ന്യൂഡൽഹി: കനകമല ഐ എസ് റിക്രൂട്ട്മന്റ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം വീണ്ടും ഫ്രാൻസിലേക്ക്. ഈ കേസിലെ പ്രതി സുബ്ഹാനിക്ക് പാരീസ് ആക്രമണ കേസിൽ പിടിയിലായ അബ്ദുൾ അയൂബിനെ പരിചയമുണ്ടെന്ന വെളിപ്പെടുത്തൽ പ്രകാരമാണ് എൻ ഐ എ സംഘം പാരീസിൽ പോകുന്നത്.

സുബ്ഹാനിയുടെ വെളിപ്പെടുത്തൽ ഫ്രാൻസിലെ അന്വേഷണ സംഘത്തെ അറിയിച്ചതിനെ തുടർന്ന് അവിടെ നിന്നുള്ള ക്ഷണപ്രകാരം എൻ ഐ എ സംഘം നേരത്തേ ഫ്രാൻസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു.

കൂടുതൽ വിവരങ്ങൾ ലഭിക്കാനാണ് വീണ്ടും ഫ്രാൻസിൽ പോകുന്നത്. ഫ്രാൻസിൽ നിന്ന് അന്വേഷണ സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

കനകമല കേസിൽ അറസ്റ്റിലായ സുബ്ഹാനിക്ക് ഐ എസ് പരിശീലനം കിട്ടിയിട്ടുണ്ടെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും എൻഐഎയുടെ പക്കലുണ്ട്.