തിരൂർ: കുറ്റിപ്പുറത്ത് ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്റെ സർവേ നടപടികൾ തുടങ്ങാൻ അധികൃതർ എത്തിയതോടെ ഇത് തടഞ്ഞ് ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ. വൻ പൊലീസ് സന്നാഹത്തോടെയാണ് റവന്യൂ അധികൃതർ ദേശീയപാതയ്ക്കായി സ്ഥലം അളക്കാൻ എത്തിയത്. എന്നാൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. മുദ്രാവാക്യം വിളികളുമായി നൂറുകണക്കിന് പേർ ദേശീയ പാത ഉപരോധിക്കാനെത്തി. അലൈന്മെന്റിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യമുയരുന്നത്. കുറ്റിപ്പുറം പ്രദേശത്ത് നിരവധി പേർക്ക് വീടും കച്ചവട സ്ഥാപനങ്ങളുമെല്ലാം നഷ്ടപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മതിയായ നഷ്ടപരിഹാരം നൽകിയേ സ്ഥലം ഏറ്റെടുക്കൂ എന്നും ജനങ്ങൾ സഹകരിക്കണമെന്നുമാണ് റവന്യൂ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഭൂമി വില ആദ്യം നിശ്ചയിക്കണമെന്ന് സമരക്കാർ.

ഒക്ടോബറിനകം സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. കുറ്റിപ്പുറം പാലം മുതൽ ഇടിമൂഴിക്കൽ വരെ 54 കി.മീ നീളത്തിലാണ് സർവേ നടക്കുക. ഇതന്റെ മുന്നോടിയായി നിലവിലെ പാതയുടെ മധ്യഭാഗം അടയാളപ്പെടുത്തി ഇരുഭാഗത്തേക്കും 22.5 മീറ്റർ നീളത്തിൽ അളന്ന് തിട്ടപ്പെടുത്തി അതിർത്തിയിൽ കല്ലുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കാൻ അധികൃതർ എത്തിയ സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. ഇതോടൊപ്പം ഏറ്റെടുക്കേണ്ട ഭൂമിയുടെയും മറ്റും സർവേ നടത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിലാണ് നടപടികൾ.

ഏറ്റെടുക്കേണ്ട ഭൂമി, കെട്ടിടം, മരങ്ങൾ, കൃഷി എന്നിവ റവന്യൂ സംഘം തീരുമാനിക്കും. ആദ്യപടിയായി പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ മൂല്യനിർണയം നടത്തും. ഏറ്റെടുക്കുന്ന ഭൂമിയുടെ അഞ്ച് കി.മീറ്റർ ചുറ്റളവിൽ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ കാണിച്ച കൂടിയ വിലയാണ് വിപണി വിലയായി നിശ്ചയിക്കുക. ഗ്രാമ പ്രദേശങ്ങളിൽ ഈ തുകയെ 1.2 കൊണ്ട് ഗുണിച്ചാൽ കിട്ടുന്നത് എത്രയാണോ അതായിരിക്കും വിപണി വില. ഭൂമിയിൽ കെട്ടിടങ്ങളുണ്ടെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത്രയും വലിപ്പമുള്ള കെട്ടിടം നിർമ്മിക്കാൻ പൊതുമരാമത്ത് എത്ര തുകയാണോ കണക്കാക്കുന്നത് അതായിരിക്കും വില.

കൃഷി, മരങ്ങൾ എന്നിവക്കും േെവവ്വറെ തുക ലഭിക്കും. ഇതെല്ലാം കൂട്ടിയതിനുശേഷം ലഭിക്കുന്നതിന്റെ ഇരട്ടിയാണ് സർക്കാർ നഷ്ടപരിഹാരമായി നൽകുകയെന്ന് വ്യക്തമാക്കിയിരുന്നു. ഉദാഹരണത്തിന് ഭൂമിക്കും കെട്ടിടത്തിനും എല്ലാം കൂടി 25 ലക്ഷമാണ് വില നിശ്ചയിച്ചിരിക്കുന്നതെങ്കിൽ ഉടമക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. ഇതു കൂടാതെ വിജ്ഞാപനം ഇറങ്ങിയ മാർച്ച് ഒന്നുമുതൽ നഷ്ടപരിഹാരം ലഭ്യമാകുന്ന തീയതി വരെ ഏറ്റെടുക്കുന്ന ഭൂമിക്ക് നിശ്ചയിച്ച വിപണി വിലയുടെ 12 ശതമാനം പലിശയായും ലഭിക്കും.

ഭൂമി ഏറ്റെടുക്കുന്നതിന്റെ സർവേ നടപടികൾ തുടങ്ങുന്നതിന് 3 എ വിജ്ഞാപനമാണ് സർക്കാർ ഇറക്കിയിരിക്കുന്നത്. ഇത് പത്രങ്ങളിൽ നൽകുന്ന തീയതി മുതൽ 21 ദിവസം വരെ ഉടമകൾക്ക് പരാതികൾ സമർപ്പിക്കാം. സർവേ നടപടികൾ പൂർത്തിയാക്കിയതിനുശേഷം മെയ്‌ അവസാനത്തോടെ 3 ഡി വിജ്ഞാപനം ഇറക്കും. ഇതിനുശേഷം ഉടമകൾക്ക് നോട്ടീസ് നൽകും. ഒക്ടോബറോടെ സ്ഥലമേറ്റെടുക്കൽ നടപടികളെല്ലാം പൂർത്തിയാക്കാനാവുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. ജനകീയ പ്രക്ഷോഭം ശക്തമായാൽ ഇതിൽ താമസം വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രേഖകൾ യഥാസമയം സമർപ്പിക്കുന്നവർക്ക് നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്ന് ഡോ. അരുൺ വ്യക്തമാക്കിയിരുന്നു.