തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കാനുള്ള മധ്യസ്ഥ ശ്രമത്തിൽ ഇടപെട്ടില്ലെന്നും റിപ്പോർട്ടർ ചാനൽ മേധാവിയും മാധ്യമ പ്രവർത്തകനുമായ എം വി നികേഷ് കുമാർ പറയുമ്പോൾ അതിനൊപ്പം ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ വെല്ലുവിളിയും.

അഭിമുഖത്തിന്റെ പേരിൽ തന്നെ പാലക്കാട് എത്തിച്ച് കുടുക്കാനായിരുന്നു സ്വപ്നയും ഷാജ് കിരണും ശ്രമിച്ചതെന്ന് സംശയിക്കുന്നുവെന്നും എം വി നികേഷ് കുമാർ ആരോപിച്ചു . മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്നാണ് വാർത്താ സമ്മേളനത്തിൽ സ്വപ്ന പറഞ്ഞത്. പുറത്തു വിട്ട ശബ്ദരേഖയിൽ ഇതിനുള്ള തെളിവുമില്ല. ഇതിനിടെയാണ് തന്റെ ഭാഗം വീണ്ടും നികേഷ് വികാരപരമായി വിശദീകരിക്കുന്നത്. ചാനലിന്റെ അവസ്ഥ ഉൾപ്പെടെ പറഞ്ഞാണ് നികേഷ് തന്റെ ഭാഗം വിശദീകരിക്കുന്നത്. നികേഷ് കുമാർ പൊലീസിന് പരാതി നൽകുമന്ന് മംഗളം ബ്യൂറോ ചീഫായ എസ് നാരായണനും റിപ്പോർട്ട് ചെയ്യുന്നു.

ദീർഘകാലം മാധ്യമ പ്രവർത്തനം ചെയ്തിട്ടും തനിക്ക് സ്വന്തമായോ വീടോ കാറോ പോലുമില്ലെന്ന് മംഗളത്തോട് നികേഷ് പറഞ്ഞു. സ്വപ്‌നയുടെ അഭിമുഖത്തിന്റെ പേരിൽ പാലക്കാട് തന്നെ എത്തിച്ച് കുടുക്കാൻ ശ്രമമുണ്ടായെന്ന് നികേഷ് പറയുന്നു. ഈ സാഹചര്യത്തിലാണ് ഷാജ് കിരണനിനെതിരെ പ്രധാനമായും നികേഷ് പരാതി നൽകുക. സ്വപ്‌നയ്‌ക്കെതിരേയും നികേഷിന് സംശയങ്ങളുണ്ട്. മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റാൻ താൻ ശ്രമിച്ചിട്ടില്ലെന്നും നികേഷ് പറയുന്നു. നികേഷ് കുമാറിന് കീഴിൽ ട്രെയിനിയായാണ് ഷാജ് കിരണിന്റെ മാധ്യമ പ്രവർത്തന തുടക്കം. ആഡംബര കാറിലെത്തിയാണ് സ്വപ്‌നയുമായി ഷാജ് കിരൺ സംസാരിച്ചത്. അതും യുപി രജിസ്‌ട്രേഷൻ കാർ. അതിനൊപ്പമാണ് തനിക്ക് കാറു പോലുമില്ലെന്ന് ഷാജ് കിരണിന്റെ പഴയ ചീഫിന്റെ വാക്കുകളും എത്തുന്നത്.

സ്വപ്ന സുരേഷിന്റെ ഈ വാക്കുകളിലൂടെയാണ് മാധ്യമ പ്രവർത്തകനായ എം വി നികേഷ് കുമാറും ഒത്തു തീർപ്പ് ശ്രമങ്ങളുടെ ഭാഗമാണെന്ന സംശയം ഉയർന്നത്. സ്വപ്നയുടെ ഫോൺ നികേഷ് കുമാറിന് കൈമാറണമെന്ന് ഷാജ് കിരൺ പറഞ്ഞതെന്തിന് എന്നതായിരുന്നു പ്രധാന സംശയം. എന്നാൽ സ്വപ്നയുടെ അഭിമുഖം എടുക്കാനാണ് ഷാജ് കിരൺ തന്നെ വിളിച്ചതെന്നും സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും നികേഷ് കുമാർ വ്യക്തമാക്കി. പുറത്തു വന്ന ശബ്ദരേഖയിലും നികേഷിനെതിരെ ഒന്നുമില്ലായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേസു കൊടുക്കാനുള്ള നീക്കം.

കേരളത്തിൽ ഒരു സമ്പൂർണ വാർത്താ ചാനൽ എന്നത് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്തിരുന്നപ്പോൾ ആണ് നികേഷിന്റെ ആശയം ഉൾക്കൊണ്ടു മുനീർ ഇന്ത്യവിഷൻ എന്ന ചാനലുമായി വന്നത്.. അതിന്റെ എഡിറ്റർ ആയി ചാർജെടുത്ത നികേഷ് കേരളത്തിൽ ഒരു വാർത്താ വിപ്ലവം തന്നെ സൃഷ്ടിച്ചു. ഈ ചാനലിൽ ട്രെയിനിയായിരുന്നു ഷാജ് കിരൺ. പിന്നീട് ഏഷ്യാനെറ്റിലേക്ക് പോയി. അവിടെ നിന്നും മംഗളത്തിലക്ക് വരെ എത്തി. ഈ പരിചയം വച്ച് നികേഷിനെ കുടുക്കാനായിരുന്നു നീക്കം.

ഇന്നത്തെ പല മാധ്യമപ്രവർത്തകരെയും അവരുടെ തുടക്ക നാളുകളിൽ നികേഷ് കൈ പിടിച്ച് ഉയർത്തിയിട്ടുണ്ട്.. സ്വന്തമായി ഒരു ചാനൽ സ്വപ്നം കണ്ടു ഇന്ത്യവിഷനിൽ നിന്നും ഇറങ്ങുമ്പോൾ ചെയ്യുന്ന പണിയിലെ മികവ് അല്ലാതെ നയാ പൈസ ഉണ്ടായിരുന്നില്ല.. എങ്കിലും റിപ്പോർട്ടർ ചാനൽ എന്ന സ്വപ്നം നികേഷ് യഥാർഥ്യമാക്കി.. തൊഴിലിൽ രാപകലില്ലാതെ ഓടുന്നതിനിടയിൽ സ്വന്തമായി ഒന്നും സമ്പാദിക്കാൻ കഴിയാത്ത ആളാണ് നികേഷ്. റിപ്പോർട്ടറിന് ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളുമുണ്ട്. മുൻ മന്ത്രി എം വി രാഘവന്റെ ഇളയ മകനാണ് നികേഷ് എന്നതും ചർച്ചകളിൽ പ്രസക്തമാണ്.

ഒരു ചാനൽ മേധാവി മറ്റൊരു ചാനലിൽ അഭിമുഖം നൽകുക എന്നത് അത്ര സാധാരണയല്ല. അങ്ങനെ നടക്കാറുമില്ല. പക്ഷേ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയിൽ ടെലിഫോണിൽ അതിഥിയായി റിപ്പോർട്ടർ ടിവിയുടെ നികേഷ് കുമാർ എത്തി. തനിക്കെതിരെ നടന്ന ഗൂഢാലോചന വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഷാജ് കിരണിനെതിരെ ആഞ്ഞിടിച്ചു. തന്നെ പാലക്കാട് എത്തിക്കാൻ ഗൂഢാലോചന നടന്നുവെന്ന് നികേഷ് കുമാർ പറയുന്നു. പോകാതിരുന്നതു കൊണ്ടു മാത്രം രക്ഷപ്പെട്ടുവെന്ന് തിരിച്ചറിയുകയാണ് നികേഷ്. തന്റെ ചാനലിന്റെ പരിതാപകരമായ അവസ്ഥ അടക്കം ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസിൽ താനാരുടേയും നാവല്ലെന്ന് നികേഷ് സമർത്ഥിച്ചത്.

ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണ് റിപ്പോർട്ടർ. അത് നടത്താനുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്. കറണ്ട് ബിൽ അടയ്ക്കാത്തതു കൊണ്ട് നാലു വർഷമായി വൈദ്യുത കണക്ഷൻ ഇല്ല. ഡീസലു കൊണ്ടാണ് പ്രവർത്തനം. സ്ഥാപനത്തിനായി ലോൺ എടുത്തിട്ടുണ്ട്. അത് അടയ്ക്കുന്നതും ഞാൻ തന്നെ; ഒരു നാവും ശബ്ദവും എന്ന സഹായിക്കുന്നില്ല. തന്നെ കുടുക്കാൻ ശ്രമിച്ചവരെ കണ്ടെത്തും. സ്വപ്നയും ഷാജ് കിരണും ഇതിൽ ഭാഗഭാക്കായി. ബാക്കിയുള്ളവരേയും താൻ കണ്ടെത്തിക്കൊള്ളാമെന്ന് നികേഷ് വിശദീകരിച്ചു. നേരത്തെ റിപ്പോർട്ടർ ടിവിയിലൂടെയും തെളിവ് സഹിതം തന്റെ ഭാഗം നികേഷ് വിശദീകരിച്ചിരുന്നു. ഷാജ് കിരൺ ഇക്കാര്യത്തിൽ വലിയ ഗൂഢാലോചന നടത്തിയെന്ന് വേണം വിലയിരുത്താൻ.

മുഖ്യമന്ത്രി പിണറായി വിജയന്റെ നാവും ശബ്ദവുമായ നികേഷ് അഭിമുഖം എടുക്കാൻ വരുമെന്നും എല്ലാം പറയണമെന്നും ഷാജ് കിരൺ പറഞ്ഞതായാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. നികേഷിനെ തന്ത്രപരമായി അഭിമുഖം എടുപ്പിക്കാൻ സാജ് കിരൺ ശ്രമിക്കുകയും ചെയ്തു. നികേഷ് പുറത്തുവിട്ട എസ് എം എസ് സന്ദേശങ്ങൾ ഇതിന് തെളിവാണ്. ഇന്ത്യാവിഷനിൽ ഷാജ് കിരൺ ട്രെയിനിയായിരുന്നു. ഡൽഹിയിലേക്ക് താൻ സ്ഥലം മാറ്റിയപ്പോൾ പ്രതിഷേധിച്ച് അയാൾ ഏഷ്യാനെറ്റ് ന്യൂസിൽ ചേർന്നുവെന്നും നികേഷ് ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കാറും വീടുമില്ലാത്ത കാര്യം മംഗളത്തോടും വിശദീകരിക്കുന്നത്.