- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.ഐ.എ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ; രണ്ട് ഉദ്യോഗസ്ഥർക്കൊപ്പം ഒരു സാങ്കേതിക വിദഗ്ധനും; സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ; പരിശോധന സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ നടത്തിയ ഇടപെടലുകൾ അറിയാൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി. സ്വർണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഘം സെക്രട്ടറിയേറ്റിൽ എത്തിയത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് സംഘം പരിശോധനയ്ക്കായി എത്തിയത്.
സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങൾ വേണമെന്ന് നേരത്തെ എൻ.ഐ.എ. പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പകർത്തി നൽകുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് സർക്കാർ അന്വേഷണ സംഘത്തെ അറിയിച്ചത്. നേരത്തേയും സി.സി. ടി.വി. ദൃശ്യങ്ങൾ തേടി എൻ.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തിയിരുന്നു.
സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ എത്ര തവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകളിൽ പോയിട്ടുണ്ടെന്നും അറിയാനാണ് എൻഐഎ പരിശോധന. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊതുഭരണവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 83 ക്യാമറകളുടെ ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്തി നൽകാൻ സാങ്കേതിക ബുദ്ധിമുണ്ടെന്നായിരുന്നു സർക്കാർ നിലപാട്. എൻഐഎക്ക് സെക്രട്ടറിയേറ്റിലെത്തി ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചിരുന്നു. ഇത് വലിയരാഷ്ട്രീയവിവാദമായിരുന്നു.
ദേശസുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതരപ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിന്റെ അന്വേഷണം എൻ.ഐ.എ.യെ ഏൽപിച്ചത്. സ്വർണക്കടത്തിനുപിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങൾക്കപ്പുറം മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്ന സൂചന കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് തുടക്കം മുതൽ ലഭിച്ചിരുന്നു. ഇത്തരം കള്ളക്കടത്തിനും ഹവാലകൾക്കും ഭീകരവാദപ്രവർത്തനങ്ങളുമായി ബന്ധമുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ.യെ ചുമതലപ്പെടുത്തിയത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളാണ് എൻ.ഐ.എ.യുടെ പരിധിയിൽ വരുന്നത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ നിയമഭേദഗതി അനുസരിച്ച് എൻ.ഐ.എ.ക്ക് ഇത്തരം കേസുകളിൽ വിദേശരാജ്യങ്ങളിലും അന്വേഷിക്കാൻ അധികാരമുണ്ട്. നേരത്തേ ഇതിന് അനുമതിയുണ്ടായിരുന്നില്ല.
എൻ.ഐ.എ. അന്വേഷിക്കുന്നത്
- സ്വർണത്തിന്റെ ഉറവിടം
- സ്വർണക്കടത്തിന്റെ ലക്ഷ്യം
- കടത്തിനുള്ള മാർഗങ്ങൾ
- പതിവായി സ്വർണക്കടത്ത് നടക്കുന്നുണ്ടോ
- കടത്തുന്ന സ്വർണം പണമാക്കി മാറ്റുന്നുണ്ടോ
- ഈ പണം സാമ്പത്തിക ഇടപാടിനപ്പുറം ഏതെല്ലാം മേഖലയിലേക്ക് വഴി മാറുന്നു
- സംസ്ഥാനത്തിനുപുറമേ ദേശീയ, അന്തർദേശീയതലത്തിൽ ആർക്കൊക്കെ പങ്കുണ്ട്
- ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോ
മറുനാടന് ഡെസ്ക്