- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടീച്ചർക്ക് പരിവാർ പാരമ്പര്യം; പ്രവാസി ഭർത്താവ് സിപിഎം കുടുംബാംഗം; അണ്ടല്ലൂർ കാവിലെ തർക്കം പ്രശാന്തിനെ കമ്യൂണിസത്തിൽ നിന്ന് അകറ്റി; പ്രതിയുമായി അമൃതാ അദ്ധ്യാപികയ്ക്ക് അടുത്ത പരിചയം; ബൈക്കിൽ കറങ്ങിയും ചാറ്റ് ചെയ്തും ദിനേശ് ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച് അടിപൊളി ജീവിതം; പാർട്ടി ശത്രു നിജിൽദാസ് സിപിഎമ്മിനെ പറ്റിച്ച കഥ

കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് സിപിഎം കുടുംബവും പ്രവർത്തകനുമായിരുന്ന ധർമ്മടം അണ്ടലൂരിലെ പ്രശാന്തന്റെ വീട്ടിൽ ഈ കാര്യം സിപിഎം നേതൃത്വവും സ്ഥിരീകരിച്ചു. പ്രശാന്തന്റെത് പാർട്ടി കുടുംബമാണെന്നും പ്രശാന്തൻ സിപിഎം അനുഭാവിയാണെന്നും പിണറായിയിലെ സിപിഎം നേതാവ് കക്കോത്ത് രാജൻ പറഞ്ഞു.
എന്നാൽ കഴിഞ്ഞ കുറെ നാളുകളായി പ്രശാന്തനടക്കമുള്ളവർ സിപിഎമ്മുമായി അകൽച്ചയിലാണെന്നാണ് വിവരം അണ്ടലൂർ കാവിലെ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര അവകാശികളായ പ്രശാന്തന്റെ കുടുംബവും പ്രാദേശിക സിപിഎം നേതൃത്വവും തമ്മിൽ തർക്കമുണ്ടായിരുന്നു. സുവനീർ ഇറക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അഭിപ്രായ ഭിന്നതയിലെത്തിയത് ഇതു മുതലെടുത്തു കൊണ്ട് ആർഎസ്എസ് ഇടപെടുകയും ക്ഷേത്ര അവകാശികൾക്ക് ഒപ്പം നിൽക്കുകയും ചെയ്തു.
ഇതോടെയാണ് പാർട്ടി നേതൃത്വവും ക്ഷേത്ര കമ്മിറ്റിയിലെ ചിലരും തമ്മിലുള്ള അകൽച്ച തുടങ്ങിയത്. എന്നാൽ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ തന്റെ രണ്ടാമത്തെ വീടായ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിവിൽ താമസിക്കാൻ അനുമതി നൽകിയത് ഇയാൾക്ക് അറിവുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രശാന്തന്റെ ഭാര്യയും അദ്ധ്യാപികയുമായ രേഷ്മ പുന്നോൽ ചാകൃത്ത് മുക്ക് സ്വദേശിനിയാണ് അതുകൊണ്ടു തന്നെ ആർഎസ്എസ് സ്വാധീന പ്രദേശമായ ഇവിടെ ജനിച്ചു വളർന്ന ഇവർ പരിവാർ അനുകൂല കുടുംബാംഗമാണ്. പുന്നോലിലെ ഓട്ടോ റിക്ഷ ഡ്രൈവറായ നിജിൽ ദാസുമായി ഇവർക്ക് നേരത്തെ പരിചയമുണ്ട്.
ആർഎസ്എസ് പ്രവർത്തകനായ നിജിൽ ദാസ് നേരത്തെയും ചില ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഹരിദാസ് വധത്തിൽ നേരിട്ടു പങ്കെടുത്തയാളെന്നാണ് ഇയാളെ കുറിച്ചു പൊലീസ് റിപ്പോർട്ടിലുള്ളത് മൾട്ടി പ്രജിയെന്ന കേസിലെ മറ്റൊരു പ്രതിയൊടൊപ്പം ഹരിദാസിനെ മാരകമായി പരുക്കേൽപ്പിക്കുന്നത് നിജിൽ ദാസാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനടുത്തുള്ള പുത്ത ങ്കണ്ടം എന്ന സ്ഥലം ആർ.എസ് എസ് .പോക്കറ്റാണ്. ഇവിടെ ഒളിവിൽ കഴിയാതാണ് നിജിൽ ദാസ് ആദ്യം തീരുമാനിച്ചതെങ്കിലും പൊലിസ് റെയ്ഡു ഭയന്ന് പാണ്ട്യാല മുക്കിലെ റോഡിന് എതിർ വശത്തുള്ള രേഷ്മയുടെ വീട് തെരഞ്ഞെടുക്കുകയായിരുന്നു.
രേഷ്മയുമായുള്ള സൗഹൃദം കാരണം ഇതു എളുപത്തിൽ സാധിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ 16 വരെ പിണറായി പെരുമയ്‌ക്കെത്തിയ കലാകാരന്മാർ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. ഇവിടെ കഴിഞ്ഞ 17 നാണ് നിജിൽ ദാസ് ഒളിവിൽ താമസിക്കാനെത്തിയത്. ഇയാൾ സാധാരണ ജീവിതമാണ് ഇവിടെ നയിച്ചതെന്നാണ് വിവരം. രേഷ്മയുടെ വീടിന് തൊട്ടടുത്താണ് പിണറായി എസ്‌ഐ വാടകയ്ക്കു താമസിക്കുന്നത്. രേഷ്മ തന്റെ ബന്ധുവാണെന്നാണ് അയൽവാസികളോട് ഇയാൾ പറഞ്ഞിരുന്നു. ചില നേരങ്ങളിൽ കാറിൽ ഇവർ നിജിൽ ദാസിന് ഭക്ഷണമെത്തിച്ചു നൽകിയിരുന്നു.
രാത്രികാലങ്ങളിൽ ഇവർ വാട്ട്‌സ് ആപ്പ് കോളുകൾ നിജിൽ ദാസിന് ചെയ്തിരുന്നതായും വിവരമുണ്ട്. നിജിൽ ദാസ് പിണറായി ടൗണിൽ ബൈക്കിൽ കറങ്ങിയതായും പാണ്ട്യാല മുക്കിനടുത്തെ പിണറായി ദിനേശ് കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ മാസ്‌ക് വെച്ചതിനാൽ ഇയാളെ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് പിണറായി പൊലീസ് സ്റ്റേഷൻ തന്നെ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ വീടിന് മുൻപിൽ സ്ഥിരമായി ഒരു വണ്ടി പൊലിസുണ്ട്.
ഇതു കൂടാതെ പുറത്തു നിന്നും ഈച്ച കടക്കാത്ത പാർട്ടി ഗ്രാമമെന്നു സിപിഎം അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനരികെ ക്രിമിനൽ കേസിലെ പ്രതിയായ ആർ.എസ് എസ് പ്രവർത്തകൻ ഒളിവിൽ താമസിച്ചത് പാർട്ടിയെയും പൊലിസിനെയും ഒരേ പോലെ ഞെട്ടിച്ചിരിക്കുകയാണ്.


