കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ പിടിച്ച കേരളാ പൊലീസിന് ഒരു പൊലീസുകാരന്റെ ക്രിമിനലായ പുത്രനെ പിടിക്കാൻ ത്ര സമയം വേണം? കാക്കിയോട് കൂറു കാണിച്ച് പൊലീസുകാർ ഉഴപ്പുതുടർന്നപ്പോൾ വൈകിയ അറസ്റ്റ് ഒടുവിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നു. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ക്രിമിനൽ കേസ് പ്രതിയും മുൻ എസ്‌പിയുടെ മകനുമായ നിഖിൽ ബാലചന്ദ്ര(30)നാണ് പിടിയിലായത്.

ബുധനാഴ്ച രാത്രി പതിനൊന്നരയക്ക് എറണാകുളം ഇടപ്പള്ളി ബസ്റ്റാൻഡിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇടപ്പള്ളിയിൽ നിന്നും ബസിൽ കയറുന്നതിനിടെ ഷാഡോ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ഓട്ടോ ഡ്രൈവർമാരുടേയും മറ്റ് യാത്രക്കാരുടേയും സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. ഒരു മാസമായി തിരുപ്പതി, ജമ്മു കാശ്മീർ, ഡൽഹി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി സഞ്ചരിക്കുകയായിരുന്നു നിഖിലെന്ന് കന്റോൺമെന്റ് എ.സി. സുരേഷ്‌കുമാർ.വി പറഞ്ഞു.

പിടിയിലായ നിഖിലിനെ ഇന്ന് തിരുവനന്തപുരത്തെത്തിച്ച് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും. എ.സി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഷാഡോ പൊലീസ് എഎസ്ഐ സുനിലും സംഘവുമാണ് നിഖിലിനെ പിടികൂടിയത്. സിനിമാ സ്റ്റൈലിൽ പൊലീസിനെ വെട്ടിച്ചു കടന്ന നിഖിലിനെ പിടികൂടാൻ പൊലീസിന് സാധിക്കാതിരുന്നത് ഒത്തുകളിയാണെന്ന ആരോപണങ്ങൾ സജീവമായിരുന്നു. ഒളിവിൽ കഴിയുന്ന വേളയിൽ കൊച്ചിയിൽ എത്തിയതും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതുമൊന്നും പൊലീസ് അറിഞ്ഞിരുന്നില്ല.

തിരുവനന്തപുരത്തെ വീട്ടിൽ നിന്നും പൊലീസിനെ വെട്ടിന്ന് രക്ഷപെട്ട നിഖിൽ നെയ്യാറ്റിൻകരയിലെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വസതിയിൽ രണ്ടുദിവസം തങ്ങിയിരുന്നു. നെയ്യാറ്റിൻകര മണ്ണടിക്കോണത്ത് നേതാവിന്റെ വീടുവളഞ്ഞ് നിഖിലിനെ പിടികൂടാൻ ആലോചിച്ചെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇവിടെ നിന്നും രക്ഷപെട്ട നിഖിൽ വിവിധ കേന്ദ്രങ്ങളിലായി ഒളിച്ചുകഴിയുകായിയരുന്നു നിഖിൽ.

മൂന്നു ക്രിമിനൽ കേസുകളിൽ ജാമ്യമെടുക്കാതെ പൊലീസിന്റെ കൺമുന്നിൽ വിലസിനടക്കുകയായിരുന്ന നിഖിൽ ആറുമണിക്കൂർ പൊലീസിനെ വട്ടംചുറ്റിച്ച ശേഷമാണ് കടന്നുകളഞ്ഞത്. പൊലീസിനെ വെട്ടിച്ച് പേരൂർക്കടയിലെ വീട്ടിൽ കയറിയ നിഖിൽ മാതാവ് ഷൈലജയുടെ കഴുത്തിൽ വാൾവച്ചിരിക്കുകയാണെന്നും അകത്തുകടന്നാൽ അമ്മയെ വധിക്കുമെന്നും ബന്ധുക്കളെകൊണ്ട് പൊലീസിനോട് വിളിച്ചുപറയുക്കുകയായിരുന്നു.

മുൻ എസ്‌പിയായ പിതാവ് ബാലചന്ദ്രൻ, മകനെ പിടികൂടാമെന്ന് പൊലീസിന് ഉറപ്പുനൽകി. ഇത് വിശ്വസിച്ച് വീടിനു പുറത്ത് പൊലീസ് കാത്തുനിന്ന തക്കംകൊണ്ട് നിഖിൽ രക്ഷപെട്ടു. റിസർവ് ബാങ്ക് ഓഫീസറുടെ മകനെ ആയുധങ്ങളുമായി വീട്ടിൽ കയറി ആക്രമിച്ചതും അടിപിടിയുണ്ടാക്കിയതും സ്ത്രീകളെ അസഭ്യം പറഞ്ഞതുമടക്കമുള്ള കേസുകളിൽ പ്രതിയാണ് നിഖിൽ. ഇയാൾക്കെതിരേ കാപ്പ ചുമത്താൻ ജില്ലാ കളക്ടർ നടപടി തുടങ്ങിയിട്ടുണ്ട്.

നിഖിലിനെ അമ്പത് പൊലീസുകാർ പോയിട്ടും ഒരു പ്രതിയെ പിടിക്കാൻ സാധിക്കാത്തത് വകുപ്പിന് മൊത്തത്തിൽ നാണക്കേടായിരുന്നു. ഇതോടെയാണ് പൊലീസ് ഒത്തുകളിച്ചെന്ന ആരോപണം ശക്തമായത്. റിട്ട. എസ്‌പി കെബി ബാലചന്ദ്രൻ തന്നെയാണ് മകന് രക്ഷപെടാൻ വഴിയൊരുക്കിയത്. ഇതിന് കൂട്ടത്തിൽ ചില പൊലീസുകാരും ഒത്താശ ചെയ്‌തെന്നാണ് ആക്ഷേപം.

നിഖിലിനെ പിടിച്ചാൽ അവിടെവച്ചു പിടിച്ചാൽ അക്രമമോ കൊലപാതകമോ വരെ നടന്നേക്കാവുന്ന അവസ്ഥയാണ് ഉണ്ടായിരുന്നതെന്നാണു പ്രതിയെ പിടിക്കാൻ പോയ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചത്. സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ കഥ ഉന്നത ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. പ്രതിയെ പിടിക്കാൻ പോയ സംഘത്തിലെ ഉദ്യോഗസ്ഥരെയാകെ മാറ്റി പുതിയ സംഘത്തെ സിറ്റി പൊലീസ് കമ്മിഷണർ നിയോഗിച്ചു. പുതിയ കമ്മീഷണർ ചാർജ്ജെടുത്തതോടെയാണ് നിഖിലിനെതിരെ കർശന നടപടി ഉണ്ടായത്. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതിന് ശേഷം അന്വേഷണം ഊർജ്ജിതമാക്കിയപ്പോഴാണ് നിഖിലിന് മേൽ പിടി വീണത്.