കൊച്ചി: ഇറാനിയൻ ബോട്ടിൽനിന്നു സംശയാസ്പദമായ സാഹചര്യത്തിൽ കടലിൽ ഉപേക്ഷിച്ച വലയിൽ വൻ സ്‌ഫോടന വസ്തുക്കളുണ്ടോയെന്ന് എൻ.ഐ.എ. സംഘം ആഴക്കടലിൽ തിരച്ചിൽ തുടങ്ങി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആലപ്പുഴയ്ക്കടുത്തു വച്ചു തീരസംരക്ഷണ സേന ബറുക്കി എന്നു പേരുള്ള ഇറാനിയൻ മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് ഇവർ പിടിക്കപ്പെടുമെന്ന സാഹചര്യം വന്നപ്പോൾ ബോട്ടിന്റെ വല മുറിച്ചു കടലിൽ ഉപേക്ഷിക്കുകയായിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടനവസ്തുകളും മറ്റും ഇതിൽ ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്.

ഇറാനിയൻ ബോട്ടിൽ അന്ന് 12 അംഗമായിരുന്നു ഉണ്ടായിരുന്നത്. ഇവർ പാക്കിസ്ഥാൻ, ഇറാൻ സ്വദേശികളാണെന്നു വെളിപ്പെടുത്തിയിരുന്നു. മുബൈ ഭീകരാക്രമണം മാതൃക ലക്ഷ്യമിട്ടാണ് ഇവർ വന്നതെന്നുള്ള സംശയത്തിന്റെ പശ്ചാത്തലത്തിൽ പിന്നീട് ഈ കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ തെളിവുകൾ എൻ.ഐ.എ.ക്കു കിട്ടിയിട്ടുണ്ടെന്നാണു് സൂചന. കിട്ടിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഏറ്റവും ആധുനിക രീതിയിലുള്ള എൻ.ഐ.എ പരിശോധനയ്ക്കായി തിരുമാനിച്ചത്.

ബോട്ട് പിടിച്ചെടുത്ത ആലപ്പുഴ തീരത്തുനിന്ന് 60 നോട്ടിക്കൽ മൈൽ അകലെ ബോട്ട് പിടിച്ചെടുത്ത സ്ഥലത്ത് ഇവർ ഉപേക്ഷിച്ച വല കണ്ടെത്തുകയെന്നുള്ളതാണ് പ്രധാന ലക്ഷ്യം. ജിയോളജിക്കൽ സർവേയിലെയും, മുബൈ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെയും ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ ആണ് പരിശോധന. ഇതിനായി കടലിനടിയിൽ നിരീക്ഷണത്തിനുപയോഗിക്കുന്ന റോബോട്ടുകളുൾപ്പെടെയുള്ള ആധുനികസംവിധാനങ്ങൾ അന്വേഷണത്തിന്റെ ഗതി നിർണയിക്കും.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആധുനിക ഗവേഷണകപ്പലായ സമുദ്ര രത്‌നാകറിന്റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കൊച്ചിയിൽനിന്നും ബോട്ട് പിടിച്ചെടുത്ത ആഴക്കടലിലെ പ്രദേശത്തെത്താൻ ഏതാണ്ട് 12 മുതൽ 15 മണിക്കൂർ വരെ സമയം വേണം. ഇറാനിയൻ സംഘം കടലിൽ ഉപേക്ഷിച്ചെന്നു കരുതപ്പെടുന്ന വല കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ബോട്ടിലെ വല ഉപേക്ഷിച്ചത് മാസങ്ങൾക്ക് മുൻപായതിനാൽ അടിയൊഴുക്കിന്റെ ഗതി നിർണയിച്ചുവേണം വല കണ്ടെടുക്കാൻ.

അതിനായി പിന്നെയും ഏറെദൂരം സഞ്ചരിക്കേണ്ടതായി വരും. കടലിന്റെ അടിത്തട്ട് സ്‌കാൻ ചെയ്യാൻ സഹായിക്കുന്ന ഉപകരണം വരെ കപ്പലിൽ ഉള്ളതിനാൽ ആഴക്കടൽ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. തിരദേശ സേന അന്നു ബോട്ട് പിടിച്ചെടുത്തപ്പോൾ ബോട്ടിൽ സ്േഫാടനവസ്തുക്കൾക്കൊപ്പം ലഹരിമരുന്നും ഉണ്ടായിരുന്നുവെന്ന സംശയവും എൻ.ഐ.എ ക്കുണ്ട്. ഇതിൽനിന്നും ഇവർക്കു രാജ്യാന്തര ലഹരി കള്ളക്കടത്ത് ബന്ധം ഉണ്ടാകാനുള്ള സാധ്യതയും തള്ളികളയുന്നില്ല.

തിരദേശ സേനയ്ക്കു കിഴടങ്ങുന്നതിനുമുൻപ് ഇവർ വല മുറിച്ചു കടലിലിട്ടുവെന്നു സംശയം ഉണ്ടായിരുന്നു. പിടിച്ചെടുത്ത ബോട്ടിൽ ഉപഗ്രഹഫോണും, സിം കാർഡുകളും, മറ്റും കണ്ടെത്തിയിരുന്നു. ഉപഗ്രഹ ഫോൺ ഉപയോഗിച്ച് ഇറാൻ, പാക്കിസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ബന്ധപ്പെട്ടിരുന്നതായും തെളിവുകൾ ലഭിച്ചിരുന്നു. ബോട്ടിൽ ആയുധങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടാവുമെന്ന് എൻ.ഐ.എ കരുതുന്നുണ്ട്. അറസ്റ്റിലായവർ പാക്കിസ്ഥാൻ- അഫ്ഗാനിസ്ഥാൻ അതിർത്തി പങ്കിടുന്ന ബാലുചിസ്ഥാൻ പ്രവിശ്യയിലുള്ളവരും ഇറാൻകാരുമാണ്. ഇവരുടെ ഭാഷയും ഇറാനിയൻ, ബാലുചിയൻ ഭാഷകളാണ്. ഇവരെ ചോദ്യം ചെയ്തപ്പോൾ കാര്യമായ വെളിപ്പെടുത്തലുകൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശക്തമായ തെളിവുകൾക്കായി എൻ.ഐ.എ ആഴക്കടൽ പരിശോധനയ്ക്കായി തിരുമാനിച്ചത്. പരിശോധന അഞ്ചു ദിവസമെങ്കിലും നീണ്ടുനിൽക്കുമെന്നാണ് സൂചന.