കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബും പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കേരള ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് നിബ് അവാർഡിന്റെ ലോഗോ പ്രകാശനം പ്രൊഫസർ കെ.വി.തോമസ് എംപി നിർവ്വഹിച്ചു. മികച്ച അന്വേഷണാത്മക റിപ്പോർട്ട് (അച്ചടി, ദൃശ്യം), മലയാളം ചാനലുകളിലെ  മികച്ച വാർത്താ അവതരണം, മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടി/ ലേഖനം, മലയാളം ചാനലുകളിലെ മികച്ച വാർത്താധിഷ്ഠിത പരിപാടി, മികച്ച കായിക റിപ്പോർട്ട്/ പരിപാടി, മികച്ച ഫോട്ടോഗ്രാഫർ/ ക്യാമറമാൻ എന്നീ വിഭാഗങ്ങളിലാണ് മാദ്ധ്യമപ്രവർത്തകർക്ക് അവാർഡുകൾ നൽകുന്നത്.

പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ, എൻആർഐ ബിസിനസ്മാൻ വിത്ത് പിആർ, മോസ്റ്റ് എന്റർപ്രൈസിങ് ബിസിനസ്മാൻ/ വുമൺ, പിആർ മാനേജർ ഓഫ് ദി ഇയർ, എൻജിഒ ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങൾ നൽകും.

ഹൗസ് ജേർണലുകൾ, ന്യൂസ് ലെറ്ററുകൾ, ഇ-മാഗസിനുകൾ എന്നിവയ്ക്കും പുരസ്‌കാരങ്ങൾ നൽകുന്നുണ്ട്. വരുന്ന ഫെബ്രുവരി 20ന് കൊച്ചിയിൽ നടക്കുന്ന അവാർഡ് വിതരണചടങ്ങിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും, കേരളത്തിനു പുറത്തുള്ള പ്രമുഖ പത്രപ്രവർത്തകരും പിആർസിഐ മെമ്പർമാരും പങ്കെടുക്കും.

പിആർസിഐ കേരള ചാപ്റ്റർ ചെയർമാൻ യു.എസ്. കുട്ടി, സെക്രട്ടറി
ടി. വിനയകുമാർ, ട്രെഷറർ പി.കെ.നടേഷ്, പ്രസ് ക്ലബ് പ്രസിഡണ്ട്
കെ. രവികുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.