കൊച്ചി: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റു(ഐഎസ്)മായി ബന്ധമുള്ളവർ കണ്ണൂരിലെ കനകമലയിൽ ഒത്തുകൂടിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) എട്ടു പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. പ്രതികളിലൊരാളായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി.

കനകമലയിൽ ഒത്തുചേർന്ന് വിവിധ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഐഎസ് അനുഭാവമുള്ളവരെ കഴിഞ്ഞ ഒക്ടോബറിലാണ് എൻഐഎ പിടികൂടിയത്. രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്ന് എൻഐഐ കണ്ടെത്തിയിരുന്നു.

കൊച്ചിയിൽ ജമാത്തെ ഇസ്ലാമിയുടെ സമ്മേളനത്തിലേക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടതായി കണ്ടെത്തി. കനകമലയിൽ യോഗം ചേർന്നവരും സമൂഹമാധ്യമങ്ങളിലൂടെ ഇതിൽ പങ്കാളികളായവരുമടക്കം 15 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

ഇതിൽ എട്ടു പേർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മൻസീത്, സ്വാലിഹ് മുഹമ്മദ്, റഷീദ് അലി, എൻ.കെ.റംഷാദ്, ഷഹ്വാൻ, എൻ.കെ. ജാസിൻ, സജീർ മംഗലശേരി, സുബ്ഹാനി ഹാജ് മൊയ്തീൻ എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ യുഎപിഎ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി. കേസിൽ പിടിയിലായ മറ്റ് ആറു പേർക്കെതിരെ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

സുബ്ഹാനി ഹാജ് മൊയ്തീൻ െഎഎസിനുവേണ്ടി യുദ്ധം ചെയ്തയാളെന്ന് എൻെഎഎ വ്യക്തമാക്കിയിരുന്നു. 2015 ഏപ്രിലിൽ ഇറാഖിലെത്തി ആയുധപരിശീലനം നേടിയ േശഷം മൊസൂളിലെ യുദ്ധമേഖലയിലാണ് സുബ്ഹാനി ഐഎസിന്റെ സൈനികനായതെന്ന് കുറ്റപത്രത്തിലുണ്ട്. കേസിൽ അറസ്റ്റുണ്ടായി 180 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം ഒഴിവാക്കാനാണ് കുറ്റപത്രം സമർപ്പിച്ചത്.