നിലമ്പൂർ: നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയത് മാനഹാനി ഭയന്നായിരുന്നുവെന്ന് പ്രതിയായ അമ്മയുടെ വെളിപ്പെടുത്തൽ. മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിന് ചാലിയാർ പഞ്ചായത്തിലെ വാളംതോട് നായാടും പൊയിൽ മുതുവാൻ കോളനിയിലെ പൊട്ടൻപാറ ശാരദ(35)അമ്മ ശാരദയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുഞ്ഞ് മരിച്ചുവെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിനോട് ഇവർ ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പിന്നീട് സമ്മതിക്കുകയായിരുന്നു.

ഒന്നര വർഷം മുമ്പ് ഭർത്താവ് വാസു ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കുഞ്ഞ് ജനിച്ചത് മാനഹാനിക്കിടയാക്കുമെന്ന് ഭയന്ന് കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നുവെന്ന് പൊലീസിനോട് ഇവർ സമ്മതിച്ചു. ഇന്നു പുറത്തുവന്ന കുഞ്ഞിന്റെ പോസ്‌റ്റേമോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചും തലക്കടിച്ചുമാണ് കൊല നടന്നതെന്ന് വ്യക്തമാകുന്നതായി നിലമ്പൂർ സി.ഐ ടി സജീവൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

മെയ് 30നായിരുന്നു പ്രസവവേദനെ തുടർന്ന് ശാരദ മുക്കത്തെ സർക്കാർ ആശുപത്രിയിൽ എത്തി പെൺകുഞ്ഞിനെ പ്രസവിച്ചത്. ഭാരം കുറവായതിനാൽ കുഞ്ഞിനെയും അമ്മയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു. തുടർന്ന് ഡിസ്ചാർജായ ഇവർ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് താമസ സ്ഥലമായ കോളനിയിലെത്തിയത്. എന്നാൽ കുഞ്ഞിനെ കാണാതായ വിവരം തിങ്കളാഴ്ച രാവിലെ തന്നെ കോളനിയിൽ പരന്നു. അയൽവാസികളെല്ലാം കുട്ടിയെ തിരക്കിയെങ്കിലും കഞ്ഞ് മരിച്ചെന്നായിരുന്നു മറുപടി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂർ പൊലീസ് സ്ഥലത്തെത്തി.

കുഞ്ഞ് മരിച്ചെന്നായിരുന്നു ശാരദ പൊലീസിനോടും പറഞ്ഞത്. ചിലകാര്യങ്ങൾ തിരക്കിയപ്പോൽ പരസ്പര വിരുദ്ധമായ മറുപടി നൽകിയതോടെ സംശയമായി. ഇതോടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുറ്റ സമ്മതം നടത്തിയതും കുഞ്ഞിനെ കുഴിച്ചിട്ട വിവരം പറയുന്നതും.

കഴിഞ്ഞ ഏതാനും മാസമായി ബന്ധുവായ യുവാവുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും ഇതിലൂടെ ജനിച്ച കുഞ്ഞാണിതെന്നുമാണ് പൊലീസിൽ പറഞ്ഞിട്ടുള്ളത്. കുഞ്ഞ് വളർന്നാലുണ്ടാകുന്ന മാനഹാനിയാണത്രെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്. ശ്വാസം മുട്ടിച്ച് മരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം കുഴിച്ചു മൂടുകയായിരുന്നു. ഐ.ടി.ഡി.പി സഹായത്തോടെ പുതിയ വീട് നിർമ്മിക്കുന്നതിന് സമീപത്ത് പ്ലാസ്റ്റിക്ക് ഷെഡിനോട് ചേർന്നാണ് ഞായറാഴ്ച രാത്രി ശാരദ കുഞ്ഞിനെ കുഴിച്ചിട്ടത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ടിപി ബാലന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ തഹസിൽദാർ പഞ്ചായത്ത് പ്രസിഡന്റ് സി.ഐ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മൃദദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി.

ഇതിനിടെ ശാരദയുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ട ബന്ധുവായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറെ നേരത്തെ ചോദ്യം ചെയ്യലിൽ സംഭവം സ്ഥിരീകരിച്ച ശേഷം ഇയാളെ വിട്ടയച്ചു. ശാരദക്ക് 16 വയസ്സുള്ള ഒരാൺകുട്ടിയും ആറ് വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. ഒന്നര വർഷം മുമ്പ് ഭർത്താവ് വാസു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനു ശേഷം മാതാവ് ചിരതക്കൊപ്പം കോളനിയിലെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഇവിടെ ഈ യുവാവ് പതിവായി വരാറുണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതി ശാരദയെ ഇന്ന് നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജൂഡീഷൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജാക്കുമെന്ന് നിലമ്പൂർ സി.ഐ അറിയിച്ചു.