ന്യൂഡൽഹി: ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോൺ ആക്രമണത്തിൽ അന്വേഷണം എൻഐഎയ്ക്ക് കൈമാറി. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്‌ഫോടനങ്ങളിലെ അന്വേഷണമാണ് എൻഐഎയ്ക്ക് കൈമാറിയത്. ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

സ്‌ഫോക വസ്തുക്കൾ വർഷിച്ച ശേഷം ഈ ഡ്രോണുകൾ തിരിച്ചുപറന്നു. രണ്ടുകിലോ വീതം സ്‌ഫോക വസ്തുക്കൾ ഈ ഡ്രോണുകൾ വർഷിച്ചു എന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു. അതിനിടെ ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. റത്‌നുചക് മേഖലയിലെ കുഞ്ജ്വാണിയിൽ ഇന്നലെ രാത്രിയാണ് ഡ്രോൺ കണ്ടെത്തിയത്.

വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോൺ ആക്രമണത്തിൽ സ്‌ഫോടനത്തിന് ആർഡിഎക്‌സ് ഉപയോഗിച്ചോ എന്നും സംശയമുണ്ട്. വിമാനത്താവളത്തിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയാണ് ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തി. ഇന്ത്യക്കുള്ളിൽ നിന്ന് ഇവ പറത്തിയതാണോ എന്ന പരിശോധനയും നടക്കുന്നുണ്ട്. 100 മീറ്റർ ഉയരത്തിൽ നിന്നാണ് ഡ്രോണുകൾ ഈ സ്‌ഫോടക വസ്തുക്കൾ വർഷിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു. വ്യോമസേന താവളത്തിലെ വിമാനങ്ങളായിരുന്നു ലക്ഷ്യം എന്നാണ് സംശയം.

മറ്റു രാജ്യങ്ങളിൽ മാത്രം കേട്ടിരുന്ന ഡ്രോൺ ബോംബാക്രമണം ഇന്ത്യയിലും സംഭവിച്ചതോടെ പ്രതിരോധ സംവിധാനും കൂടുതൽ കരുത്തുറ്റതാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സൈന്യം. അതിർത്തിയിൽ ഭീകരർ ഡ്രോൺ ഉപയോഗിക്കാൻ തുടങ്ങിയത് ഇന്ത്യയ്ക്ക് ഏറെ ആശങ്കാജനകമാണ്. ഇതിനെ പ്രതിരോധിക്കാൻ എല്ലാ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങളും പരീക്ഷിക്കുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ആന്റി ഡ്രോൺ ജാമറുകൾ ഉണ്ടെങ്കിലും പൂർണമായും ഫലപ്രദമാകാൻ കഴിയുന്നില്ല. എന്നാൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തടയുന്നതിന് അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ വേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോൺ ആക്രമണത്തിൽ ഭാഗ്യംകൊണ്ട് മാത്രമാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. മറ്റു തന്ത്രപ്രധാന സ്ഥലങ്ങളിലോ വിമാനത്താവളങ്ങളിലോ ഡ്രോൺ ആക്രമണം സംഭവിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമായിരുന്നു. ഇത്തരം ആക്രമണങ്ങളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങൾ അതിവേഗം കണ്ടെത്തി വിന്യസിക്കേണ്ടിയിരിക്കുന്നു. പാക് ഭീകരർ നേരത്തെയും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഡ്രോണുകളാണ് പാക് ഭീകരരുടെ കൈയിലെത്തുന്നത്. ഇതിനെല്ലാം പാക് സർക്കാരിന്റെ പിന്തുണയും ലഭിക്കുന്നു.

സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ ശേഷിയുള്ള ഡ്രോണുകളും ഭീകരരുടെ കൈവശമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ആക്രമണം. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യപാക് അതിർത്തിയിൽ ഭീകരർ വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. അത്യാധുനിക ആയുധങ്ങൾ, വെടിമരുന്ന്, മയക്കുമരുന്ന് എന്നിവ ഇന്ത്യൻ പ്രദേശത്തേക്ക് കടത്താൻ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങൾ നേരത്തെ ഡ്രോണുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള വ്യോമസേന കേന്ദ്രത്തിലാണ് ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്നത്. അതായത് കിലോമീറ്ററുകളോളം സഞ്ചരിച്ച് കൃത്യമായ സ്ഥലത്തെത്താൻ ഒരുപരിധി വരെ ഈ ഡ്രോണുൾക്ക് സാധിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഭാവിയിൽ നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയും. കുറഞ്ഞ വിലയ്ക്ക് പോലും ലഭിക്കുന്ന, കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ചൈനീസ് ഡ്രോണുകൾ ലഭ്യമാണ്. ഈ ഡ്രോണുകളെല്ലാം താഴെ നിന്ന് നിയന്ത്രിക്കാനും സാധിക്കും. ഇത്തരം ഡ്രോണുകൾക്ക് മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ വഹിച്ച് സഞ്ചരിക്കാനും ആക്രമണം നടത്താനും കഴിയും.

മിക്ക ഡ്രോണുകളും താഴ്ന്നാണ് പറക്കുക. ഇതിനാൽ തന്നെ അതിർത്തിപ്രദേശങ്ങളിലെ റഡാറുകളിൽ ഡ്രോണുകൾ പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. ചില രാജ്യങ്ങളിൽ ഡ്രോണുകളെ കണ്ടെത്താനും ഇല്ലാതാക്കാനും ടെക്‌നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ, മിക്കതും ഇപ്പോഴും മികച്ച സേവനമല്ല കാഴ്ചവെക്കുന്നത്.

വ്യോമാക്രമണം നടത്തുന്നതിന് പുറമെ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരർ ഡ്രോണുകൾ ഉപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 2019 ൽ പാക്കിസ്ഥാന്റെ അതിർത്തിയിൽ 167 ഡ്രോണുകൾ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2020 ൽ മാത്രം 77 ഡ്രോണുകൾ കാണാനിടയായി. നിരവധി തവണ ജമ്മു കശ്മീർ പൊലീസും സൈനികരും ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഡ്രോൺ വഴി കടത്തുകയായിരുന്ന രണ്ട് ഗ്രനേഡുകൾ, രണ്ട് എകെ -74, ഒരു പിസ്റ്റൾ, വെടിമരുന്ന് എന്നിവ പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ 25 വർഷത്തിനിടയിൽ ഡ്രോണുകൾ ഗണ്യമായി വികസിക്കുകയും ശേഷിയിൽ വൻ കുതിച്ചുചാട്ടം നടത്തുകയും ചെയ്തു. അൽ ഖ്വയ്ദയ്ക്കും ഇസ്ലാമിക് സ്റ്റേറ്റിനും ലോകത്തെ മറ്റ് തീവ്രവാദ സംഘങ്ങൾക്കും ഇപ്പോൾ അത്യാധുനിക ആയുധങ്ങൾ ലഭിക്കുന്നുണ്ട്. റഡാറുകളുടെ കണ്ണുവെട്ടിച്ച് താഴ്ന്ന് പറക്കുന്ന ആധുനിക ഡ്രോണുകൾക്ക് ഏറെ ഉയർന്ന സാങ്കേതിക ശേഷിയുമുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉപഗ്രഹങ്ങൾ വഴി വരെ നിയന്ത്രിക്കാവുന്ന ഡ്രോണുകളുണ്ട്.

ആയുധങ്ങൾ പ്രയോഗിക്കാൻ ശേഷിയുള്ള ഡ്രോണുകൾ നേരത്തെ ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഉപയോഗിച്ചിരുന്നു. എന്നാൽ, ഡ്രോൺ ടെക്‌നോളജി ദിവസവും മാറിവരികയാണ്. ജിപിഎസിന്റെ സഹായത്തോടെ കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് ഡ്രോണുകളെ അയക്കാൻ ഇന്ന് സാധിക്കും.