മലപ്പുറം: നിലമ്പൂരിൽ കെപിസിസി സെക്രട്ടറി വിവി പ്രകാശിന് സീറ്റ് നിഷേധിച്ചതിൽ അണികളുടെ പ്രതിഷേധം കെട്ടടങ്ങുന്നില്ല. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന നിയോജക മണ്ഡലം കൺവെൺഷനിൽ നിന്നും വിവി പ്രകാശും അണികളും വിട്ടുനിന്നു. ഇതോടെ കോൺഗ്രസിനുള്ളിലെ സീറ്റു തർക്കം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ആര്യാടൻ മുഹമ്മദ് ഒഴികെയുള്ള ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളും വിവി പ്രകാശിന്റെ സ്ഥാനാർത്ഥിത്വത്തിനായി ശക്തമായ സമ്മർദം ചെലുത്തുകയുണ്ടായി.

മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകുരം പ്രകാശ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചായിരുന്നു ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം പിടിച്ചത്. ഇതോടെ നിലമ്പൂർ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള വിവി പ്രകാശിന് സീറ്റുനൽകാത്തതിൽ കോൺഗ്രസ് അണികളിൽ അമർഷം ശക്തമായിരിക്കുകയാണ്. പ്രകാശനെയും അനുയായികളെയും അനുനയിപ്പിക്കാൻ ഇന്നലെ മലപ്പുറത്തെത്തിയ ഉമ്മൺ ചാണ്ടിയും ലീഗ് നേതാക്കളും ശ്രമം നടത്തിയിരുന്നു. മണ്ഡലത്തിലെ വലിയ വിഭാഗം കോണൺഗ്രസ് പ്രവർത്തകരെ അനുനയിപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല.

ആര്യാടൻ ഷൗക്കത്തിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരപാടികളിൽ നിന്നും വിട്ടുനൽക്കുകയാണ് എടക്കരയിലെ പ്രാകശ് അനുകൂലികൾ. വിവി പ്രകാശിന് സീറ്റ് നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിലായി മണ്ഡലത്തിൽ ചേർന്ന യോഗത്തിലാണ് പ്രകാശന്റെ അടുപ്പക്കാർ ഈ ചോദ്യം ഉന്നയിച്ചത്. എന്നാൽ ആര്യാടൻ അനുകൂലികൾ ഇതിനു വ്യക്തമായ മറുപടി പറയാനോ വിശദീകരണം നൽകാനോ തയ്യാറായില്ല. പിന്നീട് നടന്ന യോഗത്തിലും ആര്യാടൻ മമുഹമ്മദ് നേതൃത്വം വിശദീകരണം നൽകാതെ ഒഴിഞ്ഞു മാറിയതാണ് പ്രകാശനെയും അനുയായികളെയും ചൊടിപ്പിച്ചിരിക്കുന്നത്. വിവി പ്രകാശനെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് സീറ്റ് നിഷേധിച്ചതെന്നാണ് പ്രകാശൻ പക്ഷക്കാരുടെ ആരോപണം. പരസ്പര ആരോപണ പ്രത്യാരോപണങ്ങൾ ഇരുവിഭാഗവും പ്രചരിപ്പിക്കുന്നതോടെ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം വീണ്ടും ചർച്ചയായിരിക്കുകയാണ്.

പ്രകാശൻ മൂന്ന് കോടി രൂപ വാങ്ങി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയതാണെന്ന പ്രചാരണം ആര്യാടൻ ക്യാമ്പ് ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ പ്രചാരണം നടത്തിയവർ മാപ്പു പറയണമെന്നും അല്ലാത്തപക്ഷം തെരഞ്ഞെടുപ്പിൽ സഹകരിക്കില്ലെന്നുമാണ് മറുവിഭാഗത്തിന്റെ നിലപാട്. ഇതിനു പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് കൺവെൺഷനിൽ പ്രകാശന് ഏറെ സ്വാധീനമുള്ള എടക്കര ഭാഗത്ത് നിന്നും കോൺഗ്രസ് പ്രവർത്തകരുടെ വൻ കുറവ് ഉണ്ടായത്. നിലമ്പൂരിൽ പ്രകാശൻ പിടികൊടുക്കുന്നില്ലെന്നു മാത്രമല്ല തവനൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇഫ്തികാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവവുമാണ്.

നേരത്തെ ഡിസിസിയും മണ്ഡലം കമ്മിറ്റിയുമെല്ലാം വിവി പ്രകാശിനായിരുന്നു സ്ഥാനാർത്ഥിയാവാൻ മുഖ്യപരിഗണന നൽകിയിരുന്നത്. സ്ഥാനാർത്ഥി ലിസ്റ്റിൽ ഷൗക്കത്തിന്റെ പേര് ഉണ്ടായിരുന്നെങ്കിലും കെപിസിസി സെക്രട്ടറി എന്ന നിലയിലും മുമ്പ് മത്സരിച്ച ആളെന്ന നിലയിലും പ്രകാശിനായിരുന്നു തൊണ്ണൂറു ശതമാനവും സാധ്യതയുണ്ടായിരുന്നത്. ഉമ്മൺചാണ്ടിയുടെ വിശ്വസ്തൻ എന്നതിലുപരി വി എം സുധീരനും പ്രകാശന്റെ പേര് അംഗീകരിച്ചിരുന്നു. ഇതോടെ മകന് സീറ്റ് നഷ്ടമാകുമെന്നായപ്പോൾ ആര്യാടൻ മുഹമ്മദ് നേരിട്ട് കളത്തിലിറങ്ങി കളിക്കാൻ തുടങ്ങി. എന്നാൽ ആര്യാടന്റെ വാക്ക് ചെവികൊള്ളാൻ സൂധീരനും ഉമ്മൺ ചാണ്ടിയും തയ്യാറായിരുന്നില്ല. ഇതോടെ എ.കെ ആന്റണിയുടെ വീട്ടിൽ പോയി നേരിൽ കണ്ട ആര്യാടൻ മുഹമ്മദ് മകന് സീറ്റ് ഉറപ്പാക്കി മടങ്ങുകയായിരുന്നു.

സുധീരൻ, ഉമ്മൺചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നിർദേശ പ്രകാരം സ്‌ക്രീനിംങ് കമ്മിറ്റിയിൽ സോണിയാഗാന്ധി പ്രകാശന്റെ പേര് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ ഷൗക്കത്ത് മത്സരിക്കട്ടെ എന്ന് ആന്റണി പറഞ്ഞതോടെ സോണിയാ ഗാന്ധിക്കും എതിർപ്പുണ്ടായിരുന്നില്ല. ഇതോടെ പ്രകാശന്റെ പേരു ലിസ്റ്റിൽ നിന്നും വെട്ടി. കടുത്ത സമ്മർദങ്ങളും രാജി ഉൾപ്പടെയുള്ള ഭീഷണികളും ആര്യാടൻ മുഹമ്മദ് മകന്റെ സീറ്റിനായി ആന്റണിക്കു മുന്നിൽ സമ്മർദം ചെലുത്തി എന്നാണ് അറിയുന്നത്. ലീഗ് നേതാക്കളും ഷൗക്കത്തിനായി ആന്റണിയുമായി സംസാരിച്ചിരുന്നുവത്രെ.

വിവി പ്രകാശന് സീറ്റ് നിഷേധിച്ചതറിഞ്ഞ് ഏറെ സന്തോഷിച്ചത് മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകരായിരുന്നു. സിപിഐഎം സംസ്ഥാന നേതാക്കൽ ഇടപെട്ട് പ്രകാശനെ നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥി ആക്കാൻ വരെ ചർച്ചകൾ നടത്തി. എന്നാൽ പ്രകാശൻ ഓഫറുകൾക്കു വഴങ്ങാതെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി നിന്നു. പക്ഷെ, അസംതൃപ്തരായ അണികളുടെ വികാരം ശമിപ്പിക്കാൻ നേതാക്കൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം നിലനിൽക്കുന്നത് ഷൗക്കത്തിന്റെ വിജയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് നിലമ്പൂരിലെ ഇടതു പക്ഷ സ്ഥാനാർത്ഥി പിവി അൻവർ.

ഇടതു പക്ഷം മലപ്പുറം ജില്ലയിൽ വിജയ സാധ്യത കൽപ്പിക്കുന്ന ആറു മണ്ഡലങ്ങളിൽ ഒന്ന് നിലമ്പൂർ ആണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സർവ്വ സ്വതന്ത്രനായി മത്സരിച്ചിരുന്ന പിവി അൻവർ അന്ന് സിപിഎമ്മിനെ പിൻതള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അടുത്ത മണ്ഡലമായ നിലമ്പൂരിൽ ഇത്തവണ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പ്രമുഖ വ്യവസായി കൂടിയായ പിവി അൻവറിന് കോൺഗ്രസിനുള്ളിലെ കലാപം പ്രതീക്ഷ കൂട്ടുന്നതായാണ് കണക്കുകൂട്ടൽ.