ലണ്ടൻ: ഏതാണ്ട് 200 വർഷം അവർ നമ്മളെ ഭരിച്ചു. നമ്മുടെ സംസ്‌കാരവും ജീവിത രീതികളും അവർ മാറ്റി. അവർക്ക് വേണ്ടതെല്ലാം അവർ കടത്തി സമ്പന്നരായി മാറി. ക്ലർക്കുമാരെ ഉണ്ടാക്കുന്ന വിദ്യാഭ്യാസം മുതൽ അനേകം കാര്യങ്ങൾ ഇപ്പോഴും നമ്മൾ നിലനിർത്തുന്നു. എന്നിട്ടും ബ്രിട്ടീഷുകാരന്റെ രാഷ്ട്രീയ ധാർമ്മികത മാത്രം നമുക്ക് അന്യമാകുന്നു. അസാധാരണമായ ആ ധാർമ്മികതയുടെ ഏറ്റവും പുതിയ അദ്ധ്യയമാണ് നൈജൽ ഫരാജ് എന്ന ബ്രിട്ടീഷ് ദേശീയ പാർട്ടിയുടെ നേതാവിന്റെ രാജി.

ബ്രെക്‌സിറ്റ് എന്ന വികാരം ബ്രിട്ടണിൽ വളർത്തിയതും വിജയിപ്പിച്ചതും ഫരാജിന്റെ മിടുക്കായിരുന്നു. കൺസർവേറ്റീവ് വോട്ട് ബാങ്ക് യുകെഐപിയിലേക്ക് പോകുന്നു എന്ന് കണ്ടാണ് റഫറാണ്ടത്തിന് തയ്യാറായി പ്രധാനമന്ത്രി കാമറോൺ രംഗത്തിറങ്ങിയത്. കൺസർവേറ്റീവ് നേതാവായ ബോറിസ് ജോൺസൺ കൂടി കളത്തിൽ ഇറങ്ങിയതോടെയാണ് ബ്രെക്‌സിറ്റ് വിജയിച്ചതെങ്കിലും ഫരാജിന്റെ സ്വാധീനം നിർണ്ണായകമായിരുന്നു. വിജയം ഉറപ്പിച്ചിട്ടും ഫരാജ് രാജി വച്ചതാണ് രാഷ്ട്രീയത്തെ ധാർമ്മികതയുടെ അടയാളം ആക്കുന്നത്.

ബ്രെക്‌സിറ്റ് വിജയിച്ചതോടെ തന്റെ രാഷ്ട്രീയ ദൗത്യം പൂർത്തിയായതായി പ്രഖ്യാപിച്ചാണ് ഫരാജ് യുകെഐപി നേതൃസ്ഥാനം രാജിവച്ചത്. താൻ ഒരിക്കലും രാഷ്ട്രീയക്കാരനാകാൻ ആഗ്രഹിച്ചിരുന്നില്ലെന്നും ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുകൊണ്ടുവരിക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് ഫരാജ് തന്റെ രാജിക്കു ശേഷം പ്രതികരിച്ചത്. തീവ്ര വലതുപക്ഷ കുടിയേറ്റവിരുദ്ധപാർട്ടിയായ യു.കെ.ഐ.പി.യിൽ 1993-ലാണ് ഫരാജ് അംഗമായത്. രണ്ടുതവണ പാർട്ടിനേതൃസ്ഥാനത്തെത്തി. കഴിഞ്ഞവർഷം പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്നും ഇദ്ദേഹം പാർട്ടിസ്ഥാനം രാജിവച്ചിരുന്നു. പിന്നീട് മൂന്നുദിവസത്തിനുശേഷം തീരുമാനം പിൻവലിക്കുകയായിരുന്നു.

ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മിടുക്കനായ പ്രധാനമന്ത്രിയായി പേരെടുത്ത ടോണി ബ്ലയർ റിട്ടയർ ചെയ്തത് അറുപത് വയസ്സ് തികയും മുൻപായിരുന്നു. മൂന്ന് വട്ടം പ്രധാനമന്ത്രി ആയിരുന്ന ബ്ലയറിന്റെ വ്യക്തിപ്രഭ മറ്റാർക്കും ഇല്ലാത്തതിനാൽ ലേബർ പാർട്ടി പിന്നീട് രണ്ട് തവണ അധികാരത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അനേകം നേതാക്കളെ മാറി മാറി പരീക്ഷിച്ച് പരാജയപ്പെട്ടിട്ടും റിട്ടയർ ചെയ്ത ബ്ലയറിനെ അവർ വീണ്ടും പരിഗണിക്കുന്നേയില്ല. വയസ്സിന്റെ പാരമ്പര്യം എടുത്താൽ ഇനിയും 30 വർഷം കൂടി ബ്ലയറിന് ബ്രിട്ടൺ ഭരിക്കാമായിരുന്നു. ടോറികൾ അധികാരത്തിൽ എത്തിയത് ഡേവിഡ് കാമറോണിന്റെ വ്യക്തി പ്രഭാവം കൊണ്ടായിരുന്നു. ടോണി ബ്ലയറിന് ശേഷം ബ്രിട്ടണിൽ രൂപപ്പെട്ടത് കാമറോൺ രാഷ്ട്രീയം ആയിരുന്നു.

കാമറോണിന്റെ ജനപ്രീതിക്ക് ഒരു തടസ്സവും ഇല്ല. ഇനിയും കാമറോണിന്റെ നേതൃത്വത്തിൽ മത്സരിച്ചാൽ ടോറികൾക്ക് വീണ്ടും അധികാരത്തിൽ എത്താം. എന്നിട്ടും ബ്രെക്‌സിറ്റ് പരാജയത്തിൽ മനം നൊന്ത് കാമറോൺ കാലാവധി പൂർത്തിയാക്കും മുൻപ് രാജി വയ്ക്കുകയാരുന്നു. മറ്റേത് നേതാവ് വന്നാലും കാമറോണിന് പകരം ആവില്ലെന്ന് വ്യക്തമായിരിക്കെ ആണ് അൻപത് വയസ്സ് ഇനിയും തികയാത്ത കാമറോൺ റിട്ടയർ ചെയ്തത്.

കാമറോണിന്റെ രാജിയാവട്ടെ ഒരു നിലപാട് പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് എന്നോർക്കണം. റഫറണ്ടം നടത്തേണ്ട കാര്യം പോലും കാമറോണിന് ഉണ്ടായിരുന്നില്ല. റഫറണ്ടവും പ്രധാനമന്ത്രി പദവിയും കൂട്ടിക്കുഴക്കേണ്ട കാര്യവുമില്ല. എങ്കിലും തന്റെനിലപാടിനെതിരെ ജനം വോട്ട് ചെയ്തതോടെ രാഷ്ട്രീയ ധാർമ്മികത ഏറ്റെടുത്ത് കാമറോൺ രാജി വച്ചു.

വംശീയത മുഖമുദ്രയായി സ്വീകരിച്ച പാർട്ടിയാണ് യുകെഐപി. അതിന്റെ നേതാവിന് ബ്രെക്‌സിറ്റ് വിജയത്തോടെ അജയ്യത അവകാശപ്പെടാൻ കഴിയും ഇപ്പോൾ. എന്നിട്ടും നൈജൽ ഫരാജ് രാജി വയ്ക്കുന്നത് മറ്റൊരു തരം രാഷ്ട്രീയ ധാർമ്മികതയുടെ വിജയം ആണ് എന്ന് പറയേണ്ടി വരും. ഈ പാർട്ടി ഉണ്ടാക്കിയ കിൽറോയി സിൽക്ക് എന്ന ചാനൽ അവതാരകനെ കുറിച്ച് നാളുകളായി ഒന്നും കേൾക്കാനില്ല എന്ന് കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം.

ബ്രെക്‌സിറ്റിന്റെ വിജയത്തെ തുടർന്ന് വളരെ നിർണായകമായ ദിവസങ്ങളായിരുന്നു ഈ നാളുകളെങ്കിലും മറ്റൊരു തരത്തിലുള്ള വിവാദങ്ങൾക്കും ഇടകൊടുക്കാതെ നൈജൽ ഫരാജ് തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഫരാജിന്റെ രാജി പ്രഖ്യാപനം എത്തിയതോടെ അതുസംബന്ധിച്ച് ഏറെ അഭ്യൂഹങ്ങളാണ് ഉടലെടുത്തത്. വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കവേ പെട്ടെന്ന് രാജിവച്ച് ഒഴിയുന്നതിന്റെ കാരണങ്ങൾ പലതും പിന്നാമ്പുറങ്ങളിൽ ഉയർന്നെങ്കിലും അവസാനം ഫരാജ് തന്നെ വ്യക്തമാക്കി മുന്നോട്ടു വന്നു. രാഷ്ട്രീയ ലക്ഷ്യം സാധിച്ചു. ഇനി വിശ്രമം.

റഫറണ്ടം നടന്ന സമയത്തുള്ള ആഗ്രഹം എന്റെ രാജ്യത്തെ തിരിച്ചു പിടിക്കുകയെന്നതായിരുന്നു. ഇനി എന്റെ ജീവിതം തിരിച്ചുവേണം എനിക്ക്...ജൂലൈ നാലിന് രാജിവച്ച അവസരത്തിൽ ഫരാജ് വെളിപ്പെടുത്തി. രാഷ്ട്രീയത്തിൽ നിന്നു രാജിവയ്ക്കുകയാണെങ്കിലും തിരക്കിൽ നിന്ന് ഫരാജിന് രാജിയില്ലെന്നു വേണം കരുതാൻ. യുകെഐപി നേതൃസ്ഥാനം ഒഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ദൗത്യം ഫ്രാൻസിലാണ്. ബാറ്റിൽ ഓഫ് ദ സോം എന്ന ചിത്രത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു ഫിലിം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാൻസ് യാത്ര. കൂടാതെ ഈ മാസം അവസാനം യുഎസിൽ റിപ്പബ്ലിക്കൻ കൺവൻഷനിൽ പ്രസംഗിക്കും.

യുഎസിലും ലണ്ടനിലും ഒരു സ്പീക്കിങ് ഏജൻസി നടത്താൻ ഫരാജ് ധാരണയായിട്ടുണ്ട്. ഫരാജിന് ഒരു പ്രസംഗത്തിൽ നിന്ന് 20,000 പൗണ്ടാണ് വരുമാനം ലഭിക്കുന്നത്. എംഇപിയായി ഇനിയുള്ള രണ്ടു വർഷത്തെ കാലാവധി കൂടി തുടരാനാണ് ഫരാജ് തീരുമാനിച്ചിരിക്കുന്നത്. കാമറോണിന് പിന്തുടർച്ചക്കാരനായി ആരു പ്രധാനമന്ത്രിയായാലും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മെച്ചപ്പെട്ട ഡീലുകൾ സ്വന്തമാക്കാൻ അവർക്ക് എല്ലാ സഹായങ്ങളും നൽകാനും ഫരാജ് തയാറാണ്.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടിയായി യുകെഐപിയെ വളർത്തിയ ശേഷം ഫരാജ് പടിയിറങ്ങുന്നത് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് എന്നോർക്കണം. കഴിഞ്ഞ ജനറൽ ഇലക്ഷനിൽ നാല്പതു ലക്ഷം വോട്ടാണ്, അതായത് 12.5 ശതമാനം, പാർട്ടിക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയും ലിബറൽ ഡെമോക്രാറ്റ് പാർട്ടിയും ഒരുമിച്ച് നേടിയ വോട്ടുകളെക്കാൾ കൂടുതലായിരുന്നു യുകെഐപി നേടിയത്.