കൊച്ചി: കേരളത്തിലെ തീവ്രവാദ വേരുകളുടെ അഴം തിരിച്ചറിഞ്ഞ് തുടങ്ങിയത് പാനായിക്കുളം സിമി ക്യാമ്പ് കേസിലൂടെയാണ്. അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുടെ മാതൃക കേരളത്തിൽ അവതരിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ബിനാനിപുരം പൊലീസിന് ലഭിച്ച രഹസ്യ വിവരം എല്ലാം അട്ടിമറിച്ചു. പൊലീസിന്റെ കൃത്യമായ ഇടപടെലിൽ ക്യാമ്പിനെത്തിയവർ കൈയോടെ പിടിയിലായി. പിന്നീട് അന്വേഷണത്തിൽ നിർണ്ണായകമായ പല വഴിത്തിരിവുകളുമുണ്ടായി. പ്രതികളെ രക്ഷിക്കാൻ പൊലീസ് തന്നെ ശ്രമിച്ചെന്നും ആക്ഷേപമെത്തി. അങ്ങനെ കേസ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ കൈയിലുമെത്തി. ഒൻപത് വർഷത്തിന് ശേഷം കേസിൽ വിധിയും.

കേരളത്തിലെ തീവ്രവാദ സാന്നിധ്യത്തിന്റെ ചർച്ചകൾക്ക് പുതിയ മാനം വരുന്നത് പാനായിക്കുളം കേസോടെയാണ്. തടിയന്റവിടെ നസീറിനെ പോലുള്ളവരുടെ ലഷ്‌കർ ബന്ധം ഉയർന്ന വന്നതോടെ പാനായിക്കുളത്തെ ക്യാമ്പ് ചർച്ചകളിലെത്തി. വാഗമണ്ണും തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമാണെന്ന് പിന്നീട് കണ്ടെത്തി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ലഷ്‌കർ ഇ തോയിബയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നുവെന്നതും ഗൗരവത്തോടെ കണ്ടു. കേന്ദ്ര ഇന്റലിജൻസിന്റെ പ്രവർത്തനവും കേരളത്തിൽ സജീവമാക്കിയത് പാനായിക്കുളം കേസാണ്. പക്ഷേ കേസിൽ വിചാരണ പൂർത്തിയായി വിധി വരുമ്പോൾ ഗുഢാലോചനയുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടു വരാൻ എൻഐഎയ്ക്കും ആയിട്ടില്ല. അന്വേഷണത്തിന്റെ തുടക്കത്തിലെ പിഴവുകളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

2006ലെ സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളം ടൗണിലെ ഹാപ്പി ഓഡിറ്റോറിയത്തിന്റെ രണ്ടാം നിലയിൽവച്ചാണ് പരിപാടി നടന്നത്. ബിനാനിപുരം പൊലീസ്സ്‌റ്റേഷൻ എസ്.ഐ കെ.എൻ. രാജേഷ് പട്രോളിങ് നടത്തുന്നതിനിടെ സിമിയുടെ രഹസ്യ മീറ്റിങ്ങിനെക്കുറിച്ച് വിവരം ലഭിക്കുകയും ഉടൻ അങ്ങോട്ട് പോവുകയും ചെയ്തു. ഓഡിറ്റോറിയത്തിലത്തെിയ രാജേഷ് രഹസ്യയോഗം ഒളിഞ്ഞുനിന്ന് കേട്ടു. പി.എ. ഷാദുലി, റാസിക്, അൻസാർ, നിസാമുദ്ദീൻ, ഷമ്മി എന്നിവർ വേദിയിലും പതിമൂന്നുപേർ ശ്രോതാക്കളായും ഉണ്ടായിരുന്നു. യോഗത്തിൽ രാജ്യദ്രോഹപരമായ കാര്യങ്ങൾ സംസാരിക്കുകയും ശ്രോതാക്കളായി ഇരുന്നവർ അതുകേട്ട് കൈയടിക്കുകയും ചെയ്യുന്നത് കണ്ടു. രാജേഷ് സംഭവസ്ഥലത്തുണ്ടായിരുന്ന പതിനെട്ടുപേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് അന്നത്തെ ആലുവ റൂറൽ എസ്‌പി എം. വഹാബ് 13 പേരെ അപ്പോൾ തന്നെ വിട്ടയച്ചവെന്ന ആക്ഷേപമാണ് സജീവമായത്. ഇതേ തുടർന്ന് യോഗത്തിൽ പങ്കെടുത്ത റഷീദിനെ വാദിയാക്കി അഞ്ചു പേർക്കെതിരെ കേസെടുത്തു. പിന്നീട് അന്വേഷണം മുന്നോട്ട് പോയില്ല. ഇതിന് പിന്നിലും എസ്‌പിയാണെന്ന് ആക്ഷേപം എത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനത്തിൽ പാനായിക്കുളം യോഗത്തിൽ പങ്കെടുത്തവരും ഉണ്ടെന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ടതോടെ വിവാദമായി. പാനായിക്കുളം യോഗത്തിൽ പങ്കെടുത്തവർ വാഗമൺ ക്യാമ്പിലും പങ്കെടുത്തു. ഇതോടെ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ, ലോക്കൽ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ വാദിയായ റഷീദ് മാത്രമായിരുന്നു പ്രതി. 12 പേർ സാക്ഷികളും.

വാദിയും സാക്ഷികളും കേസിൽ പ്രതികളാകേണ്ടവരാണെന്നും അല്ലാത്തപക്ഷം കേസ് നിലനിൽക്കില്ലെന്നും ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു. ഇതോടെ പാനായിക്കുളം, വാഗമൺ ക്യാമ്പുകളെക്കുറിച്ച് പുനരന്വേഷണം നടത്താൻ അന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനായ ഡി.ഐ.ജി വിനോദ് കുമാറിനെ സർക്കാർ നിയോഗിച്ചു. വിട്ടയയ്ക്കപ്പെട്ട 13 പേരെ വീണ്ടും അറസ്റ്റു ചെയ്തു. ആദ്യം കേസിൽ പ്രതിയാക്കപ്പെട്ടവരും ഇപ്പോൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ റാസിഖും ഷമ്മാസും പൊലീസിനെതിരെ പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇതിനിടയിൽ 2010 ൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തന്നെ കേസ് അട്ടിമറിക്കപ്പെട്ടതിനാൽ തുടർന്നുള്ള അന്വേഷണസംഘങ്ങൾക്ക് കൂടുതൽ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് വിമർശനം.

പാനായിക്കുളം സിമി ക്യാമ്പിന് നേതൃത്വം നൽകിയത് രാജ്യമൊട്ടാകെ നടന്ന സ്‌ഫോടനങ്ങളുടെ ആസൂത്രകരാണെന്നാണ് എൻഐഎ കണ്ടെത്തിയെങ്കിലും അതിനപ്പുറത്തേക്ക് ഒരു തുമ്പും കിട്ടിയില്ല. ചോദ്യം ചെയ്യലുമായി പ്രതികൾ സഹകരിക്കാത്തതും പ്രശ്‌നമായി. കേരളത്തിലെ ഭീകരപ്രവർത്തന ശൃംഖലയുടെ വേര് കണ്ടെത്താൻ കഴിയുമായിരുന്ന കേസിൽ അന്വേഷണം പരിമിതമാക്കപ്പെട്ടുവെന്ന ആരോപണവും ശക്തമാണ്. നിരോധിത ഭീകര സംഘടനയായ സിമി കേരളത്തിലടക്കം സജീവമാണെന്ന തെളിവായിരുന്നു പാനായിക്കുളം സിമി ക്യാമ്പ്. ഇതിന് നേതൃത്വം നൽകിയ ഒന്നാം പ്രതി ഷാദുലിയും മൂന്നാം പ്രതി അൻസാറും രാജ്യത്തെ വിവിധ സ്‌ഫോടനക്കേസുകളിൽ പ്രതിയാണ്. വാഗമൺ ഭീകരപരിശീലന ക്യാമ്പിലും ഇരുവരും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. ഭീകരപ്രവർത്തനത്തിന് 35ലധികം കേസുകൾ ഇരുവർക്കുമെതിരെ നിലവിലുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. രാജ്യത്ത് സിമിയുടെ ഭീകരപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരിൽ പ്രധാനികളാണ് ഇവർ. ലക്ഷ്‌കർ ഭീകരൻ ശിബിലിയുടെ സഹോദരൻ കൂടിയാണ് ഷാദുലി. സിമിക്ക് ലക്ഷ്‌കറുമായി ബന്ധമുണ്ടെന്നും കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കിയിരുന്നു.

അഹമ്മദാബാദ്, സൂറത്ത് ബോംബ് സ്‌ഫോടനങ്ങളുടെ ഗൂഢാലോചന നടന്നത് കേരളത്തിലാണെന്ന് തുടക്കത്തിൽ പറഞ്ഞ അന്വേഷണ സംഘം പിന്നീട് അതേ കുറിച്ച് മിണ്ടിയില്ലെന്നാണ് ആക്ഷേപം. രാജ്യാന്തര ബന്ധവും അന്വേഷണത്തിൽ വന്നില്ല. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ അഞ്ച് പ്രതികൾ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യോഗം നടത്തി രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ ഇവർക്ക് സഹായം നൽകിയവർക്കെതിരെ അന്വേഷണമുണ്ടായില്ല. കേസ് പലരിലൂടെയും കൈമാറിയാണ് ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. ബിനാനിപുരം എസ്‌ഐ ആയിരുന്ന കെ.എൻ. രാജേഷാണ് യോഗം നടക്കുമ്പോൾ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. രണ്ട് ദിവസത്തിന് ശേഷം രാജേഷിനെ മാറ്റി സിഐയെ അന്വേഷണം ഏൽപ്പിച്ചു. പിന്നീട് 2008ൽ ഡിവൈഎസ്‌പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.

ഭീകരവാദ ബന്ധത്തിൽ സമഗ്ര അന്വേഷണം ലക്ഷ്യമിട്ട് എൻഐഎക്ക് 2009ൽ കേസ് കൈമാറുമ്പോൾ മൂന്ന് വർഷം കഴിഞ്ഞിരുന്നു. ഇതോടെ തെളിവുകൾ ഏറെയും നഷ്ടമായി. അതുകൊണ്ട് തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിൽ പരിമിതികളും ഉണ്ടായി. എറണാകുളം ജില്ലയിലെ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടന്ന 'സ്വാതന്ത്ര്യസമരത്തിൽ മുസ്‌ലിംകളുടെ പങ്ക്' എന്ന സെമിനാറാണ് ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിമി തീവ്രവാദ ക്യാംപായി അറിയപ്പെട്ടത്. സെമിനാർ നടന്ന അന്നുതന്നെ നിരോധിക്കപ്പെട്ട സിമിയുടെ പരിപാടിയാണെന്ന പരാതിയിൽ 18 പേരെ കസ്റ്റഡിയിലെടുക്കുകയും അഞ്ചു പേരെ റിമാൻഡ് ചെയ്യുകയും 13 പേരെ നിരപരാധികളാണെന്നു കണ്ടു വിട്ടയക്കുകയുമായിരുന്നു.

അന്നു റിമാൻഡിലായ അഞ്ചു പേരെ രണ്ടു മാസത്തിലധികം തടവിൽ പാർപ്പിച്ച ശേഷം കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനു സാധിക്കാത്തതു കൊണ്ട് ഹൈക്കോടതി മോചിപ്പിച്ചിരുന്നു. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ പാനായിക്കുളം കേസ് പുനരന്വേഷണത്തിന് തിരുവനന്തപുരം എപി ബറ്റാലിയൻ ഡിഐജിയായിരുന്ന ടി കെ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചു. തുടർന്ന് വീണ്ടും അറസ്റ്റ് നടന്നു. പിന്നീട് കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയുടെ കൈയിലുമത്തി. 2010ൽ കേസ് എൻഐഎ ഏറ്റെടുത്തെങ്കിലും പൊലീസ്, ക്രൈംബ്രാഞ്ച് എന്നിവരുടെ കണ്ടെത്തലിനപ്പുറം ഒരടി പോലും മുന്നോട്ടുപോവാൻ അവർക്കായില്ല. കുറ്റപത്രത്തിലും അതിനപ്പുറത്തേക്ക് ഒന്നും എത്തിയില്ല.

അതായത് പാനായിക്കുളത്ത് നിന്ന് അറസ്റ്റിലായവരിൽ അപ്പുറത്തേക്ക് കാര്യങ്ങൾ എത്തിയില്ല. ആരാണ് യോഗം നടത്താൻ നിർദ്ദേശം നൽകിയതെന്ന് പോലും കണ്ടെത്താൻ ആയില്ല. കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസിനെ കണ്ടെത്താൻ നടത്തിയ ശ്രമവും വിഫലമായി.