- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ബൈപ്പാസ് വീതികൂട്ടൽ പദ്ധതിക്ക് പുതിയ വില്ലൻ; ലാൻഡ് അക്വിസിഷൻ പൂർത്തിയാക്കിയ നാഷണൽ ഹൈവേ അഥോറിറ്റിക്ക് ഇനി മരം മുറിക്കൽ മറ്റൊരു കടമ്പ; നാല് പതിറ്റാണ്ട് മുമ്പത്തെ പദ്ധതിയക്ക് ശാപമോക്ഷമുണ്ടാകുമോ?
തിരുവനന്തപുരം: തലസ്ഥാനത്തെ കഴക്കൂട്ടം-മുക്കോല ബൈപ്പാസിന്റെ ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം ഉണ്ടാകില്ല. കഴക്കൂട്ടം- മുക്കോല റോഡു വീതി കൂട്ടലിന് ലാൻഡ് അക്വിസിഷൻ നടപടികൾ പൂർത്തിയാക്കാൻ നാലു പതിറ്റാണ്ടു വേണ്ടി വന്ന നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യ്ക്ക് മുന്നിൽ മറ്റൊരു കടമ്പ കൂടി. റോഡു വീതി കൂട്ടുമ്പോൾ മുറിക്കേണ്ടി വരുന്ന ആറാ
തിരുവനന്തപുരം: തലസ്ഥാനത്തെ കഴക്കൂട്ടം-മുക്കോല ബൈപ്പാസിന്റെ ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം ഉണ്ടാകില്ല. കഴക്കൂട്ടം- മുക്കോല റോഡു വീതി കൂട്ടലിന് ലാൻഡ് അക്വിസിഷൻ നടപടികൾ പൂർത്തിയാക്കാൻ നാലു പതിറ്റാണ്ടു വേണ്ടി വന്ന നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യ്ക്ക് മുന്നിൽ മറ്റൊരു കടമ്പ കൂടി. റോഡു വീതി കൂട്ടുമ്പോൾ മുറിക്കേണ്ടി വരുന്ന ആറായിരം മരങ്ങൾ സംബന്ധിച്ച് സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് അനുവാദം ലഭിക്കുകയെന്നതാണ് എൻഎച്ച്എഐയ്ക്ക് ഇപ്പോൾ നേരിടേണ്ടി വരുന്ന മറ്റൊരു കടമ്പ.
കഴക്കൂട്ടം-മുക്കോല റോഡു വീതി കൂട്ടാൻ നാഷണൽ ഹൈവേ അഥോറിറ്റി നാല്പതു വർഷം മുമ്പാണ് നടപടികൾ സ്വീകരിച്ചു തുടങ്ങിയത്. ലാൻഡ് അക്വിസിഷൻ തന്നെയായിരുന്നു ഇതിനു തടസമായി നിന്നിരുന്ന പ്രധാന പ്രശ്‌നവും. എന്നാൽ റോഡിനു വേണ്ട ഭൂമി എടുക്കൽ നടപടികൾ പൂർത്തിയാക്കിയ ഹൈവേ അഥോറിറ്റിക്കു മുമ്പിൽ മറ്റൊരു പ്രശ്‌നം കൂടി ഉയർന്നു വരികയായിരുന്നു. ഈ മേഖലയിൽ റോഡിന് വീതികൂട്ടുമ്പോൾ റോഡിന് ഇരുവശവുമുള്ള മരങ്ങൾ മുറിക്കുന്നതിന് സോഷ്യൽ ഫോറസ്ട്രിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ദേശീയ പാത അഥോറിറ്റി.
കേന്ദ്രത്തിൽ നിന്നും മറ്റുമുള്ള ഒട്ടേറെ അനുമതികൾക്കായി ഏറെ കാലതാമസം നേരിട്ട എൻഎച്ച്എഐ ഇപ്പോൾ റോഡു നിർമ്മാണത്തിന് ടെൻഡർ വിളിച്ചിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎൻആർ കൺസ്ട്രക്ഷൻ ആണ് ഇപ്പോൾ തുക കുറച്ച് ടെൻഡർ എടുത്തിട്ടുള്ളത്. റോഡ് ട്രാൻസ്‌പോർട്ടേഷൻ ഹൈവേസ് മന്ത്രാലയത്തിൽ നിന്ന് ഇതുസംബന്ധിച്ച് അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് എൻഎച്ച്എഐ.
എന്നാൽ മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിച്ചാലും മരം മുറിക്കുന്നതു സംബന്ധിച്ച് തർക്കം ഉള്ളതിനാൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ ഇനിയും കാലതാമസം നേരിടുമെന്നാണ് വിലയിരുത്തുന്നത്. മരങ്ങൾ മുറിച്ച് തടസങ്ങൾ ഒഴിവായതിനു ശേഷം മാത്രമേ നിർമ്മാണപ്രവർത്തനം ആരംഭിക്കാൻ എൻഎച്ച്എഐ ലെറ്റർ ഓഫ് അക്‌സെപ്റ്റൻസ് (എൽഒഎ) നൽകുകയുള്ളൂ. എൽഎഒ ലഭിച്ചാൽ മാത്രമേ കോൺട്രാക്ടർക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധ്യമാകുകയുള്ളൂ. എൽഎഒ നൽകാൻ അനാവശ്യ കാലതാമസം നേരിട്ടാൽ കോൺട്രാക്ടിൽ നിന്നും കമ്പനി പിൻവാങ്ങാനാണ് സാധ്യതയെന്നുമാണ് വിലയിരുത്തുന്നത്.
അതേസമയം ട്രീ പ്രൊട്ടക്ഷൻ കമ്മിറ്റി (ടിപിസി)യിൽ നിന്നു നിർദ്ദേശങ്ങൾ ലഭിച്ചതനുസരിച്ച് ഫോറൻസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ദേശീയ ഹൈവേ അഥോറിറ്റിക്ക് ഇതുസംബന്ധിച്ച് കത്തു നൽകുമെന്നാണ് അറിയുന്നത്. റോഡിന് ഇരുവശവുമുള്ള മരങ്ങൾ കഴിവതും നിലനിർത്തിക്കൊണ്ടു തന്നെ നിർമ്മാണം നടത്താനാണ് ഫോറൻസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെടുക. ആറായിരത്തോളം മരങ്ങൾ മുറിക്കാനാണ് എൻഎച്ച്എഐ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും നിർമ്മാണവുമായി ബന്ധപ്പെട്ട് പതിനായിരത്തോളം മരങ്ങളുടെ കടയ്ക്കൽ കത്തിവെയ്‌ക്കേണ്ടി വരുമെന്നാണ് ടിപിസി അംഗം ആർ ശ്രീധർ അഭിപ്രായപ്പെടുന്നത്.
കഴിവതും പരമാവധി മരങ്ങൾ നിലനിർത്തിക്കൊണ്ട് റോഡു പണി പൂർത്തിയാക്കാം എന്ന് എൻഎച്ച്എഐയിൽ നിന്ന് ഉറപ്പ് ലഭിക്കാത്തിടത്തോളം കാലം സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് അനുവാദം നൽകുകയില്ലെന്നുമാണ് സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റ് ഗ്രേഡ് ഡെപ്യൂട്ടി റേഞ്ചർ കെ ഉദയൻ നായർ പറയുന്നത്. മരങ്ങൾ കഴിവതും ഒഴിവാക്കി പാത വഴിതിരിച്ചു വിടാനുള്ള പദ്ധതി എൻഎച്ച്എഐ അംഗീകരിക്കുന്നുമില്ല. ഇതൊക്കെ മുൻനിർത്തി മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച് കൂടുതൽ പരിശോധനയ്ക്ക് തയാറാകുകയാണ് സോഷ്യൽ ഫോറസ്ട്രി എന്നാണ് വ്യക്തമാക്കുന്നത്.
മരങ്ങൾ നിലനിർത്തുന്നതും മുറിക്കുന്നതും സംബന്ധിച്ച് ദേശീയ ഹൈവേ അഥോറിറ്റിയും സോഷ്യൽ ഫോറസ്ട്രിയും തമ്മിൽ ധാരണയിൽ ആകാതെ നാല്പതു വർഷം പിന്നിട്ട കഴക്കൂട്ടം-മുക്കോല റോഡ് വീതികൂട്ടൽ പദ്ധതി യാഥാർഥ്യമാകില്ലെന്നു തന്നെയാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ദേശീയ പാത വഴി തിരുവനന്തപുരം സിറ്റിയുടെ തിരിക്കില്ലാതെ യാത്ര ചെയ്യുന്നതിനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വന്നത്. രണ്ട് വരി പാതയായി ബൈപ്പാസ് നിലവിലുണ്ട്. എന്നാൽ ടെക്‌നോപാർക്ക്, വിമാനത്താവളം എന്നിവയ്ക്ക് സമീപത്തുകൂടെയുള്ള റോഡിൽ തിരക്കും കൂടി.
അതുകൊണ്ട് തന്നെ റോഡിന്റെ വീതി കൂട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പുതിയ കടമ്പ റോഡ് വീതിക്കൂട്ടലിന് തടസ്സമായെത്തുന്നത്.