കണ്ണൂർ: തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരാകും ഇടുതു മുന്നണിയുടെ മുഖ്യമന്ത്രി? റിപ്പോർട്ടർ ചാനലിൽ എഡിറ്റേഴ്‌സ് അവറിൽ സിപിഐ(എം) നേതാക്കളെ ചോദ്യം മുട്ടിക്കാൻ എംവി നികേഷ് കുമാർ ചോദിച്ച ചോദ്യമാണ് ഇത്. ആരും കൃത്യമായ ഉത്തരം പറഞ്ഞില്ല. വീണ്ടും വീണ്ടും ചോദിച്ചു. അപ്പോഴും ഫലം ഉണ്ടായില്ല. ആഴ്ച ഒന്നു കഴിഞ്ഞപ്പോൾ നികേഷ് കുമാർ ഇടത് സ്വതന്ത്രനായി. രണ്ട് ദിവസം മുമ്പ് പാർട്ടി ചിഹ്നം അനുവദിച്ച് സിപിഎമ്മിലും എടുത്തു നികേഷിനെ. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരാകും ഇടുതു മുന്നണിയുടെ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് നികേഷിന് ഉത്തരം കിട്ടിയെന്നതാണ് വസ്തുത.

കേരളത്തിൽ താരപകിട്ടുള്ള സ്ഥാനാർത്ഥിയാണ് നികേഷ്. ദേശീയ മാദ്ധ്യമങ്ങളടക്കം നികേഷ് എന്ന മാദ്ധ്യമ പ്രവർത്തകന്റെ സ്ഥാനാർത്ഥിത്വത്തെ ആഘോഷമാക്കുന്നു. 20 കൊല്ലത്തെ മാദ്ധ്യമ പ്രവർത്തനത്തിന് ശേഷം രാഷ്ട്രീയക്കാരന്റെ കുപ്പായം ഇട്ട നികേഷിനെ അഭിമുഖം ചെയ്യാൻ ടിവി ടുഡെ ചാനലുമെത്തി. നികേഷിന് അവർ ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആരാകും സിപിഎമ്മിന്റെ മുഖ്യമന്ത്രി? ന്യൂസ് ഫ്‌ളോറിൽ ഇരുന്ന് ചോദ്യം ചോദിക്കുമ്പോഴുള്ള കൺഫ്യൂഷനൊന്നും ഇന്നില്ല. കൃത്യമായി തന്നെ നികേഷ് മറുപടി പറഞ്ഞു. അക്കാര്യം പാർട്ടി തീരുമാനിക്കും. അങ്ങനെ സിപിഐ(എം) നേതാക്കളെ ഉത്തരത്തിനായി വെള്ളം കുടിപ്പിച്ച ചോദ്യത്തിന് നികേഷ് തന്നെ ഉത്തരം കണ്ടെത്തി. ഇതാണ് മാദ്ധ്യമ പ്രവർത്തകനിൽ നിന്നുള്ള രാഷ്ട്രീയ നേതാവിലേക്കുള്ള നികേഷിന്റെ പരിണാമത്തിന്റെ തെളിവും.

എംവി രാഘവൻ മകനെന്ന നിലയിലാണ് അഴിക്കോട് നികേഷിനെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ(എം) തീരുമാനിച്ചത്. അണികൾ എതിർക്കുമെന്ന് കരുതി സ്വതന്ത്രനായാണ് ആദ്യം പരിഗണിച്ചത്. എന്നാൽ അഴിക്കോട് എത്തിയ നികേഷ് എല്ലാം മാറ്റി മറിച്ചു. ദിവസങ്ങൾക്കുള്ളിൽ തന്നെ താരമായി. പാർട്ടി അണികളെല്ലാം നികേഷിന്റെ പിന്നിൽ അണിനിരന്നു. ഇതോടെ സിപിഐ(എം) പാർട്ടി ചിഹ്നവും അനുവദിച്ചു. എല്ലാ അർത്ഥത്തിലും സിപിഎമ്മുകാരനായി നികേഷ് മാറി. പാർട്ടി ചിഹ്നമുണ്ടെങ്കിൽ നികേഷ് അഴിക്കോട് ഉറപ്പായും ജയിക്കുമെന്നാണ് സിപിഐ(എം) വിലയിരുത്തലും. സിപിഎമ്മിന്റെ ഈ തിരിച്ചറിവ് രാഷ്ട്രീയക്കാരനായ നികേഷിലും ഉണ്ടാകുന്നു. ആരാണ് സിപിഎമ്മിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് നികേഷ് നൽകിയ മറുപടി അതിന് തെളിവാണ്.

പരമ്പരാഗത വോട്ടുകൾ കിട്ടണമെങ്കിൽ പാർട്ടി ചിഹ്നം വേണമെന്നതും സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി നിർത്തിയാൽ താഴേത്തട്ടിലുള്ള വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്ന വിലയിരുത്തലുമാണ് പാർട്ടി ചിഹ്നം തന്നെ നികേഷനെ മത്സരിക്കാമെന്ന തീരുമാനത്തിന് പിന്നിൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂരിലെ അഴീക്കോട്. ഇടത് ആഭിമുഖ്യം വച്ചു പുലർത്തുന്ന മണ്ഡലം മുസ്ലിം ലീഗിന്റെ യുവനേതാവ് കെ.എം.ഷാജിയിലൂടെയാണ് 2011ൽ യു.ഡി.എഫ് പിടിച്ചടക്കിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലം തിരിച്ചു പിടിക്കാൻ അവസരം ലഭിച്ചപ്പോൾ നികേഷിനെയാണ്് സിപിഐ(എം) രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലം നിറഞ്ഞ് ഇരുസ്ഥാനാർത്ഥികളും പ്രചരണം നടത്തുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലൂടെ മണ്ഡലത്തിന് പുറത്തേക്കും പരക്കുന്നുണ്ട് അഴീക്കോട്ടെ പ്രചരണത്തിന്റെ ചൂട്.

 

മാദ്ധ്യമരംഗത്തെ പ്രവർത്തനപരിചയം തിരഞ്ഞെടുപ്പ് പ്രചരണത്തിലും സമർഥമായി ഉപയോഗിച്ചാണ് നികേഷിന്റെ കുതിപ്പ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നികേഷ് കുമാർ പി.ജയരാജനെ സന്ദർശിച്ച് പ്രചരണം ആരംഭിച്ച നിമിഷം മുതൽ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജും സജീവമാണ്. സോഷ്യൽമീഡിയ പ്രചരണത്തിന് പ്രത്യേകം ആളുകളെ തന്നെ ഏർപ്പാടാക്കിയാണ് നികേഷിന്റെ പ്രചരണം മുൻപോട്ട് പോകുന്നത്. മിനിട്ടുകളുടെ മാത്രം വ്യത്യാസത്തിൽ പേജ് അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. സ്ഥാനാർത്ഥി ചെല്ലുന്ന ഇടങ്ങളും കാണുന്ന ആളുകളും സോഷ്യൽമീഡിയയിലൂടെ അപ്പോൾ തന്നെ ലോകത്തിന് മുൻപിൽ എത്തുന്നു. ഗുഡ്‌മോണിങ് അഴീക്കോട് എന്ന പേരിൽ എല്ലാ ദിവസവും രാവിലെ പ്രത്യേക വീഡിയോയും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ നടന്നെത്തുന്ന നികേഷ് അവിടെ നടപ്പാക്കുന്ന ഉദ്ദേശിക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ച് ഈ വിഡീയോയിലൂടെ വിവരിക്കുന്നു. നവമാദ്ധ്യമങ്ങളിലെ പ്രചരണ രീതികളിൽ ഏറ്റവും വേറിട്ട ഒന്നാണ് ഇത്. പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് നടക്കുമ്പോൾ എൽ.ഡി.എഫിന്റെ പ്രചരണ കൺവൻഷനുകൾ തത്സമയം സംപ്രേഷണം ചെയ്താണ് നികേഷ് സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്.