കോഴിക്കോട്: കേരളത്തിൽ ലൗ ജിഹാദുണ്ടോ? ഏതാനും നാളുകളായി അന്വേഷണ ഏജൻസികൾ കാര്യമായി തന്നെ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഹാദിയ കേസ് കൂടുതൽ വിവാദമായതോടെ കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന വിധത്തിൽ വാർത്തകളുമെത്തി. എന്നാൽ കേരളാ പൊലീസ് ഈ വിഷയത്തെ രാഷ്ട്രീയമായി കൂടി കണ്ടതോടെ ലൗ ജിഹാദ് വാദങ്ങൾക്ക് പ്രസക്തിയില്ലാതായി മാറി. എന്നാൽ, അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഡിജിപി സെൻകുമാർ ഇക്കാര്യം പരസ്യമായി സമ്മതിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഡിജിപി ലോകനാഥ് ബെഹ്‌റയും ഇക്കാര്യം പറഞ്ഞതോടെ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ലൗ ജിഹാദ് ഉണ്ടെന്ന് സ്ഥിരീകരിച്ച് എൻഐഎയും രംഗത്തെത്തി.

അഖില ഹാദിയയുടെ കേസിൽ നടന്നിരിക്കുന്നത് ലൗ ജിഹാദ് തന്നെയെന്ന് എൻഐഎയുടെ വിലയിരുത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ കരങ്ങളുണ്ടെന്നം എൻഐഎ കണ്ടെത്തിയിരിക്കുന്നു. ഇക്കാര്യം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് സുപ്രീംകോടതിയിൽ കേസ് വന്നപ്പോൾ എൻഐഎ അന്വേഷണത്തെ എതിർത്ത് ഹാദിയയുടെ ഭർത്താവ് രംഗത്തെത്തിയതെന്നും വിലയിരുത്തുന്നു.

2016ൽ പിതാവിനും, കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഹാദിയ അയച്ച നാല് കത്തുകളിൽ ഹാദിയ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, കത്ത് എഴുതിയിരിക്കുന്നത് മറ്റാരൊക്കെയോ ആണ്. ഈ കത്തുകളിൽ ഹാദിയയുടെ പേരിന്റെ സ്പെല്ലിങ് വ്യത്യസ്തമായാണ് എഴുതിയിരിക്കുന്നത്. ഹാദിയ അല്ല ഈ കത്തുകൾ എഴുതിയിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നതായാണ് എൻഐഎയുടെ നിഗമനം.

ഹാദിയയുടെ കേസിന് പുറമെ, ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെട്ട ആതിര എന്ന പാലക്കാട്ടുകാരിയുടെ കേസും എൻഐഎ ഇതിനോടൊപ്പം അന്വേഷിക്കുന്നുണ്ട്. ഹാദിയ കേസിലും, ആതിര കേസിലും ആരോപണം നേരിടുന്ന ഒരേ വ്യക്തികളുണ്ട്. ആതിരയെ പ്രലോഭിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റിയ സൈനബ എന്ന വ്യക്തി തന്നെയാണ് ഹാദിയയേയും ഇസ്ലാമിലേക്ക് എത്തിച്ചത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, മർക്കസുൽ ഹിദയ എന്നീവയുടെ സഹായത്തോടെയായിരുന്നു സൈനബയുടെ നീക്കങ്ങൾ.

ഹാദിയ പിതാവിനും പൊലീസിനും അയച്ച കത്തുകൾ ചൂണ്ടിക്കാട്ടിയാണ് നിർബന്ധിത പരിവർത്തനം ഹാദിയയുടെ കേസിൽ നടന്നിട്ടില്ലെന്ന് പോപ്പുലർ ഫ്രണ്ട് വാദിക്കുന്നത്. എന്നാൽ ഹാദിയയുടേയും, ആതിര നമ്പ്യാരുടേയും കേസുകൾ താരതമ്യം ചെയ്യുമ്പോൾ നിർബന്ധിത മത പരിവർത്തനം നടന്നിരിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് എൻഐഎയ്ക്ക് ലഭിക്കുന്നത്.

കോളെജിലെ സുഹൃത്തുക്കളെ കണ്ടാണ് അഖില ഇസ്ലാം മതത്തിലേക്ക് മാറാൻ സ്വമേധയാ തീരുമാനിച്ചത്. സൈനബ ഇസ്ലാം മതത്തിലേക്ക് മാറാൻ ഹാദിയയെ സഹായിക്കുക മാത്രമായിരുന്നു ചെയ്തതെന്നാണ് പോപ്പുലർ ഫ്രണ്ട് വക്താവ് ഷഫിഖ് റഹ്മാന്റെ വാദം. വിവാഹത്തിന് മുൻപ് ഹാദിയ സൈനബയുടെ കൂടെയാണ് താമസിച്ചിരുന്നത്. സൈനബയാണ് ഷാഫിനുമായുള്ള ഹാദിയയുടെ വിവാഹത്തിന് മുൻകൈ എടുത്തത്. ഹാദിയയുടെ മാതാപിതാക്കളേയോ, കേരള ഹൈക്കോടതിയേയോ അറിയിക്കാതെ സൈനബയും ഇവരുടെ ഭർത്താവും ചേർന്ന് ഷാഫിനുമായുള്ള ഹാദിയയുടെ വിവാഹം നടത്തുകയായിരുന്നു.

വേ ടു നിക്കാഹ് എന്ന വെബ്സൈറ്റിലൂടെയാണ് തങ്ങൾ പരസ്പരം കണ്ടെത്തിയതെന്നാണ് ഷെഫിനും ഹാദിയയും പറഞ്ഞിരുന്നത്. എന്നാൽ വിവാഹത്തിന് മുൻപ് ഹാദിയയും, ഷെഫിനും പരസ്പരം പ്രൊഫൈലുകൾ വേടുനിക്കാഹ്.കോം എന്ന സൈറ്റിൽ നോക്കിയിട്ടില്ലെന്നും എൻഐഎയ്ക്ക് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മറ്റൊരു എസ്ഡിപിഐ പ്രവർത്തകനായ മുനിർ വഴിയാണ് ഹാദിയയ്ക്ക് ഷെഫിന്റെ വിവാഹാലോചന വരുന്നത്. ഹാദിയയുടെ മത പരിവർത്തനവും, വിവാഹവും കേരളത്തിൽ ഒറ്റപ്പെട്ട സംഭവം അല്ലെന്നും, പോപ്പുലർ ഫ്രണ്ടിന്റേയും, എസ്ഡിപിഐയുടേയും ആസുത്രിതമായ നീക്കങ്ങളാണ് ലൗ ജിഹാദിലേക്ക് നയിക്കുന്നതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഹാദിയ, ആതിര എന്നീ കേസുകളെ ബന്ധിപ്പിക്കുന്ന മറ്റൊരാളാണ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകനായ മുഹമ്മദ് കുട്ടി. ഇയാൾ സൈനബയ്ക്കൊപ്പം ഹാദിയയുടെ സുഹൃത്തിന്റെ പിതാവിനെ കണ്ട് ഹാദിയയെ ഇസ്ലാം മത പഠനത്തിന് കൊണ്ടു പോകുന്ന കാര്യം സംസാരിച്ചിരുന്നു.

2016 ജനുവരി മുതൽ വ്യത്യസ്ത സ്ഥലങ്ങളിലാണ് സൈനബ ഹാദിയയെ താമസിപ്പിച്ചത്. ഹാദിയയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനും ബന്ധുക്കൾക്കും ലഭിക്കാതിരിക്കാനായിരുന്നു ഇത്. 2016 മെയ് മുതൽ സൈനബ ഉൾപ്പെടെ 11 പേർ ആതിരയെ ലക്ഷ്യം വെച്ച് മതം മാറ്റത്തിന് ശ്രമിച്ചിരുന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തെരിബിയതുൽ ഇസ്ലാം സഭ, ഹാദിയ ഇസ്ലാമിക പഠനം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് 2016 ജൂലൈ 25ന് ഹാദിയയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ തെരിബിയതുൽ ഇസ്ലാം സഭയിലെത്തി ഹാദിയ ക്ലാസുകളിൽ പങ്കെടുത്തിട്ടില്ലെന്നും, പരീക്ഷ എഴുതാൻ മാത്രമാണ് ഹാദിയ എത്തിയതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

ലൗ ജിഹാദ് കേസും ഐസിസ് കേസും ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് വിലയിരുത്തൽ. പോപ്പുലർ ഫ്രണ്ട് (പി.എഫ്.ഐ), എസ്.ഡി.പി.ഐ പ്രവർത്തകർ പല ഘട്ടങ്ങളിലായി ഭീകര സംഘടനയായ ഐ.എസിൽ (ഇസ്ലാമിക് സ്റ്റേറ്റ് ) ചേരാൻ പോയതായും ഇതിൽ മൂന്ന് പേർ സിറിയയിൽ ഐ.എസ് ക്യാമ്പിലെത്തിയതായും നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു.

കഴിഞ്ഞ മാസം ഐ.എസിൽ ചേരുന്നതിന് സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ വെച്ച് പിടിയിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും പി.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകനുമായ വല്ലുക്കണ്ടി ഷാജഹാൻ(32)നെ എൻ.ഐ.എ ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങൾ ലഭിച്ചത്. ഇക്കാര്യം ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ, ഡൽഹി ബ്യൂറോയാണ് റിപ്പോർട്ട് ചെയ്തത്. 17 മലയാളികൾ കൂടി ഐ.എസിൽ ചേർന്നതായും ഇവർ ഇറാഖ്, സിറിയ, അഫ്ഗാൻ ഭാഗങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐ.എസിൽ ചേരാൻ പോയതായും ഇതിൽ പലരും സിറിയയിൽ എത്തിയതായും കേരളത്തിലെ ഇന്റലിജൻസ്, എൻ.ഐ.എ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഇതിൽ ചിലർ തിരിച്ചെത്തി നാട്ടിൽ കഴിയുന്നവരാണെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ജൂലൈ ആദ്യ വാരത്തിൽ തുർക്കിയിൽ നിന്ന് കയറ്റിവിട്ട ഷാജഹാനെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ച് ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സജീവ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്നു. റൈറ്റ് തിങ്കേഴ്സ് അടക്കമുള്ള ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഷാജഹാൻ സജീവമായിരുന്നു. ഷാജഹാന്റെ അതിതീവ്രമായ പല സോഷ്യൽ മീഡിയാ പോസ്റ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പല പോസ്റ്റുകളും നിലവിൽ ഡിലീറ്റ് ചെയ്ത നിലയിലാണ്.

ഷാജഹാനുമായി അടുത്ത ബന്ധമുള്ള കണ്ണൂർ സ്വദേശികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഐ.എസിൽ എത്തിയിട്ടുള്ളത്. ഇതിൽ ഏതാനും പേർ സിറിയൻ അതിർത്തിയിലെത്തി തിരിച്ചു വന്നവരാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. മിദ്ലാജ്, റാഷിദ്, അബ്ദുൽ റസാഖ്, അബ്ദുൽ ഖയ്യൂം, റിഷാൽ എന്നിവർ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങളും പറയുന്നു. ഇവരെ കൂടാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മനാഫ്, സമീർ, ഷജിൽ എന്നിവർ സിറിയയിൽ എത്തിയതായും ഷാജഹാൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.

ഇതിൽ സമീർ കൊല്ലപ്പെട്ടതായും സംശയിക്കുന്നു. മറ്റ് രണ്ടു പേർ സിറിയയിലുണ്ടെന്നാണ് നിഗമനം. ഐ.എസിൽ എത്തിയ മനാഫിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു ഷാജഹാൻ അടക്കമുള്ളവർ സിറിയയിലേക്ക് പോകാൻ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് കനകമലയിൽ നിന്നും എൻ.ഐ.എ അറസ്റ്റ് ചെയ്ത തിരൂർ വൈലത്തൂർ സ്വദേശി സഫുവാനുമായുള്ള പരിചയത്തിലാണ് ഷാജഹാൻ എൻ.ഡി.എഫ് , പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാകുന്നത്. ഇരുവരും തേജസ് ദിനപത്രത്തിൽ ജീവനക്കാരായിരുന്നു. രണ്ടാം തവണയാണ് കഴിഞ്ഞ മാസം ഷാജഹാൻ തുർക്കി വഴി സിറിയയിലെ ഐസിസ് ക്യാമ്പിലേക്ക് പോകാൻ ശ്രമിച്ചത്. തുർക്കി, ഇറാൻ വിസ ലഭിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി 2016ൽ ഷാജഹാൻ മലേഷ്യയിൽ പോയിരുന്നു.

ഇവിടെ നിന്നും മടങ്ങിയെത്തി, ദുബായി വഴി കടക്കാനുള്ള ആലോചനയും ഇടക്ക് നടത്തി. പിന്നീട് മനാഫിന്റെ നിർദ്ദേശ പ്രകാരം ഈ വർഷം ഫെബ്രുവരിയിലാണ് ഷാജഹാനും ഭാര്യയും തുർക്കിയിലേക്ക് ആദ്യം പോയത്. ശേഷം സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അവിടെ വെച്ച് പിടികൂടി നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. വിവിധ സുരക്ഷാ ഏജൻസികൾ ഷാജഹാനെ ചോദ്യം ചെയ്തെങ്കിലും ടൂറിസ്റ്റായി എത്തിയതാണെന്നാണ് പറഞ്ഞിരുന്നത്. ഇതിനാൽ കേസ് ചാർജ് ചെയ്തിരുന്നില്ല. അതേ സമയം ഷാജഹാൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണ വലയത്തിലായിരുന്നു. ഷാജഹാൻ പോകുന്ന സ്ഥലങ്ങളും സോഷ്യൽ മീഡിയയിൽ ബന്ധപ്പെട്ടിരുന്നവരുമെല്ലാം നിരീക്ഷണ പരിതിയിലുണ്ടായിരുന്നു. മാത്രമല്ല, കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തി ആഴ്ചതോറും ഒപ്പിടണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു.