വാഷിങ്ടൻ:  ഐക്യരാഷ്ട്ര സംഘടനയിലെ അമേരിക്കയുടെ മുഖമായ നിക്കി ഹാലി പടിയിറങ്ങുന്നു. ഇന്ത്യൻ വംശജയായ നിക്കി ഹാലിയുടെ രാജി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വലിയ പ്രഖ്യാപനം ഓവൽ ഓഫീസിൽ നിന്നുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ രാജി. ട്രംപിനോടുള്ള അതൃപ്തിയാണ് നിക്കി ഹാലിയുടെ രാജിയിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞയാഴ്ച യുഎസ് സന്ദർശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചർച്ച നടത്തിയിരുന്നു. യുഎസിൽ ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജയാണു നിക്കി ഹാലെ. സൗത്ത് കരോളീന ഗവർണറായിരുന്ന നിക്കി ഹാലെ ട്രംപ് പ്രസിഡന്റായതിന് ശേഷം 2017-ലാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യുഎന്നിലെത്തുന്നത്. രാജിക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ട്രംപ് രാജി സ്വീകരിച്ചിട്ടുണ്ട്. സ്തുത്യർഹമായ സേവനത്തിനു ശേഷമാണ് രാജിയെന്നും മറ്റൊരു പദവിയിൽ വൈറ്റ്ഹൗസിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിക്കി ഹാലി ഒഴിയുന്ന അമേരിക്കയുടെ യുഎൻ അമ്പാസിഡർ പദവിയിലേക്ക് ട്രംപിന്റെ മകളെ പരിഗണിക്കുമെന്ന അഭ്യൂഹം സജീവമായിട്ടുണ്ട്. മകൾ മിടുമിടുക്കിയാണെന്ന് ട്രംപ് തന്നെ വ്യക്തമാക്കി. എന്നാൽ ബന്ധു നിയമന വിവാദം അധികാരത്തെ ബാധിക്കുമോ എന്ന പേടിയുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഹാലിക്ക് പകരക്കാരിയാവുന്നത് വളരെ കഴിവുള്ള ഒരാളാവണമെന്നും അത് താനാവില്ലെന്നുമാണ് ഇവാങ്ക പറയുന്നത്.

46-കാരിയായ ഹാലെ ഉത്തരകൊറിയയുടെ ആണവ പദ്ധതികൾ തകർക്കുന്നതിനും സിറിയൻ പ്രശ്നങ്ങളിലുമടക്കം യുഎന്നിൽ അമേരിക്കയ്ക്ക് വേണ്ടി നിർണായക നീക്കങ്ങൾ നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ തന്നെ നിക്കി ഹാലെ വൈറ്റ്ഹൗസിലെത്തി അമേരിക്കൻ പ്രസിഡന്റുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് വന്നത്. ട്രംപിന്റെ വിദേശ നയങ്ങളെ നിക്കി ഹാലെ വിമർശിച്ചതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. പഞ്ചാബിൽനിന്നു യുഎസിലേക്കു കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ്. ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.

അന്താരാഷ്ട്രീയ രംഗത്ത് താരതമ്യേന പുതുമുഖമായിരുന്നു നിക്കി. സാധാരണ രീതിയിൽ അത്തരമൊരാളെ യു.എൻ അംബാസഡറായി നിയമിക്കാൻ സാധ്യതയില്ല. രാജിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കവെ, 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും നിക്കി വ്യക്തമാക്കി. ട്വിറ്ററിൽനിന്ന് അവരുടെ സ്ഥാനത്തെ കുറിച്ചുള്ള വിവരങ്ങൾ നീക്കം ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിലിൽ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോൾ നിക്കി ഹാലിയുടെ പക്വതയില്ലാത്ത തീരുമാനമാണതെന്ന് ട്രംപിന്റെ അനുയായി കുറ്റപ്പെടുത്തിയിരുന്നു. അതിൽ നിക്കി നീരസം പ്രകടിപ്പിക്കുകയും ചെയ്തു. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകയായിരുന്ന അവർ പിന്നീട് വക്താവായി മാറുന്നതാണ് കണ്ടത്.