- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവം; നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡൻറ് പാലോളി മെഹബൂബ് രാജിവച്ചു
വയനാട്: നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡൻറ് പാലോളി മെഹബൂബ് രാജിവച്ചു. നിലമ്പൂരിലെ പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി എംപി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവം വിവാദമായതോടെയാണ് നടപടി. ഭക്ഷ്യ കിറ്റ് നശിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റടുത്താണ് പാലോളി മെഹബൂബിന്റെ രാജി.
മലപ്പുറം നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ് കാല പഴക്കത്തിൽ പുഴുവരിച്ച് നശിച്ചത്. ആദിവാസി, ഗോത്രമേഖലയിൽ നിന്നുള്ള വളരെ പാവപ്പെട്ടവരടക്കം പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂർണമായും നശിച്ചത്. ദുർഗന്ധത്തെ തുടർന്ന് കെട്ടിടം ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഭക്ഷ്യക്കിറ്റുകൾ നശിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ വർഷമുണ്ടായ പ്രളയസമയത്ത് വയനാട് ലോകസഭാ എംപി രാഹുൽ ഗാന്ധി നിലമ്പൂരിൽ വിതരണം ചെയ്യാൻ നൽകിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കെപിസിസി സമിതി അന്വേഷിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. വിതരണം ചെയ്യാതെ കൂട്ടിയിട്ടത് നിലമ്പൂർ മുനിസിപ്പിൽ കോൺഗ്രസ് കമ്മറ്റിയെ ഏൽപിച്ച കിറ്റുകളാണെന്നും സംഭവം ഗൗരവമായി കാണുന്നതായും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. അതേസമയം സാധനങ്ങൾ ഇവിടെ സൂക്ഷിച്ച കാര്യം മറന്നുപോയെന്ന വിചിത്രവാദമാണ് നിലമ്പൂരിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടേത്. അതേസമയം എത്തിച്ചപ്പോൾ തന്നെ കേടായവയായിരുന്നതിനാൽ മാറ്റിവെച്ചതാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
ദുരിതാശ്വാസ ഭക്ഷ്യവസ്തുക്കൾ നിലമ്പൂരിൽ കടമുറിക്കുള്ളിൽ കൂട്ടിയിട്ടതായാണ് കണ്ടെത്തിയത്. ഭക്ഷ്യ കിറ്റുകളും തുണികളും ഉൾപ്പടെയുള്ളവയാണ് വിതരണം ചെയ്യാതെ പൂഴ്‌ത്തിവെച്ചത്. വയനാട് എംപി എന്ന് മുദ്ര ചെയ്ത കിറ്റുകളും കേരള തമിഴ്‌നാട് ഫ്ളഡ് റിലീഫ് എന്ന് എഴുതിയ കിറ്റുകളും ഇക്കൂട്ടത്തിലുണ്ട്. പ്രളയ സമയത്ത് വിതരണം ചെയ്യാനെത്തിയ ഭക്ഷണസാധനങ്ങളിൽ നിന്ന് കുറച്ച് മാത്രം വിതരണം ചെയ്ത് ബാക്കിയുള്ളവ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ സ്റ്റോക്ക് ചെയ്യുകയായിരുന്നുവെന്നും ഇതിവെച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനാണ് ശ്രമമെന്നും നിലമ്പൂർ എംഎൽഎ പിവി അൻവർ പറഞ്ഞു.
നിലമ്പൂരിന്റെ പലഭാഗത്തും ഇത്തരത്തിൽ ഭക്ഷണസാധനങ്ങൾ കെട്ടിക്കിടക്കുന്നതായും എംഎൽഎ വിമർശനം ഉന്നയിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ കോൺഗ്രസ് നേതാക്കൾ ഭക്ഷ്യസാധനങ്ങൾ മാറ്റിയതായും വിമർശനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് അന്വേഷണം നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി എംപി.യുടെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എൽഡിഎഫും രംഗത്തുവന്നു. പ്രളയകാലത്ത് ദുരിതത്തിലായ കുടുംബങ്ങളുടെ വിശപ്പ് അകറ്റാൻ നൽകിയ ഭക്ഷ്യ കിറ്റുകളും അവർക്ക് ഉപയോഗിക്കാൻ നൽകിയ വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവം ഏറെ പ്രതിഷേധാർഹവും മനുഷത്വരഹിതവുമാണെന്ന് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ പറഞ്ഞു. നഗരസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യാൻ മാറ്റിവെച്ചതാണിത്. നിലമ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കിറ്റുകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയകാലത്ത് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി എംപി നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയെ ഏൽപിച്ച ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ പൂഴ്‌ത്തിവെച്ചത് ബോധപൂർവ്വമാണെന്ന് സിപിഐ. ജില്ലാ കമ്മറ്റി അംഗം പി.എം.ബഷീർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പാവങ്ങൾക്ക് അനുവദിച്ച ഈ ഭക്ഷ്യ കിറ്റുകൾ വോട്ട് പിടിക്കാൻ വേണ്ടി മാറ്റി വെച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭക്ഷ്യ കിറ്റുകൾ പുഴുവരിച്ച് നശിച്ച സംഭവത്തിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ സേവ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭക്ഷ്യ കിറ്റുകളുടെ ചുമതലയുള്ള നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് എന്നിവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് കോൺഗ്രസ് ഓഫീസിലേക്ക് എത്തിയപ്പോൾ ഇവരുടെ പ്രതിഷേധം അറിയിച്ചത്. രാഹുൽ ഗാന്ധി എംപി.ക്കും കെപിസിസി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കും ഇതു സംബന്ധിച്ച് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി പരുന്തൻ നൗഷാദ്, ഉലുവാൻ ബാബു, സക്കീർ, രജീന്ദ്രബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.
മറുനാടന് ഡെസ്ക്