മലപ്പുറം: പ്രളയസമയത്ത് രാഹുൽ ഗാന്ധി എംപി.നിലമ്പൂരിൽ വിതരണം ചെയ്യാൻ നൽകിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിലമ്പൂർ കോൺഗ്രസ് മുൻസിപ്പൽ പ്രസിഡന്റ് പാലൊളി മെഹ്ബൂബ് രാജിവെച്ചു. നിലമ്പൂർ മുനിസിപ്പിൽ കോൺഗ്രസ് കമ്മറ്റിയെ ഏൽപിച്ച കിറ്റുകളാണ് ഇത്തരത്തിൽ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ കാണപ്പെട്ടത്.

സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. വൈസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജിനാണ് പകരം ചുമതല. സംഭവം വിവാദമായതോടെ കെപിസിസി. നിയോഗിക്കുന്ന മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.വി.പ്രകാശ് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഡി.സി.സി. നേതൃത്വം കെപിസിസി.ക്കും എ.ഐ.സി.സി.ക്കും കത്തും നൽകിരുന്നു.

അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ തന്നെ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലൊളി മഹ്ബൂബ് രാജിവെച്ചത്. നഗരസഭയിലെ തെക്കുംമ്പാടം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥികൂടിയാണ് പാലൊളി മെഹ്ബൂബ്. നിലമ്പൂർ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ചൊറ്റാഴ്ച കടമുറി വാടകയ്ക്ക് എടുക്കാൻ വന്ന വ്യക്തികളാണ് ഭക്ഷ്യവസ്തുക്കൾ കണ്ടെത് . ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങൾ, വീട്ടു ഉപകരണങ്ങൾ എന്നിവയാണ് കടമുറിയിലുള്ളത്. രാഹുൽഗാന്ധി എംപിയുടെ കിറ്റുകൾക്ക് പുറമേ മറ്റുജില്ലകളിൽ നിന്ന് വിതരണത്തിനെത്തിച്ച അവശ്യവസ്തുക്കളും കടമുറിയിൽ കെട്ടികിടപ്പുണ്ട്.

സംഭവം ശ്രദ്ധയിൽപെട്ടയുടൻ കോൺഗ്രസ് പ്രവർത്തകർ കടമുറി പൂട്ടിയെങ്കിലും രാത്രിയോടെ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും കെ എൻ ജി റോഡ് ഉപരോധിക്കുകയുമായിരുന്നു. കിറ്റുകൾ കോൺഗ്രസ് പൂഴ്‌ത്തിവെച്ചതാണെന്നാണ് സി പി എം ആരോപണം . വയനാട് എംപി എന്ന് മുദ്ര ചെയ്ത കിറ്റുകളും കേരള തമിഴ്‌നാട് ഫ്‌ളഡ് റിലീഫ് എന്ന് എഴുതിയ കിറ്റുകളും ഇക്കൂട്ടത്തിലുണ്ട്.പ്രളയ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണസാധനങ്ങളിൽ നിന്ന് കുറച്ച് മാത്രം വിതരണം ചെയ്തത്. ബാക്കിയുള്ളവ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ സ്റ്റോക്ക് ചെയ്യുകയായിരുന്നുവെന്നും ഇതിവെച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനാണ് ശ്രമമെന്നും നിലമ്പൂർ എംഎൽഎ പിവി അൻവർ ആരോപിച്ചിരുന്നു.

രാഹുൽ ഗാന്ധി എംപി.യുടെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എൽഡിഎഫും. രംഗത്തുവന്നിരുന്നു. പ്രളയകാലത്ത് ദുരിതത്തിലായ കുടുംബങ്ങളുടെ വിശപ്പ് അകറ്റാൻ നൽകിയ ഭക്ഷ്യ കിറ്റുകളും അവർക്ക് ഉപയോഗിക്കാൻ നൽകിയ വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവം ഏറെ പ്രതിഷേധാർഹവും മനുഷത്വരഹിതവുമാണെന്ന് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ ആരോപിച്ചു.

എം പി യുടെ ഭക്ഷ്യ കിറ്റുകൾ യഥാസമയം വിതരണം ചെയ്തിരുന്നതായും മഴ നനഞ്ഞ് ഉപയോഗ ശൂന്യമായതാണ് വിതരണം ചെയ്യാതെ മാറ്റിവെച്ചതെന്നും ഇത് വിവാദമാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നുമാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ്, മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് പാലൊളി മഹ്ബൂബ് എന്നിവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും വീഴ്‌ച്ചകണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാക്കുമെന്നും വി വി പ്രകാശ് വ്യക്തമാക്കുകയും ചെയ്തിരുന്നു.