്നെ ക്രിക്കറ്റ് താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികളെയോ, ഇനിആരെയും കിട്ടിയില്ലെങ്കിൽ ദാവൂദ് സംഘത്തിലെ കൊടിയ ക്രിമിനലുകളെയൊക്കെയോ വലവീശിപ്പിടിക്കയെന്ന് ബോളിവുഡിലെ നടപ്പ് രീതിയാണ്. അതുപോലൊരു പടപ്പ് എന്നാണ് അനുഷ്‌കയെക്കുറിച്ചും ആദ്യം തോന്നിയത്. ആമിർ ഖാന്റെ 'പീകെ'യിലെ അനുഷ്‌കയുടെ പ്രകടനമാണ് ആ ധാരണമാറ്റിയത്. ഇപ്പോൾ ഈ പടംകൂടിയായതോടെ ഒരു കാര്യം പറയാം. ഈ രീതിയിൽപോവുകയാണെങ്കിൽ, ഭാവിയിൽ ചിലപ്പോൾ കോഹ് ലി, അനുഷ്‌കയുടെ കാമുകൻ എന്നപേരിലും അറിയപ്പെട്ടേക്കാം!