മലപ്പുറം:കോവിഡ് കാരണം അടച്ചിട്ടിരുന്ന മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നിലമ്പൂരിലെ തേക്ക് മ്യൂസിയം സഞ്ചാരികൾക്കായി തുറന്ന് പ്രവർത്തനമാരംഭിച്ചു. ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയും ആദിവാസി മുത്തശ്ശിയുടെ വലിയ ശിൽപവുമാണ് തേക്ക് മ്യൂസിയത്തിൽ പുതിയതായി ഒരുക്കിയിട്ടുള്ളത്.

കോവിഡ് കാരണം അടച്ചിട്ടിരുന്ന തേക്ക് മ്യൂസിയത്തിലേക്ക് ഇന്ന് 10 മണിമുതൽ നിയന്ത്രണങ്ങളോടെ സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങിയതായി മ്യൂസിയം മേധാവി മല്ലികാർജുനസ്വാമി അറിയിച്ചു. വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവേശനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 10 വയസ്സിനുതാഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കുന്നില്ല. കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 15-നാണ് മ്യൂസിയവും ജൈവവൈവിധ്യ ഉദ്യാനവും അടച്ചിട്ടത്.

കേരള വനം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രമാണ് നിലമ്പൂരിലെ തേക്ക് മ്യൂസിയം. മ്യൂസിയം കെട്ടിടത്തിന്റെ പിറകിലാണ് വിശാലമായ ജൈവവൈവിധ്യ ഉദ്യാനം. ബെംഗളൂരുവിലെ ലാൽബാഗ് പാർക്കിൽ നിന്നാണ് ആനത്താമരയുടെ ചെടി കൊണ്ടുവന്നത്. പച്ചനിറത്തിൽ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളിൽ നാല്-അഞ്ച് കിലോയുള്ള കുട്ടികളെ ഇരുത്താനാകും. ഇലയുടെ അടിഭാഗം മുഴുവൻ മുള്ളുകളാണ്. സാധാരണ താമരപ്പൂക്കൾ കൂടുതൽദിവസം നിലനിൽക്കുമെങ്കിൽ ആനത്താമരയുടെ പൂക്കൾ ഒരുദിവസം മാത്രമാണ് വിരിഞ്ഞാൽ നിൽക്കുക. രാവിലെ വിരിയുമ്പോൾ വെള്ളനിറത്തിലുള്ള പൂക്കളുടെ ഇതളുകൾ വൈകുന്നേരത്തോെട പിങ്ക് നിറത്തിലേക്കു മാറും.

തിരുവനന്തപുരത്തെ ജവാഹർലാൽ നെഹ്രു ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ബെംഗളൂരുവിലും മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമരയുള്ളതെന്ന് അധികൃതർ പറഞ്ഞു.ചിതറിക്കിടക്കുന്ന മുടിയും വലിയ കമ്മലുമെല്ലാമായി ആദിവാസി മുത്തശ്ശിയുടെ ശില്പവും നിർമ്മിച്ചിട്ടുണ്ട്. നേരത്തേ തയ്യാറാക്കിയ ചെസ് കളിക്കുന്ന തവളകളുടെ ശില്പങ്ങളും ഉദ്യാനത്തിന് ഭംഗിപകരുന്നു. ചിത്രശലഭങ്ങൾക്കായി പ്രത്യേക ഇടവുമുണ്ട്.