- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിലെ അദാനി തുറമുഖത്തുനിന്ന് 3000 കിലോ മയക്കുമരുന്ന് പിടികൂടിയ കേസ് എൻ.ഐ.എ അന്വേഷിക്കും; കണ്ടെയ്നറുകളിൽ നിന്ന് പിടികൂടിയത് 21,000 കോടി രൂപ വിലവരുന്ന ഹെറോയ്ൻ; വെണ്ണക്കല്ലുകൾ എന്ന വ്യാജേന ഇറാനിൽ നിന്നു ലോഡ് എത്തിച്ചത് ചെന്നൈ സ്വദേശികളായ ദമ്പതികൾ
ന്യൂഡൽഹി: ഗുജറാത്തിലെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിൽനിന്ന് 3000 കിലോയോളം മയക്കുമരുന്ന് കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കും. 21,000 കോടി രൂപ വിലവരുന്ന 2988 കിലോ ഹെറോയ്ൻ ആണ് സെപ്റ്റംബറിൽ തുറമുഖത്തെത്തിയ കണ്ടെയ്നറുകളിൽനിന്ന് പിടികൂടിയത്. ഇതിൽ ഒരു കിലോക്ക് അഞ്ചുമുതൽ ഏഴുകോടി വരെ വില വരും. വമ്പൻ സ്രാവുകളാണ് ഈ മയക്കുമരുന്ന് കടത്തിന് പിന്നിലുള്ളത് എന്നത് വ്യക്തമാണ്. അതുകൊണ്ടു കൂടിയാണ് വിശദമായ അന്വേഷണത്തിന് എൻഐഎ ഒരുങ്ങുന്നത്.
അഫ്ഗാനിസ്താനിൽനിന്നുള്ള ചരക്കുകൾ അടങ്ങിയ പെട്ടികൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ഐ ഓഫിസർമാർ രണ്ട് പെട്ടികൾ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. പരിശോധനയിൽ ഹെറോയിന്റെ അംശം കണ്ടെത്തി. ആന്ധ്രയിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്ത ട്രേഡിങ് കമ്പനിയാണ് ഇറക്കുമതിക്കാർ. പാതി സംസ്കരിച്ച വെണ്ണക്കല്ലുകൾ എന്ന വ്യാജേനയാണ് ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്.
സംഭവത്തിൽ അഞ്ചുവിദേശികൾ ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ സ്വദേശികളായ ദമ്പതികൾ എം. സുധാകർ, ദുർഗ വൈശാലി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. തിങ്കളാഴ്ച ഇരുവരെയും സ്പെഷൽ കോടതി 10 ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരുന്നു. തീവ്രവാദ പ്രവർത്തങ്ങൾക്ക് പണം കണ്ടെത്തുന്നതിനാണ് മയക്കുമരുന്ന് വിൽപ്പനയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് തങ്ങൾക്കറിയില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. തങ്ങൾ തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രമാണെന്നും ഷിപ്മെന്റുകൾ തങ്ങൾ പരിശോധിക്കാറില്ലെന്നും കമ്പനി വിശദീകരിച്ചു. തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണ്. ഡി.ആർ.ഐ , കസ്റ്റംസ് ടീമിനെ തങ്ങൾ അഭിനന്ദിക്കുകയാണെന്നും അദാനി ഗ്രൂപ്പ് വാർത്ത കുറിപ്പിലൂടെ അറിയിച്ചിരുന്നു.
സംഭവത്തിൽ സർക്കാറിനെതിരെ കോൺഗ്രസ് രംഗത്തു വന്നിരുന്നു. 'ഗുജറാത്തിൽ പിടിച്ചത് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെത്തന്നെ ഏറ്റവും വലുതാണ്. ഇതെങ്ങനെ വന്നു. സർക്കാറും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും എന്താണ് ചെയ്യുന്നത്'' -കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. അന്തർദേശീയ വിപണിയിൽ കിലോക്ക് അഞ്ച് കോടി വിലവരുന്ന ഹെറോയിൻ ആണ് പിടികൂടിയത്. അഫ്ഗാനിസ്താനിൽനിന്നുള്ള ചരക്കുകൾ അടങ്ങിയ പെട്ടികൾ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഡി.ആർ.ഐ ഓഫിസർമാർ രണ്ട് പെട്ടികൾ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. പരിശോധനയിൽ ഹെറോയിന്റെ അംശം കണ്ടെത്തി. ആന്ധ്രയിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്ത ട്രേഡിങ് കമ്പനിയാണ് ഇറക്കുമതിക്കാർ.
മറുനാടന് ഡെസ്ക്