നിലമ്പൂർ: കാട്ടിനുള്ളിലെ ചോലനായ്ക്ക കോളനിയായ മാഞ്ചീരി മണ്ണലയിൽ പ്രസവത്തെ തുടർന്ന് അമ്മ മരിച്ചതിന് പിന്നാലെ മൂന്നാംദിവസം കുഞ്ഞും മരിച്ചു. കഴിഞ്ഞ 24നാണ്
മാതാവ് നിഷ എന്ന ചക്കി (38) ഊരിൽവെച്ചു നടന്ന പ്രസവത്തെ തുടർന്ന് മരിച്ചത്. തുടർന്ന് ആരോഗ്യപ്രവർത്തകർ 26ന് ഊരിലെത്തുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അന്നേ ദിവസം രാത്രിയോടെ തന്നെയാണ് കുഞ്ഞും മരിച്ചത്.

ഗർഭിണിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും വിവരം അറിയാതെപോയ ആരോഗ്യപ്രവർത്തകർക്കെതിരെ ഊരിൽനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. കരുളായി പ്രാഥമികാരോഗ്യപ്രവർത്തകർ ഈമേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. മാതാവ് മരണപ്പെട്ട വിവരം അറിഞ്ഞ് 26ന് ഡോ. അശ്വതിയും, ശിശുരോഗവിദഗ്ധൻ ഡോ. നിയാസും ഊരിലെത്തി കുഞ്ഞിനെ പരിശോധിച്ചിരുന്നു. അതേ സമയം കുഞ്ഞിന്റെ മൂക്കിലൂടെ രക്തവും, പതയും വന്നു മരിച്ചിട്ടും പോസ്റ്റ്മോർട്ടം ചെയ്യാതെ ഊരിൽതന്നെ അടക്കംചെയ്യുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച മാഞ്ചീരിയിൽ ക്യാമ്പ് നടത്താൻ പോയ മൊബൈൽ ട്രൈബൽ മെഡിക്കൽ ഓഫീസർ ഇവരുടെ ബന്ധുക്കളെ കണ്ടിരുന്നു. കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവരുടെ സംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തു. കുട്ടികളുടെ ഡോക്ടർ കുട്ടിയെ പരിശോധിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നില്ല. കുട്ടിക്കായി ഇവർ കൊണ്ടുപോയ പാൽപ്പെടിയും അനുബന്ധ സാധനങ്ങളും നൽകി സംഘം മടങ്ങി. സംഭവത്തെ കുറിച്ച് പട്ടിക വിഭാഗ വകുപ്പും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.