ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നികിത തോമർ വധക്കേസിൽ പ്രതികളായ തൗസീഫ്, രെഹാൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി. 2020 ഒക്ടോബർ 26-ന് നികിത തോമർ എന്ന കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചത്. പ്രതികൾക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

കേസിലെ മൂന്നാംപ്രതിയായിരുന്ന അസറുദ്ദീൻ എന്നയാളെ കോടതി വെറുതെവിട്ടു. പ്രതികൾക്ക് നാടൻ തോക്ക് കൈമാറിയതിനാണ് ഇയാളെ പ്രതിചേർത്തിരുന്നത്. 2020 ഡിസംബർ ഒന്നിന് വിചാരണ ആരംഭിച്ച കേസിൽ മൂന്നുമാസത്തിനുള്ളിലാണ് കോടതി വിധി പറയുന്നത്.



ബിരുദ വിദ്യാർത്ഥിനിയായ 21കാരി നികിതയെ കോളേജിന് മുന്നിലിട്ടാണ് പട്ടാപ്പകൽ വെടിവെച്ച് കൊന്നത്. പരീക്ഷ കഴിഞ്ഞ് കൂട്ടൂകാരിക്കൊപ്പം പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ ആദ്യം തൗസീഫും സുഹൃത്തും ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് കൊലപ്പെടുത്തിയത്.

തൗസീഫ് പെൺകുട്ടിക്ക് നേരേ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെയും വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സംഭവത്തിൽ പ്രതികളായ തൗസീഫിനെയും സുഹൃത്തിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. താനുമായി അടുപ്പത്തിലായിരുന്ന നികിത ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു തൗസീഫിന്റെ മൊഴി. 2018-ൽ നികിതയുടെ കുടുംബം തനിക്കെതിരേ പൊലീസിൽ പരാതി നൽകിയത് തന്റെ പഠനത്തിന് തടസമായെന്നും പ്രതി പറഞ്ഞിരുന്നു.



മതം മാറണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും തൗസീഫ് നികിതയോട് ആവശ്യപ്പെട്ടിരുന്നു. നികിത ഇതിന് വിസമ്മതിച്ചു. തൗസീഫുമായുള്ള സൗഹൃദവും അവസാനിപ്പിച്ചു. ഇതോടെയാണ് നികിതയെ ഒരു പാഠം പഠിപ്പിക്കണമെന്ന് തൗസീഫ് തീരുമാനിച്ചത്. തുടർന്നാണ് സുഹൃത്തിനൊപ്പം ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാത്രമല്ല, സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ ഹരിയാണയിലെ മേവാത്തിൽനിന്നാണ് പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്. ചൗധരി അഫ്താബ് അഹമ്മദ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് മേവാത്. നേരത്തെ തൗസീഫിനെതിരേ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നെങ്കിലും പ്രതിയുടെ കുടുംബത്തിന്റെ സ്വാധീനം കാരണം കേസ് ഒത്തുതീർപ്പാക്കുകയാണ് ചെയ്തത്. ഇതിനുശേഷവും തൗസീഫ് നികിതയെ ശല്യംചെയ്യുന്നത് തുടരുകയായിരുന്നു.

സംഭവത്തിന് പിന്നിൽ ലൗജിഹാദാണെന്ന് നികിതയുടെ കുടുംബം ആരോപിച്ചതോടെ വിഷയം വലിയ ചർച്ചയായി. തൗസീഫ് പെൺകുട്ടിയെ മതംമാറ്റി വിവാഹം കഴിക്കാനാണ് ശ്രമിച്ചതെന്നും ഇത് എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്നുമായിരുന്നു ഇവരുടെ ആരോപണം.

Blood-curdling daylight murder of college student identified as Nikita Tomar in Delhi suburb Faridabad (Haryana) caught on CCTV as she emerges from college after writing exam. Assailant identified as Taufeeq arrested, driver of car still absconding. https://t.co/8Yq4CWHsoi pic.twitter.com/HvBVrRgpGy

- Shiv Aroor (@ShivAroor) October 27, 2020