മുംബൈ: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകർഷിക്കുതിനും നിർബന്ധിച്ച് മതംമാറ്റുന്നതിനും ശ്രമിച്ചുവെന്ന കുറ്റത്തിന് കേരളപൊലീസ് അറസ്റ്റുചെയ്ത അർഷി ഖുറേഷിക്ക് വിവാദ ഇസ്ലാം  സലഫി പണ്ഡിതൻ സക്കീർനായിക്കുമായും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായും അടുത്തബന്ധം. ഫൗണ്ടേഷനിലെ സജീവ പ്രവർത്തകനും അദ്ധ്യാപകനുമായ മറ്റൊരാൾക്കുകൂടി ഇത്തരം നടപടികളിൽ ബന്ധമുണ്ടെന്ന് സ്ഥിരീകരണം ലഭിച്ച സാഹചര്യത്തിൽ സക്കീർ നായിക്കിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ എൻഐഎ നീക്കങ്ങൾ സജീവമാക്കി.

രഹസ്യാന്വേഷണവിഭാഗങ്ങളുടെ സൂചനയിൽ പോലും ഇല്ലാത്ത ആളായിരുന്നു മുംബൈയിൽ അറസ്റ്റിലായ ആർ.സി. ഖുറേഷി. സാക്കീർ ഹുസൈന്റെ അടുത്ത അനുയായിയായി രഹസ്യപ്രവർത്തനങ്ങളായിരുന്നു ഖുറേഷിയുടെ ശൈലി. ഐസിസിലേക്ക് ആകർഷിക്കത്തക്ക തീവ്രവാദ പ്രവർത്തനത്തിന്റെ ബുദ്ധികേന്ദ്രം ഖുറേഷിയായിരുന്നു. മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷന്റെ അദ്ധ്യാപകനും മുഖ്യ ചുമതലക്കാരനുമാണ് ഖുറേഷി. ഇവിടത്തെ വിശാലമായ ലൈബ്രറിയിൽ വച്ചാണ് അന്യമതസ്ഥരെ ബോധവൽക്കരിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്നത്. മറ്റു മതങ്ങളേയും മതഗ്രന്ഥങ്ങളേയും താരതമ്യം ചെയ്ത് ഖുറാനാണ് യഥാർത്ഥ ദൈവസൃഷ്ടിയെന്നും ഇയാൾ പ്രബോധനം നടത്താറുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്നും ഇസ്ലാമല്ലാത്ത ആളുകളെ ഇല്ലാതാക്കി ഇസ്ലാമിന്റേതായ ലോകം സൃഷ്ടിക്കണമെന്നുമാണ് ഖുറേഷിയുടെ കല്പന. എന്നാൽ ഇത്രയേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഖുറേഷി ഇതുവരേയും രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെട്ടില്ല എന്നത് ദുരൂഹത ഉണർത്തുന്നു. ആർ.സി.ഖുറേഷി എന്ന ഒരാൾ ഇല്ലെന്നും ഈ പേരിന്റെ മറവിൽ മറ്റാരോ ആണ് പ്രവർത്തനം നടത്തുന്നതെന്നും സംശയം നിഴലിക്കുന്നുണ്ട്. ഇസ്ലാമിലേക്ക് ആകർഷിച്ചു കൊണ്ടുപോകുന്നവരെ ആദ്യം എത്തിക്കുക മുംബൈയിലെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലാണ്. അവിടത്തെ ലൈബ്രറി ഹാളിൽനിന്നും മറ്റു മത ഗ്രന്ഥങ്ങളുടെ സാരവും അവയിലെ വൈകല്യങ്ങളും നിരത്തും. എല്ലാറ്റിനുമൊടുവിൽ മനുഷ്യന്റെ മതം ഇസ്ലാമാണെന്ന് ബോധ്യപ്പെടുത്തും.

മതം മാറ്റപ്പെട്ട ബസ്റ്റിൻ വിൻസന്റ് എന്ന യഹ്യയും ഖുറേഷിയോടൊപ്പം ഇസ്ലാമിക് റിസേർച്ച് സെന്ററിന്റെ ചുമതലക്കാരനാണ്. മതം മാറ്റാൻ യഹ്യയും പങ്കാളിയാകാറുണ്ട്. സംസ്ഥാനത്തെ 21 യുവതീയുവാക്കളെ കാണാതായ സംഭവങ്ങളുടെ സൂത്രധാരൻ ഖുറേഷിയാണെന്നാണ് വിവരം. കൊച്ചി സ്വദേശി മെറിനെ പാലക്കാടുനിന്നും കാണാതായ കേസിലാണ് കേരളാ പൊലീസ് ഖുറേഷിയെ പിടികൂടിയത്. നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം ചുമത്തി ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത കേസിലാണ് അറസ്റ്റ് നടന്നത്. ഖുറേഷിയെ പ്രാഥമിക ചോദ്യംചെയ്യലിനു ശേഷം കേരളാ പൊലീസ് എൻ.ഐ.എ സംഘത്തിന് കൈമാറും. നാളെയോടെ ഇയാളെ കൊച്ചിയിലെത്തിക്കുമെന്നാണ് അറിയുന്നത്. മെറിനെ കാണാതായ സംഭവത്തിൽ സഹോദരൻ എബിൻ ജേക്കബ് നൽകിയ മൊഴികളിലാണ് ഖുറേഷിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.

മെറിനും ഭർത്താവ് യഹ്യയെന്ന ബസ്റ്റിനും മുംബൈയിൽ ഖുറേഷിയുടെ വീട്ടു തടങ്കലിലാണെന്ന വിവരത്തെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് മുബൈയിലെത്തിയത്. എബിനേയും മതം മാറ്റാൻ ഖുറേഷി ശ്രമിച്ചതായിരുന്നു. എന്നാൽ അയാൾക്ക് താത്പര്യമില്ലാത്തതിനാൽ തിരിച്ച് കേരളത്തിലേക്ക് വരികയായിരുന്നു. മുംബൈയിൽ എത്താനും ഖുറേഷിയെ കാണാനും സഹോദരീ ഭർത്താവായ ബസ്റ്റിൻ എന്ന യഹ്യ എബിനെ നിർബന്ധിക്കാറുണ്ടായിരുന്നു. ഖുറേഷിയുടെ വീടും ലൈബ്രറിയും എല്ലാം മുംബൈയിലാണ്. ഐസിസിലേക്കു റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ മുഖ്യ കണ്ണിയാണ് ഖുറേഷിയെന്ന് അന്വേഷണ ഏജൻസികൾ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി കേരളത്തിൽ നിന്ന് വിദേശത്തേക്കു കടന്നുവെന്ന് സംശയിക്കുന്ന 21 പേരിൽ പാലക്കാട്ടുനിന്ന് കാണാതായ മെറിനെ മതംമാറ്റുകയും മെറിന്റെ സഹോദരനെ മതംമാറ്റുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് കേരളാപൊലീസ് ഇന്നലെയാണ് സക്കീർ നായിക്കിന്റെ അനുയായി അർഷി ഖുറേഷിയെ അറസ്റ്റുചെയ്തത്. ഇടപ്പള്ളി സ്വദേശിയായ മെറിനെയും ഇയാളുടെ ഭർത്താവ് യഹിയയെയുമാണ് പാലക്കാട്ടുനിന്ന് കാണാതായത്. മെറിനെ മതംമാറ്റിയത് അർഷി ഖുറേഷിയാണെന്ന് വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

താൻ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതായും മതംമാറ്റുന്നതിന് ശ്രമിക്കുന്നതായും ഉള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു സക്കീർ നായിക്കിന്റെ വാദം. ഇപ്പോൾ സൗദിയിലുള്ള സക്കീർ നായിക്ക് സ്‌കൈപ്പ് വഴി പ്ത്രസമ്മേളനം നടത്തിയപ്പോൾ ഇത്തരം കാര്യങ്ങൾ മാദ്ധ്യമസൃഷ്ടിയാണെന്നും തന്നെ അകാരണമായി വേട്ടയാടുകയാണെന്നും ആരോപിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നതിന് ഖുറേഷിയുടെ അറസ്റ്റോടെ കൂടുതൽ തെളിവുലഭിക്കുന്ന സാഹചര്യത്തിലാണ് എൻഐഎ സംഘം അന്വേഷണം ശക്തമാക്കുന്നത്.

സക്കീർ നായിക്കിന്റെ മതസേവന പ്രവർത്തനങ്ങൾ നടത്തുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ മുംബൈ ഓഫീസിൽ ഗസ്റ്റ് റിലേഷൻസ് മാനേജരാണ്് ഇപ്പോൾ അറസ്റ്റിലായ അർഷി ഖുറേഷി. ഇയാൾക്ക് സക്കീർ നായിക്കുമായി അടുത്ത ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഓഫീസിലെത്തുന്നവരെ സ്വീകരിക്കുന്നതിന്റെ ഫ്രണ്ട് ഡെസ്‌കിന്റെ ചുമതല അർഷി ഖുറേഷിക്കായിരുന്നു. വർഷങ്ങളായി സക്കീറിനൊപ്പം പ്രവർത്തിക്കുന്ന ഖുറേഷിയെ നവി മുംബൈയിലെ വീട്ടിൽനിന്നാണ് ഇന്നലെ മെറിന്റെ തിരോധാനം അന്വേഷിക്കുന്ന പാലാരിവട്ടം പൊലീസ് പിടികൂടിയത്. മെറിന്റെ സഹോദരൻ എബിൻ ജേക്കബിനെ (25) നിർബന്ധിച്ച് മതംമാറ്റുന്നതിന് ശ്രമിച്ചതായുള്ള പരാതിയും പരിഗണിച്ചാണ് അറസ്റ്റ്.

പാലക്കാട്ട് യാക്കരയിൽ നിന്ന് കാണാതായ സഹോദരങ്ങളായ യഹിയയെയും ഈസയേയും ഇവരുടെ ഭാര്യമാരായ തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, പാലാരിവട്ടം സ്വദേശി മെറിൻ എന്നിവരെയും മതംമാറ്റിയത് സക്കീർ നായിക്കാണെന്ന് യുവാക്കളുടെ പിതാവ് വിൻസന്റ് നേരത്തേ ആരോപിച്ചിരുന്നു. ഇതോടെ കേരളത്തിലെ യുവാക്കളുടെ തിരോധാനത്തിൽ സക്കീർ നായിക്കിന് പങ്കുണ്ടെന്ന ആരോപണം ശക്തമായി. സക്കീർ ഇത് നിഷേധിച്ചെങ്കിലും ഇപ്പോൾ അനുയായി പിടിയിലായതോടെ അന്വേഷണം സക്കീറിലേക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ ഐആർഎഫിലേക്കും നീങ്ങുകയാണ്. സക്കീർ നായിക്കിന്റെ സ്ഥാപനത്തിൽ നിന്നുള്ള ഒരാൾ ആദ്യമായാണ് ഇത്തരമൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്നത്. ബംഗൽദേശിൽ റസ്റ്റോറന്റ് ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടുപേർക്ക് സക്കീർ നായിക്ക് പ്രചോദനമായെന്ന് കണ്ടെത്തിയ ബംഗൽദേശ് സർക്കാർ സക്കീറിന്റെ പീസ് ടിവി നിരോധിച്ചിരുന്നു.

അതേസമയം, മതംമാറ്റപ്പെട്ട മെറിൻ അഥവാ മറിയത്തിന്റെ സഹോദരൻ എബിൻ ജേക്കബ് (25) നൽകിയ മൊഴിയിൽ ശക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഖുറേഷിയെ ഇപ്പോൾ അറസ്റ്റുചെയ്തിട്ടുള്ളത്. നിർബന്ധപൂർവം മുസ്‌ലിമാക്കി മാറ്റാൻ ശ്രമിച്ചെന്നാണ് കേസ്. സഹോദരിയുടെ ഭർത്താവായ, മതംമാറി യഹിയയായ ബെസ്റ്റിൻ വിൻസന്റും ഖുറേഷിയും ചേർന്ന് നിർബന്ധപൂർവം മതംമാറ്റാൻ നോക്കിയെന്നും എന്നാൽ അതിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് എബിന്റെ മൊഴി. ഇതോടെ യുഎപിഎ ചുമത്തിയാണ് ഖുറേഷിയെ എറണാകുളം എസിപി കെവി വിജയനും സംഘവും അറസ്റ്റുചെയ്തിട്ടുള്ളത്.

യഹിയയാണ് ഖുറേഷിയുടെ മുംബൈയിലെ വസതിയിൽ എബിനെ എത്തിച്ചത്. ഇവിടെ ഖുറേഷി എബിനെ തന്റെ ലൈബ്രറി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് എല്ലാ മതങ്ങളെപ്പറ്റിയും എബിന് ഖുറേഷി ക്ലാസെടുത്തു. എല്ലാ മതങ്ങളിലും വച്ച് ശ്രേഷ്ഠമായത് ഇസ്ലാമാണെന്നും ഇന്ത്യയിലെ ജനങ്ങൾ ശരിയായ ജീവിതമല്ല നയിക്കുന്നതെന്നും പറഞ്ഞു. അതിനാൽ ഇസഌം മതത്തിൽ ചേർന്ന മികച്ച ജീവിതം നയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഖുറേഷി ഏറെ നിർബന്ധിച്ചു. എന്നാൽ ഖുറേഷിയുടെ ബ്രെയിൻവാഷിങ്ങിനും പ്രലോഭനങ്ങൾക്കും വഴങ്ങാതെ എബിൻ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. 2014ലായിരുന്നു ഈ മതപരിവർത്തന ശ്രമം നടന്നത്. സഹോദരിയെയും ഇത്തരത്തിൽ നിർബന്ധപൂർവം മതംമാറ്റുകയായിരുന്നെന്നും എബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം ഖുറേഷിയുടെ അറസ്റ്റ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരായ ഗൂഢാലോചനയാണെന്നും അതിനാൽ തങ്ങളുടെ സ്റ്റാഫായ ഖുറേഷിക്ക് നിയമസഹായം നൽകുമെന്നും ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. എന്നാൽ സക്കീർ നായിക്കിന്റെ സമീപകാലങ്ങളിലെ പ്രസംഗങ്ങൾ നിരീക്ഷിച്ച ആഭ്യന്തര മന്ത്രാലയം ഇവയിൽ ഭീകരതയ്ക്ക് പ്രചോദനമായ നിരവധി പരാമർശങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽത്തന്നെ സക്കീറിനും സംഘടനയ്ക്കും എതിരെ നിരീക്ഷണം കർശനമാക്കാനും ഐഎസ്, മതപരിവർത്തന വിഷയങ്ങളിൽ അന്വേഷണം ശക്തിപ്പെടുത്താനുമാണ് എൻഐഎയുടെ തീരുമാനം. ദിവസങ്ങൾക്കുമുമ്പ് ഹൈദരാബാദിൽ പിടിയിലായ ഐഎസ് മൊഡ്യൂളിലെ യാസ്ദാനി സഹോദരന്മാരും സക്കീർ നായിക്കിന്റെ പേര് പരാമർശിച്ചിരുന്നു.