ന്യൂഡൽഹി: ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെ ഡൽഹിയിലൈ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ അറസ്റ്റിലായവർക്കെതിരേയാണ് കുറ്റപത്രം.

ആകെ പത്തു പേർക്കെതിരെ എൻ.ഐഎ സ്വമേധയാ കേസെടുത്തിരുന്നു. മറ്റ് ഏഴ് പേരിൽ ചിലരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയ്ക്ക് ശേഷം മൊഹമ്മദ് ആമീൻ 2020 മാർച്ചിൽ കാശ്മീരിലെത്തി. റഹീസ് റഷീദിന്റെ കൂടി സഹായത്തോടെ കാശ്മീരിൽ നിന്ന് ധനസമാഹരണം നടത്തി. ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ വഴി ഐസിസിനു വേണ്ടി പ്രചാരണം നടത്തി.

പ്രതികൾക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയിലേക്ക് ധനസമാഹരണം നടത്തൽ, സമാന മനസ്‌കരായ യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതായി എൻ.ഐ.എ സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചു. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അടുത്തിടെ ഈ കേസിൽ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തിരുന്നു

കഴിഞ്ഞ വർഷം അമീൻ കശ്മീർ സന്ദർശിച്ചതായും ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയായതായും കുറ്റപത്രത്തിൽ പറയുന്നു. റഹീസ് റഷീദും കശ്മീർ സ്വദേശിയായ മുഹമ്മദ് വഖാർ ലോണുമായി ചേർന്ന് കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്കായി പണം ഏകോപിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പണം കണ്ടെത്തുന്നതും ഭീകര പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നതെന്നും ഇതിൽ വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കുറ്റപത്രത്തിൽ പറഞ്ഞുമുസ്ലിം യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രതികൾ നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.