ചാത്തന്നൂർ: ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന് ഇനി പുതുവേഗം. ഇതിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 19കോടി രൂപ കൊല്ലം ഡപ്യൂട്ടി കലക്ടറുടെ അക്കൗണ്ടിലേക്കു കൈമാറി. എൻഎച്ച് അഥോറിറ്റിയാണ് തുക കൈമാറിയത്. ഏതാനും ദിവസത്തിനുള്ളിൽ ഡപ്യൂട്ടി കലക്ടറുടെ ഓഫിസ് മുഖേന നഷ്ടപരിഹാരം നൽകും. ഇതോടെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകും. പിന്നെ അതിവേഗ പണിയും.

ദേശീയപാത 66ന്റെ നിർമ്മാണ ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം സ്‌ട്രെച്ചുകളിലാണ് ദേശീയപാത നവീകരണം പ്രധാനമായും നടക്കുന്നത്. പ്രവൃത്തി പുരോഗമിക്കുന്ന നീലേശ്വരം- തളിപ്പറമ്പ് സ്‌ട്രെച്ചിലെ കുറച്ച് ഭാഗവും കാസർകോട് ജില്ലയിലുൾപ്പെടുന്നു. നീലേശ്വരം റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഇതിനൊപ്പമാണ് മറ്റ് ജില്ലകളിലേക്ക് നിർമ്മാണം വേഗത്തിലാക്കുന്നത്. കൊല്ലത്തെ പണികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം ഡപ്യൂട്ടി കളക്ടർക്ക് തുക അനുവദിച്ചത്.

2025ഓടെ കേരളത്തിൽ ദേശീയപാത 66 വികസനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 15 റീച്ചുകളിൽ പ്രവൃത്തി പൂർണാർഥത്തിൽ പുരോഗമിക്കുന്നു. ഏറ്റെടുക്കേണ്ട 1079.06 ഹെക്ടർ ഭൂമിയിൽ 1062.96 ഹെക്ടർ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്ത് മറ്റെവിടെയും ഇല്ലാത്ത വിധം സ്ഥലമേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിക്കുന്നത്. ഇതിനായി 5580 കോടി രൂപ കേരളം ഇതിനോടകം നൽകിക്കഴിഞ്ഞു.
2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. ദേശീയപാത-66 പരിപൂർണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകുമെന്നാണ് വിലയിരുത്തൽ.

കൊല്ലം ജില്ലയിൽ നഷ്ടപരിഹാരം ഉറപ്പായിട്ടും ഏറ്റെടുത്ത ഭൂമിയിൽ നിന്നും ഇനിയും ഒഴിയാത്ത സ്ഥാപനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പൊളിച്ചു നീക്കാൻ നിർദ്ദേശം. കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിഛേദിക്കാൻ കെഎസ്ഇബിക്കു നിർദ്ദേശം നൽകി. കെട്ടിടങ്ങൾ ഒഴിഞ്ഞു നൽകാത്തത് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കു പ്രതിസന്ധിയായതോടെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ സർക്കാർ നിർദ്ദേശം നൽകിയത്. ഇനി ഒരറിയിപ്പ് ഇല്ലാതെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് തീരുമാനം.

പൊളിക്കാത്ത കെട്ടിടങ്ങൾ കരാർ കമ്പനികൾ പൊളിക്കും. കൊല്ലം ജില്ലയിൽ 720 കെട്ടിടങ്ങളാണ് പൊളിക്കാൻ ഉള്ളത്. ഇതിൽ സർക്കാർ കെട്ടിടങ്ങളും ഉൾപ്പെടും. കരുനാഗപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, പാരിപ്പള്ളി ഭാഗങ്ങളിലാണ് പൊളിച്ചു മാറ്റാനുള്ള കെട്ടിടങ്ങൾ കൂടുതൽ. ആകെ 5100 കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ദേശീയപാത ഓരത്തെ വൃക്ഷങ്ങളും മുറിച്ചു മാറ്റും.

ഏറ്റെടുത്ത ഭൂമിയിൽ വാടകയ്ക്കു പ്രവർത്തിച്ചിരുന്ന കച്ചവട സ്ഥാപനങ്ങൾക്ക് 75,000 രൂപ വീതവും പെട്ടിക്കടകൾക്ക് 25,000 രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും. സ്‌പെഷൽ തഹസിൽദാർ ഓഫിസുകളിൽ ലഭിച്ച അപേക്ഷകളിൽ നഷ്ടപരിഹാര കമ്മിറ്റി തയാറാക്കിയ അർഹത പട്ടിക അനുസരിച്ചാണ് തുക വിതരണം. ജില്ലയിൽ രണ്ടായിരത്തി ഒരുനൂറോളം വ്യാപാരികൾക്കാണു നഷ്ടപരിഹാരം ലഭിക്കുക, കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയിൽ ദേശീയപാത നിർമ്മാണം സംബന്ധിച്ച് അവലോകന യോഗം നടത്തിയിരുന്നു.

പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം നടത്തിയ യോഗത്തിൽ എൻഎച്ച് അഥോറിറ്റി, റവന്യു വകുപ്പ്, വൈദ്യുതി, ജലവകുപ്പ്, കരാർ കമ്പനി തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.ദേശീയപാതയുടെ നിർമ്മാണ കാലാവധി ഇനി 20 മാസമാണ് അവശേഷിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വ്യാപാരികളുടെ നഷ്ടപരിഹാരം ഉടൻ നൽകാനും യോഗത്തിൽ തീരുമാനം ഉണ്ടായി.ജില്ലയിൽ 6 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വികസിപ്പിക്കുന്നത്. നിർമ്മാണ അടങ്കൽ തുക 2965 കോടി രൂപയാണ്.

കരാർ കമ്പനികൾ പൊളിച്ചാൽ പിടിച്ചിട്ടിരിക്കുന്ന 6% തുക തിരികെ ലഭിക്കുമെന്ന് വ്യാജ പ്രചാരണം നൽകി കെട്ടിട ഉടമകളെ കബളിപ്പിക്കുന്ന സംഘങ്ങൾ വ്യാപകമാണ്. തുക നൽകുന്നത് സംബന്ധിച്ചു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.