- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനറൽ കോച്ച് പുനഃസ്ഥാപിക്കുന്നത് കേരളത്തിൽ വൈകുന്നു; ജനറൽ കോച്ചില്ലാതെ രാത്രിവണ്ടികൾ; പാലക്കാട് ഡിവിഷനിൽ ലോക്കോ പൈലറ്റുമാരുടെയും അഭാവം
കണ്ണൂർ: രാത്രിതീവണ്ടികളിൽ ഒന്നിലും ജനറൽ കോച്ചില്ല. മുഴുവൻ കോച്ചുകളും സിറ്റിങ് സീറ്റുള്ള അന്ത്യോദയ എക്സ്പ്രസ് പോലും സാധാരണ ടിക്കറ്റുകാരെ കയറ്റില്ല. മലബാർ, മാവേലി, മംഗളൂരു എക്സ്പ്രസിലടക്കം സീറ്റ് റിസർവ് ചെയ്യണം. സ്ലീപ്പർ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിൽപ്പെടുന്ന അടിയന്തര യാത്രക്കാർക്ക് മാറിക്കയറാൻ നിലവിൽ ഒരുവണ്ടിയിലും ജനറൽ കോച്ചില്ല. ജനറൽ കോച്ച് പുനഃസ്ഥാപിക്കുന്നത് കേരളത്തിൽ വൈകുകയാണ്.
മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടു വണ്ടികളിൽ സാധാരണ ടിക്കറ്റും സീസണും നൽകിത്തുടങ്ങിയത് ഏറ്റവും അവസാനമാണ്. നവംബർ 25 മുതൽ പരശുവിനും ഏറനാടിനും ഒപ്പം മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റി, പാലരുവി, മധുര-പുനലൂർ എക്സ്പ്രസ് എന്നിവയിലും ജനറൽ കോച്ച് വന്നു. നിലവിൽ രാത്രി 11-ന് കണ്ണൂരിലെത്തുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് മാത്രമാണ് സാധാരണ ടിക്കറ്റെടുത്ത് കയറാൻ പറ്റുന്ന ഒരു രാത്രിവണ്ടിയെന്ന് പറയാനുള്ളത്.
റേക്കുണ്ടായിട്ടും പാസഞ്ചർ ഓടിക്കാൻ പാലക്കാട് ഡിവിഷനിൽ ലോക്കോ പൈലറ്റുമാരില്ല. നിലവിൽ 55 ലോക്കോ പൈലറ്റുമാരുടെ കുറവ് ഡിവിഷനിലുണ്ട്. ഒരാൾ ലീവാക്കിയാൽ സർവീസ് മുടങ്ങുമെന്ന അവസ്ഥ. പാസഞ്ചർ ഓടിക്കേണ്ട 57 ലോക്കോപൈലറ്റുമാരുടെയും മെയിൽ വണ്ടികൾ ഓടിക്കുന്ന 11 പേരുടെയും ഒഴിവ് നികത്തിയിട്ടില്ല. രണ്ട് ഷണ്ടർ ലോക്കൊപൈലറ്റിന്റെ ഒഴിവും ഡിവിഷനിലുണ്ട്.
ലോക്കോ പൈലറ്റുമാരുടെ പ്രമോഷൻ നടക്കാത്തതാണ് ഈ പ്രശ്നത്തിന് കാരണമെന്ന് ലോക്കോപൈലറ്റ് അസോസിയേഷൻ പറയുന്നു. ചരക്കുവണ്ടി ഓടിക്കുന്ന ലോക്കോപൈലറ്റുമാർക്ക് പ്രമോഷൻ നൽകി പാസഞ്ചർ/മെയിൽ വണ്ടി ഓടിക്കുന്നവരാക്കിയാൽ ഈ പ്രതിസന്ധി പരിഹരിക്കാം.
മറുനാടന് മലയാളി ബ്യൂറോ