തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനം എല്ലാക്കാലത്തും ഇഴഞ്ഞു നീങ്ങിയിട്ടുള്ള ചരിത്രമാണ് ഉണ്ടായിരുന്നത്. സ്ഥലമെടുത്തു തന്നൊയിയിരുന്നു ഇവിടെ വില്ലനായിരുന്നത്. ഇതിന് ഒരു മാറ്റം വന്നത് കഴിഞ്ഞ സർക്കാറിന്റെ കാലത്താണ്. ജി സുധാകരൻ പൊതുമരാമത്ത് വകുപ്പു മന്ത്രിയായപ്പോൾ അതിവേഗത്തിൽ തന്നെ സ്ഥലപെടുപ്പ് അടക്കമുള്ള കാര്യങ്ങൾ മുന്നോട്ടു പോയി. അതിന്റെ തുടർച്ചയായി ഇപ്പോഴും വേഗതയിൽ തന്നെയാണ് ദേശീയപാതാ 66ന്റെ വികസനം മുന്നോട്ടു പോകുന്നത്.

ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായ കരാർ നടപടികൾ പൂർത്തിയായിരിക്കയാണ്. ഇതോടെ പാതവികസനത്തിന് ഇനി വേഗം കൂടും. സ്ഥലമേറ്റെടുപ്പ് മാർച്ച് 15-നകം പൂർത്തിയാക്കി മുഴുവൻ രേഖകളും ദേശീയപാത അഥോറിറ്റിക്ക് കൈമാറാനാണ് മുഖ്യമന്ത്രി കളക്ടർമാർക്ക് നൽകിയ നിർദ്ദേശം. രണ്ടുറീച്ചുകളിലായിരുന്നു നിർമ്മാണക്കരാർ ഇതുവരെ നൽകാതിരുന്നത്. കഴിഞ്ഞദിവസവും ഈ റീച്ചുകളിലും കരാറായി. കഴക്കൂട്ടം-കടമ്പാട്ടുകോണം റീച്ചിന്റെ നിർമ്മാണച്ചുമതല കൊച്ചി ആസ്ഥാനമായുള്ള ആർ.ഡി.എസ്. എന്ന കമ്പനിക്കാണ്. 795 കോടി രൂപയുടേതാണ് കരാർ. കഴക്കൂട്ടം പാത ഓഗസ്റ്റിന് മുൻപേ പൂർത്തിയാകും.

മറ്റൊരു റീച്ചായ പറവൂർ-കൊറ്റംകുളങ്ങര പാത നിർമ്മാണക്കരാർ ഹൈദരാബാദ് ആസ്ഥാനായ സ്യൂ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്കാണ്. 1182 കോടിയുടേതാണ് കരാർ. ആകെ 20 റീച്ചുകൾ തിരിച്ചാണ് സംസ്ഥാനത്ത് ദേശീയപാത വികസനക്കരാർ നൽകിയിരിക്കുന്നത്. സ്ഥലമേറ്റെടുത്ത് രേഖകൾ 90 ശതമാനമെങ്കിലും കൈമാറിയാലേ പണി തുടങ്ങാനാകൂവെന്ന് ദേശീയപാതായധികൃതർ പറഞ്ഞു. ഭൂമിയുടെ രേഖകൾ കൈമാറിക്കഴിഞ്ഞാൽ രണ്ടരവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കമ്പനികളുമായുള്ള കരാർ.

കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കാരോടുവരെ ഏകദേശം 646.30 കിലോമീറ്റർ ദേശീയപാതയാണ് ആറുവരിയാക്കുന്നത്. ഭൂമിയേറ്റെടുക്കലിന്റെ 75 ശതമാനം തുക കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. 2025-ടെ ദേശീയപാത വികസനം പൂർണമാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ത്യശ്ശൂർ ജില്ലകളിലാണ് സ്ഥലമേറ്റെടുത്തതിന്റെ രേഖകൾ പൂർണമായും കൈമാറാത്തത്. സ്ഥലം ഏറ്റെടുത്ത് നൽകേണ്ട ചുമതല സംസ്ഥാനസർക്കാരിനാണ്. ദേശീയപാത അഥോറിറ്റി നഷ്ടപരിഹാരമായി 21,670 കോടി രൂപയാണ് സംസ്ഥാനത്തിന് നൽകിയിരിക്കുന്നത്.

ഇതിൽ ഏകദേശം 12,000 കോടി രൂപയുടെ നഷ്ടപരിഹാരം മാത്രമേ വിതരണംചെയ്തിട്ടുള്ളൂ. പാത വികസനത്തിന് തെക്കൻജില്ലകളിൽ ആദ്യമായി ഭൂമി കൈമാറിയ തിരുവനന്തപുരം ജില്ലയിൽപ്പോലും സ്ഥലമേറ്റെടുപ്പ് പൂർണമല്ല. ഇവിടെ നഷ്ടപരിഹാരം പൂർണമായും നൽകിയിട്ടില്ല. 595 കോടി രൂപയാണ് തിരുവനന്തപുരത്തുമാത്രം വിതരണം ചെയ്യാനുള്ളത്.

കോഴിക്കോട്, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. ഇവിടങ്ങളിൽ ഭൂരിഭാഗംപേർക്കും നഷ്ടപരിഹാരവും വിതരണംചെയ്തു. കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കാരോടുവരെ ഏകദേശം 646.30 കിലോമീറ്റർ ദേശീയപാതയാണ് ആറുവരിയാക്കുന്നത്. ഭൂമിയേറ്റെടുക്കലിന്റെ 75 ശതമാനം തുക കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. 45 മീറ്റർ വീതിയിൽ ആറു വരിയാക്കുകയാണ് ചെയ്യുന്നത്.

കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള റോഡ് നിർമ്മാണം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. കേന്ദ്രം 75 ശതമാനം തുക മുടക്കുമ്പോൾ ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരും നൽകുന്നുണ്ട്. ഇപ്പോൾ ദേശീയ പാത 66 പലയിടത്തും 2 വരിയാണ്, റോഡിന്റെ സ്ഥിതി മിക്കയിടങ്ങളിലും പരിതാപകരമാണ്. പ്രത്യേകിച്ചു മലബാർ മേഖലയിലും ആലപ്പുഴ, കൊല്ലം ജില്ലകളിലും.

മികച്ച നഷ്ടപരിഹാരം നൽകുന്നതിനാൽ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ടു കാര്യമായ തർക്കങ്ങൾ ഇല്ല. 2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുകയാണു ഭൂവുടമകൾക്കു ലഭിക്കുന്നത്. മലബാർ മേഖലയിലും തൃശൂർ ജില്ലയിലും നഷ്ടപരിഹാര വിതരണം നടന്നു വരികയാണ്. എറണാകുളം ജില്ലയിലും നഷ്ടപരിഹാരം കൊടുത്തു തുടങ്ങിയിട്ടുണ്ട്. 6 മാസത്തിനകം നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും. മഹാരാഷ്ട്രയിലെ പനവേലിൽ ആരംഭിച്ചു തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന എൻഎച്ച് 66ന്റെ ആകെ ദൈർഘ്യം 1622 കിലോമീറ്ററാണ്. ഗോവ, കർണാടക വഴി കൊങ്കൺ തീരത്തു കൂടിയുള്ള പാതയുടെ ഏറ്റവും കൂടുതൽ ദൂരം കടന്നു പോകുന്നതു കേരളത്തിലൂടെയാണ്.