കണ്ണൂർ: ഈച്ച പോലും കടക്കാത്ത പാർട്ടി ഗ്രാമത്തിൽ ആർ എസ് എസുകാരനായ സിപിഎമ്മുകാരനെ കൊലപ്പെടുത്തി കേസിലെ പ്രതി ഒളിവിൽ താമസിച്ചുവെന്ന വസ്തുതയിൽ ഞെട്ടി സിപിഎം. പാർട്ടി നേതാക്കളുടെ അനുഗ്രഹമില്ലാതെ ഇത് നടക്കുമോ എന്ന സംശയം കണ്ണൂരിൽ ഉയരുന്നുണ്ട്. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ മുഖ്യപ്രതി, മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനരികെ ഒളിവിൽ താമസിച്ചതും പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് വീടിനു നേരെ ആക്രമണമുണ്ടായതും പൊലീസിനും തലവേദനയാണ്.

വീട്ടുടമയായ പ്രശാന്തിന്റെയും ഭാര്യ രേഷ്മയുടെയും മാതാപിതാക്കളും ബന്ധുക്കളുമെല്ലാം പതിറ്റാണ്ടുകളായി സിപിഎം അനുഭാവികളാണ്. ചെങ്കൊടികളും മുഖ്യമന്ത്രി പിണറായി വിജയന്റെ വാഴ്‌ത്തുപാട്ടുകളുമാണ് മിക്കവരുടെയും ഫേസ്‌ബുക് പ്രൊഫൈലുകൾ നിറയെ. സൈബർ ഗ്രൂപ്പുകളിലും പങ്കാളിത്തമുണ്ട് പലർക്കും. ചെങ്കൊടിയുടെ പശ്ചാത്തലത്തിലുള്ള പ്രൊഫൈൽ പിക്ചറാണ് ഫേസ്‌ബുക്കിൽ പ്രശാന്തിന്റേത്. ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ ഷെയർ ചെയ്തിട്ടുണ്ട് പ്രശാന്ത്. എന്നാൽ പ്രതിയെ വീട്ടിൽ നിന്ന് പിടികൂടിയതോടെ പ്രശാന്തിനെ ആർ എസ് എസുകാരനായി അവതരിപ്പിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി എംവി ജയരാജൻ.

അറസ്റ്റിലായ രേഷ്മയ്ക്ക് പ്രത്യക്ഷത്തിൽ രാഷ്ട്രീയബന്ധമില്ലെങ്കിലും ജോലി ചെയ്യുന്ന വിദ്യാലയവുമായി ബന്ധപ്പെട്ട് ഇവർക്ക് സംഘ്പരിവാറുമായി അടുപ്പമുണ്ടെന്നാണു സിപിഎം വാദം. രേഷ്മയുടെ ഫേസ്‌ബുക് പ്രൊഫൈലിലും രാഷ്ട്രീയ ആഭിമുഖ്യം പ്രകടമാക്കുന്ന പോസ്റ്റുകളില്ല. അതിനിടെ രേഷ്മയ്‌ക്കെതിരെ ശക്തമായ സൈബർ ആക്രമണം സിപിഎം സൈബർ സഖാക്കൾ നടത്തുന്നുണ്ട്. ഇതിനെതിരെ കേസ് നൽകാനാണ് രേഷ്മയുടെ നീക്കം. രേഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

പ്രശാന്തിന്റെ തറവാടു വീട് നിന്നിരുന്ന പിണറായി പാണ്ട്യാല മുക്കിലെ രയരോത്ത് പൊയിലിൽ രണ്ടു വർഷം മുൻപാണ് പ്രശാന്തും രേഷ്മയും ചേർന്ന് മയിൽപ്പീലി എന്ന പേരിൽ പുതിയ വീട് നിർമ്മിച്ചത്. പ്രശാന്തിന്റെ സഹോദരങ്ങളും അമ്മയുമെല്ലാമാണ് ചുറ്റുപാടുമുള്ള വീടുകളിലെ താമസക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ പിന്നിലെ ഇടവഴിയിലൂടെ നടന്നാൽ ഇവിടേക്ക് എത്താൻ നൂറു മീറ്ററോളം ദൂരമേ ഉണ്ടാകൂ. അണ്ടല്ലൂരിൽ പ്രശാന്ത് വാങ്ങിയ സ്ഥലത്ത് ഇവർക്ക് മറ്റൊരു വീടുമുണ്ട്.

മാർച്ച് 23നാണ് പ്രശാന്ത് വിദേശത്തേക്കു പോയത്. അതിനു ശേഷം രേഷ്മ അണ്ടല്ലൂരിലെ വീട്ടിലായിരുന്നു മക്കൾക്കൊപ്പം താമസം. തുടർന്നാണ് പാണ്ട്യാല മുക്കിലെ വീട് വാടകയ്ക്കു കൊടുക്കാൻ തീരുമാനിച്ചത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ പിണറായിൽ സംഘടിപ്പിച്ചിരുന്ന 'പിണറായിപ്പെരുമ' പരിപാടിക്ക് എത്തിയവരാണ് ഏപ്രിൽ 1 മുതൽ 8 വരെ ഇവിടെ താമസിച്ചിരുന്നത്. ഇവർ പോയതിനു ശേഷം ഏപ്രിൽ 13ന് വീട് വൃത്തിയാക്കിയിട്ടു. അദ്ധ്യാപക ദമ്പതികൾ താമസത്തിനായി വരുന്നു എന്നായിരുന്നു സമീപത്തെ ബന്ധുവീടുകളിലുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ എത്തിയത് നിജിൽ ദാസായിരുന്നു.

ഇയാളെ ഇവരിൽ പലരും വീട്ടിൽ കണ്ടിരുന്നെങ്കിലും പുന്നോൽ ഹരിദാസ് കൊലക്കേസ് പ്രതിയാണെന്ന കാര്യം പൊലീസ് കഴിഞ്ഞ ദിവസം രാത്രി വീടുവളയുന്നതുവരെ ആരും അറിഞ്ഞിരുന്നില്ല. ഇയാൾ ഇവിടെ താമസം തുടങ്ങിയതിനു ശേഷം സ്‌കൂളിലേക്കു പോകുന്ന വഴി രണ്ടു മൂന്നു ദിവസം രാവിലെ രേഷ്മ സ്‌കൂട്ടറിൽ വീട്ടിൽ വരുന്നതും ഉടൻ തന്നെ മടങ്ങുന്നതും കണ്ടിരുന്നതായി തൊട്ടടുത്ത വീട്ടിലുള്ള ബന്ധുക്കൾ പറഞ്ഞു. വീട് നോക്കാനായി എത്തിയതാണെന്നാണ് കരുതിയതെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്കാണ് വീട് വാടകയ്ക്ക് നൽകിയതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ പറഞ്ഞു.

ഫോൺ കോൾ രേഖകൾ അടിസ്ഥാനമാക്കി രേഷ്മയും നിജിൽദാസും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിപ്പിക്കാനാണ് ഒരുവിഭാഗം സൈബർ ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. ഫേസ്‌ബുക് പേജിൽ നിന്നു രേഷ്മയുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് ട്രോളുകളും ഹേറ്റ് പോസ്റ്റുകളും വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.